പിടിക്കപ്പെട്ടാലും ഹെല്‍മെറ്റ് ധരിക്കാന്‍ മടിച്ച് ഇരുചക്ര വാഹന യാത്രക്കാര്‍

Wednesday 11 November 2015 8:51 pm IST

തൊടുപുഴ: എത്രതവണ പിടിക്കപ്പെട്ടാലും ഹെല്‍മെറ്റ് ധരിക്കാന്‍ മടിച്ച് ഒരു വിഭാഗം ഇരുചക്ര വാഹന യാത്രക്കാര്‍. കഴിഞ്ഞ മാസം മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ ജില്ലയില്‍ ആകെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതു 1097 കേസുകളാണ്. ഇടുക്കി ഡിവിഷനു കീഴില്‍ ഇടുക്കി, തൊടുപുഴ, വണ്ടിപ്പെരിയാര്‍, ഉടുമ്പന്‍ചോല, ദേവികുളം എന്നിവിടങ്ങളില്‍ നിന്നാണു ഇത്രയധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസുകളില്‍ 944-ഉം ഹെല്‍മെറ്റ് വേട്ടയാണ്. തൊടുപുഴയില്‍ 1,60,500 രുപയുമാണ് പിഴയിനത്തില്‍ ലഭിച്ചത്. ഏറ്റവും കൂടുതല്‍ തുക ഹെല്‍മറ്റ് പരിശോധനയിലാണ് ലഭിച്ചത്, സിഗ്നല്‍ തെറ്റിക്കല്‍, വാഹനങ്ങളിലെ ലൈറ്റുകള്‍ തെളിയാത്ത കേസുകള്‍ എന്നീ വീഭാഗങ്ങലിലാണ് കൂടുതല്‍ കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഹെല്‍മറ്റില്ലാതെ യാത്ര ചെയ്ത വിദ്യാര്‍ഥികളില്‍ നിന്നാണ് മോട്ടര്‍ വാഹന വകുപ്പിനു പിഴയിനത്തില്‍ വന്‍ തുക ലഭിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ടു മോട്ടോര്‍ വാഹന വകുപ്പിനും പോലീസിനും കഴിഞ്ഞ ദിവസങ്ങളില്‍ വാഹനപരിശോധന കാര്യക്ഷമമായി നടത്താന്‍ കഴിയാതെ വന്നിരുന്നു. ഇതു ഗതാഗത നിയമലംഘനങ്ങള്‍ കൂടാന്‍ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജില്ലയില്‍ വാഹനപരിശോധന ഊര്‍ജിതമാക്കിയതായാണു മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്. ജില്ലയില്‍ ബുധനാഴ്ച മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിച്ച 42 പേരാണ് കുടുങ്ങിയത്. ദിവസം ശരാശരി 30 പേര്‍ ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കുന്നതിനു ജില്ലയില്‍ പിടിയിലാകുന്നുണ്ടെന്നു അധികൃതര്‍ പറഞ്ഞു. പോലീസിന്റെ വാഹനപരിശോധനയില്‍ പിടിയിലാകുന്നവരും ഏറെയാണ്. ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ സമയത്തു ഭൂരിഭാഗം പേരും ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കില്‍ പിന്നീട് ഹെല്‍മറ്റിന്റെ സ്ഥാനം ബൈക്കിന്റെ ഹാന്‍ഡിലിലും പിന്നിലിരിക്കുന്ന ആളുടെ കൈയിലുമായി മാറി. വാഹനപരിശോധനയുടെ വിവരം അറിഞ്ഞാല്‍ മാത്രമാണ് പലരും ഹെല്‍മറ്റ് ധരിക്കുന്നതു തന്നെ. പിടിക്കപ്പെട്ടാലും 100 രൂപ മാത്രമാണ് പിഴയെന്നതിനാല്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കിലും പ്രശ്‌നമില്ലെന്ന നിലപാടിലാണ് ചിലര്‍. ജില്ലയില്‍ കുട്ടികളിലെ വാഹനോപയോഗവും കൂടി വരികയാണ്. സമീപകാലത്തു തൊടുപുഴ മേഖലയിലുണ്ടായ പല ഇരുചക്ര വാഹനാപകടങ്ങളിലും വാഹനമോടിച്ചിരുന്നതു പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു. ഇരുചക്ര വാഹനങ്ങളില്‍ മാത്രമല്ല കാറുകളിലും ഡ്രൈവിംഗ് സീറ്റില്‍ കുട്ടികളെ കാണാം. ലൈസന്‍സില്ലാതെ വാഹന മോടിച്ചതിനു ഏതെങ്കിലും കുട്ടി പിടിയിലായാല്‍ രക്ഷിതാക്കളെ വിളിപ്പിച്ചു വേണ്ട നിര്‍ദ്ദേശവും ബോധവല്‍ക്കരണവും നല്‍കാറു ണെ്ടന്നു മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നു. കൂടാതെ 1500 രൂപ പിഴ ഈടാക്കാറുമുണ്ട്. വാഹനങ്ങളുടെ അമിത വേഗതയും ഇടതുവശത്തു കൂടിയുള്ള ഓവര്‍ ടേക്കിഗുമെല്ലാം അപകടങ്ങള്‍ക്കു വഴിതെളിക്കുന്നു. ഇടതുവശത്തുകൂടി വാഹനത്തെ മറികടന്നതിനു അഞ്ചു വാഹനങ്ങള്‍ക്കെതിരെയും അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനു എട്ടു വാഹനങ്ങള്‍ക്കെതിരെയും കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.