മോദിയുടെ ദീപാവലി ആഘോഷം സൈനികര്‍ക്കൊപ്പം

Wednesday 11 November 2015 3:21 pm IST

അമൃതസര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപാവലിയാഘോഷം ഇക്കുറി സൈനികര്‍ക്കൊപ്പം. പഞ്ചാബിലെ അമൃതസറിലുള്ള ദോഗ്ര റെജിമെന്റിലെ സൈനികരുമായി സൗഹൃദവും മധുരവും പങ്കിട്ട പ്രധാനമന്ത്രി അവിടെ യുദ്ധസ്മാരകവും സന്ദര്‍ശിച്ചു. വീരന്മാരായ സൈനികരുടെ നാടെന്ന നിലയ്ക്ക് ലോകം ഭാരതത്തെ ആദരവോടെയാണ് വീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ദോഗ്ര റജിമെന്റില്‍ എത്തിയ മോദി അമൃതസറിലെ ഖാസയിലുള്ള യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. സൈനികര്‍ക്ക് ഒപ്പം ദീപാവലി ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളുടെ ആത്മാര്‍പ്പണം, ധൈര്യം എന്നിവ കണ്ടറിഞ്ഞാണ് ലോകം ഭാരതത്തെ ആദരിക്കുന്നത്. നിങ്ങളുടെ യൂണിഫോം മാത്രമല്ല ഭാരത സൈന്യത്തിന്റെ സ്വഭാവ ശുദ്ധിയും ഇതിനു കാരണമാണ്. കാലങ്ങളായി സൈന്യത്തിന് നേതൃത്വം നല്‍കുന്നവരെയും ഞാന്‍ ഓര്‍ത്തുപോകുകയാണ്. അവരെ ഞാന്‍ അഭിനന്ദിക്കുകയാണ്. ഭാരത സൈന്യം നേടിയ വന്‍വിജയങ്ങളില്‍ ഒന്ന് 1965 സപ്തംബര്‍ 22ന് ദോഗ്രയില്‍ നടന്നതാണ്. ലഫ്റ്റനന്റ് കേണല്‍ ദെസ്മണ്ട്‌ഹെയ്ഡിന്റെ നേതൃത്വത്തില്‍ ജാട്ട് കോര്‍ നേടിയ വന്‍വിജയം മഹത്തരമായിരുന്നു. അദ്ദേഹം പറഞ്ഞു. ദോഗ്ര യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച അദ്ദേഹം അമൃതസറിലെ വാല്‍തോഹയിലുള്ള അസല്‍ ഉത്തര്‍ സ്മാരകത്തിലും ആദരാഞ്ജലിയര്‍പ്പിച്ചു. 1965ല്‍ ടാങ്കുകള്‍ ഉപയോഗിച്ചുള്ള ഏറ്റവും വലിയ ഏറ്റുമുട്ടല്‍ നടന്നത് അസല്‍ ഉത്തറിലാണ്. ഈ യുദ്ധത്തിലാണ് ഹവില്‍ദാര്‍ അബ്ദുള്‍ ഹമീദ് ഒറ്റയ്ക്ക് ശത്രുക്കളുടെ മൂന്നു ടാങ്കുകള്‍ നശിപ്പിച്ചത്. ശത്രുക്കളെ തടയാന്‍ കഴിഞ്ഞെങ്കിലും അദ്ദേഹത്തിന് രാജ്യരക്ഷയ്ക്കു വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്നു. മോദി പറഞ്ഞു. ദോഗ്രയില്‍ സൈനികരുമായി ആശയവിനിമയം നടത്തിയ അദ്ദേഹം അവരോടൊപ്പം ദീപാവലിയാഘോഷത്തില്‍ പങ്കുകൊണ്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.