ശബരിമലയിലെ സര്‍ക്കാര്‍ അനാസ്ഥ

Wednesday 11 November 2015 9:24 pm IST

കേരളത്തില്‍ മണ്ഡലകാലം എന്നുപറഞ്ഞാല്‍ ശബരിമല സീസണ്‍ എന്നാണര്‍ത്ഥം. ശബരിമല നട തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. കേരളത്തില്‍നിന്നുമാത്രമല്ല, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഉത്തരഭാരതം, ഗള്‍ഫ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുമുള്ള മലയാളികളും മറ്റുള്ളവരും വ്രതം നോറ്റ് അയ്യപ്പസ്വാമിയെ ദര്‍ശിക്കാന്‍ ശബരിമല സന്നിധാനത്തെത്തുന്നു. വൃദ്ധര്‍ മുതല്‍ കുട്ടികള്‍ വരെ ഈ തീര്‍ത്ഥാടനത്തില്‍ പങ്കാളികളാകും. ശബരിമല സീസണ്‍ മുന്നില്‍ കണ്ടാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് പോലും അതിന് മുന്‍പ് നടത്തിയത്. പക്ഷേ ശബരിമല സീസണ്‍ തുടങ്ങാനിരിക്കെ ദേവസ്വം ബോര്‍ഡിന്റെ കാലാവധി ബുധനാഴ്ച തീര്‍ന്നു. ശബരിമലയില്‍ ഉദ്യോഗസ്ഥ ഭരണം വന്നാല്‍ അഴിമതി നടക്കുക മാത്രമല്ല, തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാകുകയും ഇല്ല. ദേവസ്വം ഭരണം ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലയാകും. തീര്‍ത്ഥാടന കാലത്തിന് മുന്‍പ് ബോര്‍ഡിലെ ഭരണപ്രതിസന്ധി പരിഹരിക്കാന്‍ നടപടി എടുക്കണമെന്നും അല്ലാത്തപക്ഷം ചുമതല ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടും ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പോലും ഈ വിഷയം വന്നില്ല. മണ്ഡലകാലം 16ന് തുടങ്ങാനിരിക്കെ ബോര്‍ഡിന്റെ നിശ്ചലാവസ്ഥ ഭക്തരെ ആശങ്കാഭരിതരാക്കുന്നു. ഇപ്പോള്‍ തന്നെ ദേവസ്വം ബോര്‍ഡ് അന്നദാനം മുടക്കിയത് ഭക്തരെ പട്ടിണിയിലാക്കി. ശബരിമലയില്‍ ആകെ രണ്ടു ഹോട്ടലുകള്‍ മാത്രമാണുള്ളത്. ലക്ഷക്കണക്കിന് ഭക്തരെത്തുന്ന ഈ സമയത്ത് ദേവസ്വം ഭരണം തകര്‍ന്നാല്‍ ഭക്തര്‍ എവിടെപ്പോകും? ആട്ടവിശേഷത്തിന് നടതുറന്ന തിങ്കളാഴ്ച ബോര്‍ഡിന്റെ അന്നദാനമണ്ഡപം തുറന്നതേ ഇല്ലത്രെ. ചൊവ്വാഴ്ചയാകട്ടെ രാവിലെ മൂന്നുമണിക്കൂറും ഉച്ചയ്ക്ക് ഒരുമണിക്കൂറും മാത്രമാണ് അന്നദാനം. ക്യൂവായി കാത്തുനിന്ന പകുതിപേര്‍ക്കും ആഹാരം ലഭിച്ചില്ല. കോടതി സന്നദ്ധസംഘടനകളുടെ അന്നദാനം മുടക്കി ദേവസ്വം ബോര്‍ഡിന് ആ അവകാശം കൈമാറിയിരുന്നു. ശബരിമല തീര്‍ത്ഥാടകര്‍ വഴി സര്‍ക്കാരിന്റെ വരുമാനം കോടികളാണ്. പക്ഷേ അവരോട് കാണിക്കുന്ന അനാസ്ഥ ക്രൂരമാണ്.  തീര്‍ത്ഥാടന കാലത്തിന് മുന്‍പ് റോഡുകള്‍ സഞ്ചാരയോഗ്യമാക്കാനും ബസ്സുകള്‍ ആവശ്യത്തിന് ലഭ്യമാക്കാനും സര്‍ക്കാര്‍ എല്ലാ കൊല്ലവും പരാജയപ്പെടുന്നു. മറുനാടന്‍ തീര്‍ത്ഥാടകര്‍ ഉടുതുണി പമ്പയിലെറിഞ്ഞ് കുളിച്ചുകയറുമ്പോള്‍ അനേകായിരം പേരുടെ വസ്ത്രങ്ങള്‍ കുമിഞ്ഞ് പമ്പ മാലിന്യകൂമ്പാരമാകുന്നു. പമ്പയില്‍ മാലിന്യപ്ലാന്റിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും എന്നാണ് ദേവസ്വം മന്ത്രിയുടെ ഏറ്റവും പുതിയ പ്രഖ്യാപനം. അത് ഈ തീര്‍ത്ഥാടന കാലത്തല്ല, അടുത്ത തീര്‍ത്ഥാടനകാലത്താണെന്നു മാത്രം. 23 കോടി രൂപ മുടക്കി ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സന്നിധാനത്ത് മാലിന്യപ്ലാന്റ് നിര്‍മിച്ചത്. ഇപ്പോള്‍ പ്ലാസ്റ്റിക് മാലിന്യം ഭക്ഷിച്ച് ആനകള്‍ പോലും ചരിയുന്നു. 39 കോടി രൂപ ചെലവില്‍ ശരംകുത്തിയില്‍ പുതുതായി പണികഴിച്ച ക്യൂ കോംപ്ലക്‌സ്, പമ്പയിലെ റസ്റ്ററന്റ് ബ്ലോക്ക്, നിലയ്ക്കലെ റോഡുകള്‍, പാര്‍ക്കിങ് യാര്‍ഡ് എന്നിവയുടെ ഉദ്ഘാടനവും നടന്നിരിക്കുകയാണ്. പക്ഷേ പമ്പയിലെ ശര്‍ക്കര സംഭരണശാലയുടെ പണി ഇനിയും പൂര്‍ത്തിയായിട്ടില്ല. അന്നദാന മണ്ഡപത്തിന്റെയും പണി പൂര്‍ത്തിയായിട്ടില്ല. ടണ്‍ കണക്കിന് ശര്‍ക്കര ശാസ്ത്രീയമായി സംഭരിച്ച് അരവണ നിര്‍മാണത്തിന്റെ ഗുണമേന്മ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേവസ്വം ബോര്‍ഡ് പമ്പയില്‍ ശര്‍ക്കരസംഭരണ ശാല നിര്‍മിക്കാന്‍ തുടങ്ങിയത്. ഇത് പൂര്‍ത്തിയായില്ലെങ്കിലും സന്നിധാനത്തെ പ്ലാന്റില്‍ അരവണ നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ മാസം 13 മുതല്‍ ശര്‍ക്കര വരവ് തുടങ്ങിയതാണ്. ദിവസേന നാലും അഞ്ചും ലോറി ശര്‍ക്കരയാണ് എത്തുന്നത്. ശര്‍ക്കര, കുത്തരി, ഏലക്ക, മുന്തിരി, കല്‍ക്കണ്ടം, ചുക്കുപൊടി എന്നിവയും സംഭരിക്കുന്നത് സന്നിധാനശാലയിലാണ്. സംഭരണശാലയുടെ പണി പൂര്‍ത്തീകരിക്കാന്‍ ഇനിയും ആഴ്ചകള്‍ വേണ്ടിവരുമത്രെ. ശബരിമല തീര്‍ത്ഥാടനം സര്‍ക്കാരിലേക്ക് കോടികള്‍ നല്‍കുന്നുണ്ടെങ്കിലും  തീര്‍ത്ഥാടകരോടുള്ള സര്‍ക്കാരിന്റെ അനാസ്ഥ അവര്‍ക്കുവേണ്ടി ഒരുക്കുന്ന സൗകര്യങ്ങളില്‍ പ്രകടമാണ്. റോഡുകള്‍ പോലും ഇത്രയധികം ബസ്സുകള്‍ സഞ്ചരിക്കുന്നതാണെന്ന തിരിച്ചറിവില്‍ നന്നായി പരിപാലിക്കേണ്ടതുണ്ട്. ശബരിമല സീസണില്‍ വണ്ടികള്‍ മറിഞ്ഞുള്ള മരണം എല്ലാവര്‍ഷവും പതിവാണ്. എന്നിട്ടും സര്‍ക്കാര്‍ ഇതൊഴിവാക്കാന്‍ കാര്യമായി യാതൊന്നും ചെയ്യാത്തത് അക്ഷന്തവ്യമാണ്. ഭരണകാലാവധി പൂര്‍ത്തീകരിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന സര്‍ക്കാര്‍ ആഗോള തീര്‍ത്ഥാടന കേന്ദ്രമായി വികസിക്കുന്ന ശബരിമലയോടും അങ്ങോട്ടുള്ള തീര്‍ത്ഥാടകരോടും കാണിക്കുന്ന അനാസ്ഥയ്ക്ക് വിരാമം ഇടേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.