ഓര്‍മ്മകളിലെ സത്യന്‍

Thursday 16 June 2011 9:48 pm IST

സൗന്ദര്യമോ ആകാരഗാംഭീര്യമോ ഒന്നുമില്ലാത്തയാള്‍ക്കും സിനിമാ നടനാകാമെന്ന്‌ മലയാള സിനിമയില്‍ ആദ്യമായി തെളിയിച്ച നടനാണ്‌ സത്യനേശന്‍നാടാരെന്ന സത്യന്‍. സൂക്ഷ്മായ ഭാവാഭിനയത്തില്‍ ഈ അനശ്വര താരത്തെ കവച്ചുവയ്ക്കാന്‍ മറ്റൊരാള്‍ മലയാളസിനിമയിലുണ്ടായിട്ടില്ല. സത്യന്‍ ഒഴിച്ചിട്ടുപോയ കസേര ഇപ്പോഴും മലയാള ചലച്ചിത്രലോകത്ത്‌ ഒഴിഞ്ഞു കിടക്കുകയാണെന്ന്‌ പറയുന്നതും അതിനാലാണ്‌. മലയാളസിനിമയിലെ ഈ പ്രതിഭാധനന്‍ മറഞ്ഞുപോയിട്ട്‌ നാല്‍പതുവര്‍ഷങ്ങള്‍ കഴിഞ്ഞു. അദ്ദേഹത്തെ ഓര്‍ക്കാതെ മുന്നോട്ടു പോകാന്‍ മലയാള സിനിമയെ സ്നേഹിക്കുന്നവര്‍ക്കാര്‍ക്കും കഴിയില്ല.
ഒരു സിനിമാനടനുവേണ്ടിയിരുന്നതെന്ന്‌ സമൂഹം കരുതിയിരുന്ന നിറമോ ഉയരമോ സൗന്ദര്യമോ ഇല്ലാതെ തന്നെ സത്യനേശന്‍ മലയാള സിനിമയെ തന്റെ വരുതിയിലാക്കി. സൗന്ദര്യമായിരുന്നില്ല സത്യന്റെ പ്രധാന ആകര്‍ഷണം. അഭിനയിക്കാനുള്ള കഴിവുകൊണ്ടുമാത്രമാണ്‌ ഇക്കാലമത്രയും മലയാളിയുടെ ഹൃദയത്തില്‍ ഇഷ്ടമുളള ഒരിടം അദ്ദേഹം നിലനിര്‍ത്തിയത്‌. സത്യന്‌ അഭിനയം ഒരിക്കലും കുട്ടിക്കളിയായിരുന്നില്ല. അതിനാല്‍ മലയാള സിനിമയ്ക്ക്‌ മികച്ച കഥാപാത്രങ്ങളെ സമ്മാനിക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു.
സര്‍ സിപിയുടെ പോലീസില്‍ വില്ലന്‍ സ്വഭാവക്കാരനായ സത്യനേശന്‍ സിനിമയില്‍ ഒരുതികഞ്ഞ കലാകാരനായിരുന്നു. മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും പരമാവധി സഹകരിക്കാനും സഹായിക്കാനും മനസ്സുള്ള തിരക്കുള്ള നടന്‍. സഹപ്രവര്‍ത്തകരുടെ ജീവിതത്തില്‍ ഇത്രയ്ക്കുതാല്‍പര്യത്തോടെയും കാരുണ്യത്തോടെയും ഇടപെട്ട മറ്റൊരു അഭിനേതാവുണ്ടാകില്ല. സത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന കാലത്ത്‌ സിനിമാഭിനയം ഇപ്പോഴുള്ളതുപോലെ സാമ്പത്തികമായി വലിയ മെച്ചമുള്ള പണിയായിരുന്നില്ല. സഹനടന്മാരും സഹനടികളുമൊക്കെയായി അഭിനയിക്കുന്നവരുടെ ജീവിതം നിറംമങ്ങിയതായിരുന്നു. അത്തരക്കാരെ സഹായിക്കാന്‍ എന്നും അദ്ദേഹം മുന്നിലുണ്ടായിരുന്നു. വില്ലന്‍സ്വഭാവക്കാരനായ പോലീസുകാരനില്‍ നിന്ന്‌ കാരുണ്യവാനായ കലാകാരനിലേക്കുള്ള ഭാവമാറ്റമായിരുന്നു അത്‌.
സാഹിത്യ നിരൂപകനായ കെ.പി.അപ്പന്‍ ഒരിക്കല്‍ എഴുതി, "ആലപ്പുഴ എസ്‌.ഡി കോളേജിനു മുന്നില്‍ കമ്യൂണിസ്റ്റുകാരനായ യുവാവിനെ റോഡിലിട്ടു തല്ലിച്ചതയ്ക്കുന്ന സത്യനേശന്‍നാടാരെന്ന പോലീസ്‌ ഇന്‍സ്പക്ടറെ കണ്ടിട്ടുണ്ട്‌. പിന്നീട്‌ കടല്‍പ്പാലത്തിലും നീലക്കുയിലിലും ഓടയില്‍നിന്നിലുമൊക്കെ നിരവധി കഥാപാത്രങ്ങളിലൂടെ സത്യനെന്ന കലാകാരനെയും കണ്ടു. പോലീസുകാരനില്‍ നിന്ന്‌ നടനിലേക്കുള്ള മാറ്റം അവിശ്വസനീയമായിരുന്നു..." തിരുവനന്തപുരത്ത്‌ ആറാമിട ചെറുവിളാകത്ത്‌ വീട്ടില്‍ മാനുവലിന്റെയും ലില്ലിയമ്മയുടെയും മൂത്തമകനായി 1912 നവംബര്‍ ഒന്‍പതിനാണ്‌ സത്യനേശന്‍ എന്ന സത്യന്‍ ജനിച്ചത്‌. പഠനത്തില്‍ മിടുക്കനായിരുന്ന അദ്ദേഹം അന്നത്തെക്കാലത്തെ വിദ്വാന്‍പരീക്ഷ പാസ്സായി. ആദ്യം സെനൃ ജോസഫ്‌ സ്കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. കുറെ കഴിഞ്ഞപ്പോള്‍ സെക്രട്ടേറിയേറ്റില്‍ ക്ലാര്‍ക്കായി. രണ്ടുവര്‍ഷക്കാലമാണ്‌ അദ്ദേഹം സെക്രട്ടറിയേറ്റില്‍ ജോലി ചെയ്തത്‌. തുടര്‍ന്ന്‌ പട്ടാളത്തില്‍ ചേര്‍ന്നു. സത്യനെന്ന പട്ടാളക്കാരന്‍ രണ്ടാലോക മഹായുദ്ധകാലത്ത്‌ പടിപടിയായി ഉയര്‍ന്നു.
സേവനകാലാവധി കഴിഞ്ഞ്‌ നാട്ടില്‍ തിരിച്ചെത്തിയ സത്യന്‍ പോലീസ്‌ഇന്‍സ്പെക്ടറായി ജോലിയില്‍ പ്രവേശിച്ചു. പൊലീസ്‌ ജീവിതത്തിനിടയില്‍ അമച്വര്‍ നാടകങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്‌. ആ നാടകങ്ങള്‍ എല്ലാം കാക്കിക്കുളളിലെ ഉജ്ജ്വല നടനെ പ്രേക്ഷകര്‍ക്ക്‌ പരിചയപ്പെടുത്തിക്കൊടുക്കുന്നവയായിരുന്നു. സിനിമാനടനാവാന്‍ വേണ്ടി പൊലീസുദ്യോഗം അദ്ദേഹം രാജിവെച്ചു.
കൗമുദി ബാലകൃഷ്ണന്റെ ത്യാഗസീമ എന്നചിത്രത്തിലേക്കാണ്‌ സത്യനെ അഭിനയിക്കാനായി ആദ്യം തെരഞ്ഞെടുത്തതെങ്കിലും ആത്മസഖിയാണ്‌ ആദ്യം പുറത്തിറങ്ങിയ സത്യന്‍ ചിത്രം. 1952ലായിരുന്നു അത്‌. സബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരാണ്‌ ബാലകൃഷ്ണന്‌ സത്യനെ പരിചയപ്പെടുത്തുന്നത്‌. ആത്മസഖിയിലെ നായകവേഷത്തില്‍ നിന്ന്‌ നീലക്കുയില്‍, പാലാട്ട്‌ കോമന്‍, തച്ചോളിഒതേനന്‍, മുടിയനായപുത്രന്‍,ഭാര്യ,പഴശ്ശിരാജ, ഓടയില്‍ നിന്ന്‌, കാട്ടുതുളസി, യക്ഷി, അടിമകള്‍, മൂലധനം,നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒരുപെണ്ണിന്റെ കഥ, കടല്‍പ്പാലം, ചെമ്മീന്‍.....തുടങ്ങി നൂറ്റമ്പതോളം സിനിമകളില്‍ പ്രതിഭയുടെ അവിസ്മരണീയ സാന്നിധ്യമേകി സത്യന്‍ മലയാളസിനിമയില്‍ നിറഞ്ഞു നിന്നു.
അറുപതുപിന്നിട്ട ഓരോമലയാളിക്കും ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍ സത്യനും അദ്ദേഹത്തിന്റെ സിനിമകളും ഇന്നും സമ്മാനിക്കുന്നുണ്ട്‌. കാമുകനായ സത്യനെ, അച്ഛനും മകനുമായ സത്യനെ, വടക്കന്‍പാട്ടിലെ വീരനായകനായ സത്യനെ.....എത്രയെത്ര വേഷങ്ങളില്‍ മലയാളി അദ്ദേഹത്തെ ഓര്‍ത്തിരിക്കുന്നുണ്ട്‌. നീലക്കുയിലിലെ ശ്രീധരന്‍നായര്‍, ഓടയില്‍നിന്നിലെ പപ്പു, ചെമ്മീനിലെ പളനി, യക്ഷിയിലെ ശ്രീനി, കടല്‍പ്പാലത്തിലെ അച്ഛനും മകനും, വാഴ്‌വേമായത്തിലെ സുധി, അനുഭവങ്ങള്‍ പാളിച്ചകളിലെ ചെല്ലപ്പന്‍.....ഓര്‍മ്മയിലേക്ക്‌ നിരവധി കഥാപാത്രങ്ങള്‍ കയറിവരുന്നു.
ദക്ഷിണേന്ത്യന്‍ ചലച്ചിത്രരംഗത്തെ ആദ്യമായി സ്വര്‍ണ്ണ മെഡല്‍ അണിയിച്ച ചെമ്മീന്‍ എന്ന ചിത്രത്തിലെ പളനിയെ മാത്രമെടുത്താല്‍മതി സത്യന്‍ എന്ന നടന്റെ അഭിനയമികവ്‌ തിരച്ചറിയാന്‍. സത്യന്റെ മികച്ച ചിത്രങ്ങളോരോന്നും മലയാള ചലച്ചിത്രവേദിയിലെ നാഴികക്കല്ലുകളാണ്‌. മലയാളത്തിന്‌ ആദ്യമായി പ്രസിഡന്റിന്റെ വെളളിമെഡല്‍ നേടിക്കൊടുത്ത നീലക്കുയില്‍ എന്ന ചിത്രത്തിലും അദ്ദേഹത്തിന്റെ പ്രതിഭ തിളങ്ങി നില്‍ക്കുന്നു.
നാടകശൈലിയുടെ നിഴല്‍ സിനിമയില്‍ വീണുകിടക്കുന്ന കാലത്താണ്‌ സത്യന്‍ ചലച്ചിത്രാഭിനയത്തിലെത്തുന്നത്‌. സിനിമകള്‍ പലതും നാടകത്തിന്റെ ഭാവങ്ങളാണ്‌ പ്രകടിപ്പിക്കുക. കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ സ്വാഭാവികമായിരുന്നില്ല. പക്ഷേ, സത്യന്റെ പഴയകാല സിനിമകള്‍ ഇന്നും കാണുമ്പോള്‍ അദ്ദേഹത്തിന്റെ അഭിനയത്തിലോ സംഭാഷണ ശൈലിയിലോ നമുക്ക്‌ അസ്വാഭാവികമായി ഒന്നും തോന്നില്ല. മറക്കാനാകാത്ത അഭിനയ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമായിരുന്നു ഓരോ സത്യന്‍ ചിത്രവും. വടക്കന്‍പാട്ടിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന്‌ പ്രത്യേക പാടവമുണ്ടായിരുന്നു. ഓര്‍മ്മകളില്‍ നിന്ന്‌ ഒരിക്കലും മരിക്കാത്ത സത്യന്‍കഥാപാത്രമാണ്‌ തച്ചോളി ഒതേനനിലെ ഒതേനന്‍. വലിയ സംഭാഷണങ്ങള്‍ പറഞ്ഞു ഫലിപ്പിച്ച്‌ കയ്യടി നേടുന്ന നടനായിരുന്നില്ല അദ്ദേഹം. പകരം, ഒരു ചെറിയ നോട്ടത്തില്‍, ചെറുപുഞ്ചിരിയില്‍, ഒരു മൂളലില്‍ എല്ലാ വികാരങ്ങളും പ്രതിഫലിപ്പിക്കാന്‍ സത്യനിലെ നടനു കഴിഞ്ഞു.
സിനിമാ നടനെന്ന തിരിച്ചറിവില്‍ ജീവിക്കുന്നതിനൊപ്പം അദ്ദേഹം ജീവിതത്തില്‍ ലളിത സ്വഭാവം പുലര്‍ത്തുകയും ചെയ്തു. തന്നെ ബാധിച്ചിരിക്കുന്ന മാരകരോഗത്തെ തിരിച്ചറിഞ്ഞുകൊണ്ട്‌ അദ്ദേഹം ജീവിച്ചു. ഷൂട്ടിംഗിനിടയില്‍ വായില്‍ക്കൂടിയും മൂക്കില്‍ക്കൂടിയും രക്തസ്രാവമുണ്ടായപ്പോഴും അതു തുടച്ചുകളഞ്ഞ്‌ അഭിനയം പൂര്‍ത്തിയാക്കി.
ഒരുദിവസത്തെ ഷൂട്ടിംഗ്‌ അവസാനിപ്പിച്ച ശേഷം കാര്‍ സ്വന്തമായി ്ര‍െഡെവ്‌ ചെയ്ത്‌ ആശുപത്രിയിലെത്തി അവിടെവച്ചു മരിക്കുകയായിരുന്നു. 1971 ജൂണ്‍15ന്‌ സത്യനെന്ന വലിയ കലാകാരന്‍ അന്തരിച്ചു. നൂറ്റാണ്ടുകള്‍ പിന്നിട്ടാലും സത്യന്‍ എന്ന നടനെ പ്രേക്ഷക ലോകം മറക്കുകയില്ല. അദ്ദേഹം അഭിനയിച്ച നിരവധി ചലച്ചിത്രങ്ങള്‍ നിത്യസ്മാരകങ്ങളായി നിലനില്‍ക്കും.
-ആര്‍.പ്രദീപ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.