തൊടുപുഴ: ശബരിമല അയ്യപ്പസേവാസമാജം നടത്തുന്ന ആറാമത് സംസ്ഥാന അയ്യപ്പമഹാസംഗമം 14 ന് മൂവാറ്റുപുഴയില്‍ നടക്കും. മൂവാറ്റുപുഴ വെള്ളൂര്‍കുന്നം മഹാദേവക്ഷേത്രത്തില്‍ വച്ച് രാവിലെ 9.30ന് ധ്വജാരോഹണത്തോടെയാണ് ചടങ്ങുകള്‍ക്ക് ആരംഭം കുറിക്കുന്നത്. ധ്വജഘോഷയാത്ര മൂവാറ്റുപുഴ പോസ്റ്റോഫീസ് ജംഗ്ഷനില്‍ നിന്നും 9.15 ഓടെ വെള്ളൂര്‍കുന്നം ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും. ഇവിടെ വച്ച് 9.30 നാണ് ധ്വജാരോഹണ ചടങ്ങ്. തുടര്‍ന്ന് നടക്കുന്ന അയ്യപ്പസംഗമത്തിന്റെ ഉദ്ഘാടനം ശബരിമല തന്ത്രി മഹേഷ് മോഹനര് നിര്‍വഹിക്കും.
ചടങ്ങില്‍ വിഗ്രഹ ആരതി നിയുക്ത ശബരിമല മേല്‍ശാന്തി എസ്.ഇ. ശങ്കരന് നമ്പൂതിരിപാട് നിര്‍വ്വഹിക്കും. അയ്യപ്പസേവാസമാജം സംസ്ഥാന പ്രസിഡന്റ് കെ. ജി. ജയന്(ജയവിജയ) അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടനം ചലച്ചിത്രനടന്‍ ദേവന് നിര്‍വഹിക്കും.
സേവാപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പന്തളം കൊട്ടാരനിര്‍വാഹക സമിതി അദ്ധ്യക്ഷന്‍ രേവതി തിരുനാള്‍ ശശികുമാര്‍ വര്‍മ്മ നിര്‍വഹിക്കും. ഹരിവരാസനത്തിന്റെ രചയിത്രി അമ്പലപ്പുഴ കോമകത്ത് ജാനകിയമ്മയുടെ മകള്‍ തുറവൂര്‍ ബാലമണിയമ്മയെ പൊന്നാടയണിയിച്ച് ആദരിക്കും. ശബരിമലയില്‍ ഹരിവരാസനം ആലപിക്കാന്‍ തുടങ്ങിയിട്ട് 60 വര്‍ഷം ആകുന്ന വേളയില്‍ ഗാനത്തിന്റെ ഓര്‍മ്മക്കായി നടത്തുന്ന ചടങ്ങിന്റെ ഉദ്ഘാടനം ആര്‍എസ്എസ് സംഘചാലക് പി.ഇ.ബി. മേനോന് നിര്‍വഹിക്കും. 60 കുട്ടികള്‍ ചേര്‍ന്ന് ഹരിവരാസന ആലാപനവും നടക്കും.
ആന്ധ്രാപ്രദേശില്‍ 30ലേറെ അയ്യപ്പക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് കാരണഭൂതനായ സ്വാമി വിമോചാനന്ദയുടെ പുത്രന് റിട്ട. പോലീസ് കമ്മീഷണര്‍ ഗോപകുമാര്‍ ഐപിഎസിനേയും ചലച്ചിത്രനടന്‍ എം.എന്‍. നമ്പ്യാരുടെ പുത്രന് മോഹന്‍ നമ്പ്യാരെയും ആദരിക്കും. തിരഞ്ഞെടുക്കപ്പെട്ട 318 പേര്‍ക്ക് പച്ചക്കറിവിത്തുകള്‍ സ്വാഗതസംഘം അദ്ധ്യക്ഷന്‍ കല്ലൂര്‍ ഗോപകുമാറും ചെടികള്‍ സമാജം സംഘടനാ സെക്രട്ടറി ടി.കെ. കുട്ടനും വിതരണം ചെയ്യും.
ശബരിമലയുമായി നേരിട്ട് ബന്ധമുള്ള അമ്പലപ്പുഴ ആലങ്ങാട്ട് സംഘപെരിയോന്മാര് അയ്യപ്പസ്വാമി ആയുധപരിശീലനം നേടിയ കളരി സ്ഥിതിചെയ്യുന്ന ചീരപ്പന്‍ചിറയിലെ സ്ഥാനി കേശവലാല്‍ ഇഞ്ചിപ്പാറ, തലപ്പാറ കോട്ടമൂപ്പന്മാര്, തിരുവാഭരണ പേടകവാഹകര്‍, നായാട്ടുവിളിക്കാര്, അറക്കുളം കൊടിക്കൂറവാഹകര്, മണര്‍കാട് പണക്കിഴി സമര്പ്പണസംഘം പെരിയോന്‍, കല്ലടക്കാവ് സംഘം പെരിയോന്‍, അച്ചന്‍കോവില്‍ കറുപ്പായി സ്വാമി, കടുത്തസ്വാമി തുടങ്ങിയവരുടെ പ്രതിനിധികള്‍ക്കും ചടങ്ങില്‍ സ്വീകരണം നല്‍കും. ജനറല്‍ കണ്‍വീനര്‍ രമേഷ് നാരായണന്, ശബരിമല അയ്യപ്പസേവാസമാജത്തിന്റെ സംസ്ഥാന സംഘടന കാര്യദര്‍ശി വി.എസ.് വിശ്വനാഥനും സംസ്ഥാന ജോയിന്റ് ജന. സെക്രട്ടറി അങ്ങാടിപ്പുറം അരവിന്ദാക്ഷനും കുമ്മനം രാജശേഖരനും സംസാരിക്കും.
വൈകിട്ട് 3 ന് നടക്കുന്ന പൊതുസമ്മേളനം ദേശീയ ജനറല്‍ സെക്രട്ടറി ഇറോഡ് എന്‍. രാജന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: