ശബരിമല തീര്‍ത്ഥാടനം പടിവാതുക്കല്‍ എത്തിയിട്ടും ഒരുക്കങ്ങള്‍ ആരംഭിച്ചില്ല

Wednesday 11 November 2015 9:10 pm IST

ചെങ്ങന്നൂര്‍: ശബരിമല തീര്‍ത്ഥാടനത്തിന് നാല് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ശബരിമലയുടെ പ്രവേശന കവാടമായ ചെങ്ങന്നൂരില്‍ യാതൊരു മുന്നൊരുക്കങ്ങളും ആരംഭിച്ചില്ല. പൊതുമരാമത്ത് വകുപ്പ് റോഡിന്റെ പണികള്‍ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. കുണ്ടും കുഴിയുമായ റോഡില്‍ കാല്‍നട പോലും ദുരിതപൂര്‍ണ്ണമാണ്. അന്യ സംസ്ഥാന തീര്‍ത്ഥാടകര്‍ പഞ്ചപാണ്ഡവ ക്ഷേത്രത്തിലേക്കു പോകുന്ന പതിവുണ്ട്. ഇതില്‍പ്പെട്ട തൃച്ചിറ്റാറ്റ് ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയില്‍ കുഴികള്‍ നിറഞ്ഞു. എംസി റോഡില്‍ പുത്തന്‍വീട്ടില്‍പ്പടി പാലത്തിന്റെ പണി ആരംഭിച്ചപ്പോള്‍ ഗതാഗതം തിരിച്ചുവിട്ട വഴിയാണ്. തീര്‍ത്ഥാടനകാലം തുടങ്ങുന്നതിനു മുമ്പേ എംസി റോഡില്‍ വണ്ടിമല ജംഗ്ഷന്‍ മുതല്‍ മുണ്ടന്‍കാവ് വരെയുള്ള ഭാഗത്തെ പണികള്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും നടന്നില്ല. ഗതാഗതത്തിരക്ക് വര്‍ദ്ധിക്കുമ്പോള്‍ വാഹനങ്ങള്‍ക്ക് നഗരം താണ്ടാന്‍ മണിക്കൂറുകള്‍ വേണ്ടി വരും. മിത്രപ്പുഴ കടവില്‍ സംരക്ഷണവേലി നിര്‍മാണം പൂര്‍ത്തികരിക്കാനായിട്ടില്ല. കടവിനോട് ചേര്‍ന്ന് റാമ്പിന്റെ നിര്‍മാണം നടക്കുന്നതേയുള്ളു. ഹെഡ്പോസ്റ്റ് ഓഫീസ് ജങ്ഷന്‍-ടെമ്പിള്‍ റോഡ്, ആല്‍ത്തറ ജങ്ഷന്‍-കരയോഗം റോഡ് എന്നിവ തീര്‍ത്ഥാടകര്‍ ആശ്രയിക്കുന്ന പ്രധാന റോഡുകളാണ്. ഇവ സഞ്ചാര യോഗ്യമല്ല. തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കാനുള്ള നടപടികള്‍ കെഎസ്ഇബി ആരംഭിച്ചിട്ടില്ല. പ്രധാന കേന്ദ്രങ്ങളില്‍ ടാപ്പിടാനുള്ള ജല അതോറിറ്റിയുടെ പണികളും തുടങ്ങിയിട്ടില്ല. അതിനാല്‍ കുടി വെള്ള പ്രശ്‌നവും തീര്‍ത്ഥാടകരെ വലക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കേണ്ടത് നഗരസഭയാണ്. ഇതിന് മണ്ഡലകാലത്ത് കൂടുതല്‍ താത്ക്കാലിക ജോലിക്കാരെ നിയമിക്കണം. എന്നാല്‍ പുതിയ ഭരണസമിതി അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് തീര്‍ത്ഥാടനകാലം ആരംഭിച്ച ശേഷമാണ്. അതിനാല്‍ നഗരസഭയുടെ ഭാഗത്തുനിന്നുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.