കാറുമായി കടന്ന യുവാവ് അതേ കാര്‍ മറിഞ്ഞ് മരിച്ചു

Thursday 12 November 2015 10:13 am IST

കല്‍പ്പറ്റ: കുടുംബനാഥനെയും മക്കളെയും കുത്തിപ്പരിക്കേല്‍പിച്ച് കാറുമായി കടന്ന യുവാവ് അതേ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചു. മീനങ്ങാടി വേങ്ങൂര്‍ കോളനിയിലെ വാഴക്കണ്ടി പരേതനായ മുകുന്ദന്റെ മകന്‍ വിനീതാ(28)ണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി  മുട്ടിലിനും പാറക്കലിനും ഇടയിലുള്ള ചേനംകൊല്ലി വളവില്‍ കാര്‍ മറിഞ്ഞ് ഇയാള്‍ക്ക് തലക്ക് ഗുരുതര പരുക്കേല്‍ക്കുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ കല്‍പ്പറ്റ സ്വകാര്യ ആശുപ്രതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാത്രി എട്ടോടെ കമ്പളക്കാടിനടുത്ത മടക്കിമല മുരണിക്കര വളവിലാണ് സംഭവങ്ങളുടെ തുടക്കം. മീനങ്ങാടി മൈലമ്പാടി മനോജ്(42), ഭാര്യ കുമാരി(38), മകന്‍ അനൂപ്(14), മകള്‍ അനുഷ(13) എന്നിവര്‍ സഞ്ചരിച്ച കാര്‍ വിനീത് തടഞ്ഞുനിര്‍ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുമാരിയുടെ മടക്കിമലയിലെ വീട്ടില്‍ പോയി തിരിച്ചുവരികയായിരുന്നു കാറിലുണ്ടായിരുന്നവര്‍. മീനങ്ങാടിയില്‍ ഓട്ടോഡ്രൈവറാണ് വിനീത്. വിവിധ ആവശ്യങ്ങള്‍ക്കായി വിനീതിന്റെ ഓട്ടോയാണ് മനോജ് സ്ഥിരമായി വിളിച്ചിരുന്നത്. ഈയടുത്ത് മനോജ് കാര്‍ വാങ്ങിയെങ്കിലും ദൂരസ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ കാര്‍ ഡ്രൈവറായും വിനീതിനെയായിരുന്നു വിളിച്ചിരുന്നത്.
എന്നാല്‍ ഡ്രൈവിങ് പഠിച്ചതോടെ കാര്‍ മനോജ് തന്നെ ഓടിക്കാന്‍ തുടങ്ങി. ഈ കാറിലായിരുന്നു കുടുംബം മടക്കിമലയിലേക്ക് പോയത്. ഇതറിഞ്ഞ് ഇവിടെയെത്തിയ വിനീത് തന്നെ വിളിക്കാത്തത് എന്താണെന്ന് ചോദിച്ച് ഇവരുമായി ബഹളമുണ്ടാക്കി. ഇതിന് ശേഷം കുടുംബം മനോജിന്റെ മീനങ്ങാടി മൈലമ്പാടിയിലെ വീട്ടിലേക്ക് തിരിച്ചുവരവെ മുരണിക്കര വളവില്‍ വച്ച് വിനീത് കാര്‍ തടഞ്ഞുനിര്‍ത്തി കൈയിലുണ്ടായിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മനോജിനും മകന്‍ അനൂപിനും കൈക്ക് പരിക്കേറ്റു. ആളുകള്‍ ഓടിക്കൂടിയതോടെ വിനീത് കാര്‍ വേഗതയില്‍ ഓടിച്ചുപോവുകയായിരുന്നു. പാറക്കലിനടുത്ത ചേനംകൊല്ലയില്‍ വെച്ച് കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞാണ് വിനീതിന് ഗുരുതരമായി പരുക്കേറ്റത്. കല്‍പ്പറ്റ സ്വകാര്യആശുപത്രിയില്‍ ചൊവ്വാഴ്ചരാത്രിയാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി വൈകിയുണ്ടായ സംഭവത്തില്‍ ദുരൂഹതയുള്ളതായി ്രപചരിച്ചിരുന്നു. അവിവാഹിതനാണ്. മാതാവ്: പത്മിനി എന്ന കമലാക്ഷി. സഹോദരന്‍: വിനോദ്.
 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.