ഷാരൂഖ് ഖാനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു

Thursday 12 November 2015 1:37 am IST

ന്യൂദൽഹി: സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തു. ഐപിഎല്‍ ക്രിക്കറ്റിലെ ഷാരൂഖിന്റെ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലെ ക്രമക്കേടുകള്‍ സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യല്‍.സൗത്ത് മുംബൈ ബല്ലാര്‍ഡ് എസ്‌റ്റേറ്റിലെ എന്‍ഫോഴ്‌സ്‌മെന്റ് ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യല്‍.  കഴിഞ്ഞ മെയ് മാസം മുതല്‍ രണ്ടുതവണ സമന്‍സ് അയച്ചിട്ടും ഷാരൂഖ് ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. മൂന്നാമത്തെ നോട്ടീസിലാണ് ഖാന്‍ എത്തിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 2009-ലും 2010-ലും മൗറീഷ്യസ് കേന്ദ്രമായുള്ള സീ ഐലന്‍ഡ് ഇന്‍വസ്റ്റ്‌മെന്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ഓഹരിവിറ്റതിലാണ് ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്. വിദേശരാജ്യങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ പാലിക്കേണ്ട ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചുവെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇന്നലെ ഷാരൂഖ് ഖാനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ പറഞ്ഞു. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (എഫ്ഇഎംഎ) പ്രകാരം മൂന്നു ഐപിഎല്‍ ടീമുകള്‍ക്കെതിരേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിട്ടുണ്ട്. ജൂഹി ചവഌയുടെ ഭര്‍ത്താവ് ജയ് മേത്തയുടെ ഉടമസ്ഥതയിലുള്ള സീ ഐലന്‍ഡ് ഇന്‍വസ്റ്റ്‌മെന്റിനാണ് (എസ്‌ഐഎല്‍) ഷാരുഖ് കെകെആറിന്റെ ഓഹരികള്‍ കൈമാറിയത്. നിയമ ലംഘനത്തിന്റെ പേരില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ കഴിഞ്ഞ ദിവസം മൂന്നാം തവണ നോട്ടീസ് അയച്ചതിനു പിന്നാലെയാണ് മോദി സര്‍ക്കാരിനെതിരെ വിവാദപ്രസ്താവനയുമായി ഖാന്‍ അന്ന് രംഗത്തുവന്നത്. കേന്ദ്ര സര്‍ക്കാര്‍ ഭരണത്തില്‍ അസഹിഷ്ണുത വര്‍ദ്ധിച്ചു വരുന്നുവെന്നായിരുന്നു പ്രസ്താവന. ഇതിനെ ബിജെപി, വിഎച്ച്പി നേതാക്കള്‍ ചോദ്യം ചെയ്തതോടെ കപട മതേതരന്മാരും കോണ്‍ഗ്രസും മറ്റും മോദി സര്‍ക്കാരിനെതിരെ തിരിയുകയാണ് ചെയ്തത്. ഷാരൂഖിന്റെ പ്രസ്താവനയ്ക്കു വളരെ മുന്‍പു തന്നെ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ ഖാന് നോട്ടീസ് നല്‍കിയിരുന്നു. അതിനു ശേഷമാണ് സര്‍ക്കാരിനെതിരെ പ്രസ്താവനയുമായി ഖാന്‍ ഇറങ്ങിപ്പുറപ്പെട്ടതും. എന്നാല്‍ ഈ വസ്തുത മറച്ചുവെച്ച് ഷാരൂഖ് പ്രസ്താവന നടത്തിയതിന്റെ പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുകയായിരുന്നുവെന്ന വ്യാഖ്യാനവുമായി പല മാധ്യമങ്ങളും ചാനലുകളും ഇറങ്ങിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.