കള്ളപ്പണക്കാരെ തുറന്നുകാട്ടണം: അദ്വാനി

Wednesday 14 December 2011 10:23 pm IST

ന്യൂദല്‍ഹി: വിദേശബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ള 782 ഇന്ത്യക്കാരുടെ പേരുകള്‍ പുറത്തുവിടണമെന്ന്‌ മുതിര്‍ന്ന ബിജെപി നേതാവ്‌ എല്‍.കെ. അദ്വാനി കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.
കള്ളപ്പണ പ്രശ്നം സംബന്ധിച്ച്‌ ലോക്സഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. "782 നികുതി വെട്ടിപ്പുകാരുടെയും പേരുകള്‍ യുപിഎ സര്‍ക്കാര്‍ രഹസ്യമാക്കിവെച്ചിരിക്കയാണ്‌." നികുതി വെട്ടിപ്പുകാരുടെ പേരുകള്‍ പരസ്യപ്പെടുത്തുമെന്ന ഉറപ്പും പ്രതിജ്ഞയും പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പ്രണബ്‌ മുഖര്‍ജിയെ അഭിസംബോധന ചെയ്തുകൊണ്ട്‌ അദ്വാനി പറഞ്ഞു. കള്ളപ്പണം തിരികെയെത്തിക്കാനുള്ള എല്ലാ നടപടിയും സ്വീകരിക്കുമെന്ന്‌ രാഷ്ട്രത്തെയും സഭയെയും ബോധ്യപ്പെടുത്തണം. 25 ലക്ഷം കോടി രൂപയുടെ കള്ളപ്പണം ഇന്ത്യക്ക്‌ സ്വിസ്‌ ബാങ്കുകളില്‍ ഉണ്ടെന്നാണ്‌ കണക്ക്‌. ഇന്ത്യയിലെ ഉയര്‍ന്ന നികുതിനിരക്കുകളാണ്‌ നികുതിവെട്ടിപ്പിനും വിദേശത്ത്‌ കള്ളപ്പണം നിക്ഷേപിക്കുന്നതിനും വഴിയൊരുക്കുന്നതെന്ന്‌ അദ്വാനി ചൂണ്ടിക്കാട്ടി. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ കേന്ദ്രം പരാജയപ്പെടുന്നത്‌ ഇത്തരം പ്രശ്നങ്ങള്‍ക്ക്‌ കാരണമാണ്‌. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പരാജയം അംഗീകരിക്കാതെ തരമില്ല.
കള്ളപ്പണ പ്രശ്നത്തില്‍ സര്‍ക്കാര്‍ നിരുത്തരവാദപരമായ നിലപാടാണ്‌ സ്വീകരിക്കുന്നതെന്ന്‌ സുപ്രീംകോടതിയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എത്രയും വേഗം ധവളപത്രം പുറത്തിറക്കണമെന്ന്‌ അദ്വാനി ആവര്‍ത്തിച്ച്‌ ആവശ്യെ‍ പ്പട്ടു. ഇന്ത്യയിലെ ആറ്‌ ലക്ഷത്തിലേറെ ഗ്രാമങ്ങളുടെ വികസനത്തിനുതകുന്ന കള്ളപ്പണം ഉടന്‍ തിരിച്ചെത്തിക്കണമെന്ന്‌ അദ്ദേഹം ധനമന്ത്രിയോട്‌ ആവശ്യപ്പെട്ടു. ബിജെപി അധികാരത്തിലുണ്ടായിരുന്നപ്പോള്‍ എന്തുകൊണ്ട്‌ നടപടിയെടുത്തില്ലെന്ന ചോദ്യം ഉയരുന്നത്‌ പരാമര്‍ശിക്കവെ, അന്നത്തെ സാഹചര്യമല്ല ഇന്നുള്ളതെന്നും അഴിമതിക്കെതിരായ യുഎന്‍ സമ്മേളനത്തിെ‍ന്‍റ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ ഏറെ മാറിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കള്ളപ്പണത്തിന്റെ അപകടങ്ങള്‍ ലോകം തിരിച്ചറിഞ്ഞുകഴിഞ്ഞു.
'വൃത്തികെട്ട പണം' എന്നാണ്‌ അവര്‍ അതിനെ വിശേഷിപ്പിക്കുന്നത്‌. ഈ പണത്തില്‍ ഏറെയും ഭീകരര്‍ക്കുള്ള ഫണ്ടുകളായി മാറുകയാണ്‌. അഴിമതിക്കെതിരെ അന്താരാഷ്ട്ര പ്രമേയം പാസാക്കാന്‍ യുഎന്‍ തീരുമാനിച്ചതും ഇതുകൊണ്ടാണ്‌. വിദേശബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നത്‌ അഴിമതി തന്നെയാണെന്നും അറിയപ്പെടുന്ന കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നത്‌ എന്തിനെന്നും അദ്വാനി ചോദിച്ചു. അതിനിടെ വിദേശത്തെ കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യാക്കാരുടെ പേരു വിവരങ്ങള്‍ പുറത്തുവിടില്ലെന്ന്‌ ധനമന്ത്രി പ്രണബ്‌ മുഖര്‍ജി ലോകസഭയില്‍ പറഞ്ഞു. ഇന്ത്യയിലെ എം പിമാരാരും പട്ടികയിലില്ലെന്ന്‌ അദ്ദേഹം അവകാശപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.