കൊച്ചി മെട്രോ: പുതുക്കിയ പദ്ധതിക്ക് അനുമതി

Thursday 12 November 2015 1:15 am IST

തിരുവനന്തപുരം: കൊച്ചി മെട്രോ നിര്‍മാണത്തില്‍ പുതുക്കിയ പദ്ധതിക്ക്  മന്ത്രിസഭായോഗം അനുമതി നല്‍കിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട് വരെ 11.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ ലൈനിന്റെ പുതുക്കിയ നിര്‍മാണത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. 2024 കോടിയുടെ ഈ പുതുക്കിയ പദ്ധതിക്ക് കേന്ദ്രവിഹിതം 20 ശതമാനമാക്കി നിജപ്പെടുത്തി. ഇതിന്റെ അനുമതിക്കായി കേന്ദ്രസര്‍ക്കാരിന് പദ്ധതി സമര്‍പ്പിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊച്ചി മെട്രോയുടെ ഭാഗമായി ഭാവിയില്‍ നിര്‍മിക്കുന്ന മറ്റെല്ലാ വികസനപ്രവര്‍ത്തനങ്ങളും സംസ്ഥാനസര്‍ക്കാര്‍ വഹിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ള ലൈന്‍ നിലവിലെ മെട്രോ പദ്ധതിയുടെ ഭാഗമല്ല. ഇത് നിലവിലെ പദ്ധതിയുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ പ്രത്യേക പദ്ധതിയാണെന്നാണ് കൊച്ചി മെട്രോയുടെ നിലപാട്. ഇന്‍ഫോ പാര്‍ക്ക് വഴി മെട്രോ ലൈന്‍ യാഥാര്‍ഥ്യമായാല്‍ കൂടുതല്‍ പ്രയോജനം ലഭിക്കും. പുതുക്കിയ പദ്ധതിയെക്കുറിച്ച് ബോര്‍ഡ് മീറ്റിംഗില്‍ വിശദമായി ചര്‍ച്ച ചെയ്തു. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ വഴി കേന്ദ്രത്തിന്റെ അനുമതിക്കായി സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് സെന്ററിന് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ബിസിനസ് ഇന്‍കുബേഷന്‍ സെന്റര്‍ ആരംഭിക്കുന്നതിന് 1.56 ഏക്കര്‍ സ്ഥലം പാട്ടത്തിന് നല്‍കും. ഏക്കറിന് 120 ലക്ഷം രൂപ ഒറ്റത്തവണ പാട്ടത്തുക നിരക്കിലും 25,000 രൂപ വാര്‍ഷിക പാട്ടത്തുക നിരക്കിലും ഈടാക്കും. ടെക്‌നോപാര്‍ക്ക് മൂന്നാംഘട്ട പദ്ധതി പ്രദേശത്തെ സ്‌പെഷ്യല്‍ എക്കണോമിക് സോണില്‍ പെടാത്ത ഭൂമിയായിരിക്കും നല്‍കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ മോഹന്‍ദാസിനെ സ്‌പെഷ്യല്‍ ഓഫീസറായി നിയോഗിച്ചു. പുനലൂരില്‍ സബ് കോടതി ആരംഭിക്കും. ഇതിനായി 14 ഉദ്യോഗസ്ഥ പദവികള്‍ സൃഷ്ടിക്കും. വള്ളുവനാട് നാട്ടുരാജാക്കന്മാരില്‍ അര്‍ഹരായ ആറുപേര്‍ക്ക് പെന്‍ഷന്‍ നല്‍കും. സാമൂതിരി പെന്‍ഷന്‍ പദ്ധതിയില്‍പ്പെടുത്തി 2,500 രൂപ വീതമായിരിക്കും പെന്‍ഷന്‍ നല്‍കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.