മണ്ണിടിച്ചില്‍: വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു; ബിജെപി റോഡ് ഉപരോധിച്ചു
മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഊരൂട്ടമ്പലം കാട്ടാക്കട റോഡ് ഉപരോധിച്ചപ്പോള്‍
മലയിന്‍കീഴ്: മണ്ണ് ഇടിച്ചു മാറ്റുന്നതിനിടെ റോഡിലൂടെ ഒലിച്ചിറങ്ങിയ ചെളിയില്‍ തെന്നി 100 ഓളം വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി മലയിന്‍കീഴ് പഞ്ചായത്ത് കമ്മറ്റി ഇന്നലെ പുലര്‍ച്ചെ 6 മണി മുതല്‍ 2മണിവരെ ഊരൂട്ടമ്പലം കാട്ടാക്കട റോഡ് ഉപരോധിച്ചു.
ഒരാഴ്ചയായി പെയ്യുന്ന ശക്തമായ മഴയെപ്പോലും അവഗണിച്ചാണ് മണ്ണ് മാഫിയ സംഘം ജനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി മണ്ണിടിച്ച് മാറ്റുന്നത്. ഊരൂട്ടമ്പലം കാട്ടാക്കട റോഡിന്റെ വലിയറത്തലയ്ക്ക് സമീപം കോളൂര്നട വളവിലാണ് സംഭവം.
മൂന്നുമാസം മുമ്പ് ഈ വളവില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 50 ഓളം പേര്‍ക്ക് പരിക്കും ബസിലെ ഡ്രൈവര്‍ മരിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിന്റെ മറവില്‍ കൈക്കൂലികള്‍ നല്‍കിയാണ് മണ്ണിടിച്ചല്‍ ആരംഭിക്കുകയും 25 അടിയോളം ഉയരത്തിലുള്ള സ്ഥലം ഇടിച്ചു മാറ്റിയതിനെ തുടര്‍ന്ന് റോഡിലൂടെ ഇറങ്ങിയ വെള്ളവും ചെളിയുമാണ് അപകടമുണ്ടാക്കിയത്. തിങ്കളാഴ്ച രാത്രി 9 മണിയോടെ കാട്ടാക്കട എത്തിയ ഫയര്‍ഫോഴ്സ് വെള്ളമൊഴിച്ച് റോഡ് വൃത്തിയക്കിയയെങ്കിലും പുലര്‍ച്ചെ വീണ്ടും അപകടം ഉണ്ടായി.
രാവിലെ 6 മുതല്‍ ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജയന്റെ നേതൃത്വത്തില്‍ സ്ഥലത്ത് ഉപരോധം ആരംഭിച്ചു. 3 മണിയാകുമ്പോഴേക്കും സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘം ഉപരോധസമരത്തിനെത്തി. 11 മണിയായിട്ടും നരുവാംമൂട് സ്റ്റേഷനിലെ മൂന്ന് പോലീസുകാരല്ലാതെ മറ്റാരും സ്ഥലത്ത് എത്തിയില്ല. ഇതിനിടെ സമരം ബിജെപി വലിയറത്തല ജംഗഷനിലും വ്യാപിപ്പിച്ചു. കാട്ടാക്കട-ഊരൂട്ടമ്പലം- തിരുവനന്തപുരത്തിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണമായി സ്തംഭിപ്പിച്ചു. എന്നിട്ടും അധികൃതരാരും എത്താത്തത് വന്‍ പ്രതിഷേധത്തിനിടയാക്കി. ഉച്ചയ്ക്ക് രണ്ടുമണിയോടെ നെയ്യാറ്റിന്‍കര സിഐ ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് എത്തി സമരക്കാരുമായി സംസാരിച്ച് റോഡിലേക്ക് ഇറങ്ങുന്ന ചെളി തടയാന്‍ ജെസിബി ഉപയോഗിച്ച് തടയണ നിര്‍മ്മിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്കി. മഴ തീര്‍ന്നശേഷം മാത്രം മണ്ണിടിക്കാനുള്ള അനുവാദം കൊടുക്കൂ എന്നുപറഞ്ഞ് സമരം അവസാനിപ്പിച്ചു.