ബാര്‍ കോഴ: ഗുരുതര ആരോപണമുള്ളത്‌ ബാബുവിനെതിരെയെന്ന് മാണി

Thursday 12 November 2015 3:29 pm IST

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരെയാണ് ഗുരുതരമായ ആരോപണമുള്ളതെന്ന്‌ കെഎം മാണി. ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാബുവിനെതിരെ മാണി നേരിട്ടല്ലാത്ത ആരോപണമുന്നയിച്ചത്. ബാബുവിന് നേരിട്ട് പണം നല്‍കിയെന്നാണ് ബാറുടമ ആരോപണം ഉന്നയിച്ചിട്ടുള്ളത്. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണം വെറും കേട്ടുകേള്‍വി മാത്രമായിരുന്നു. ആരോപണങ്ങള്‍ ഉന്നയിച്ച ബിജു രമേഷ് പോലും തനിക്ക് നേരിട്ട് പണം നല്‍കിയെന്ന് പറഞ്ഞിട്ടില്ല. കൂടുതല്‍ തുറന്നു പറയാന്‍ തനിക്കാകില്ലെന്നും മാണി പറഞ്ഞു. എന്നാല്‍ മാണിയുടെ പരാമര്‍ശങ്ങള്‍ വാര്‍ത്തയായതോടെ വിശദീകരണവുമായി കെ എം മാണി രംഗത്തെത്തി. ബാബുവിന് നല്ലത് വരണമെന്നും ബാബുവിന്റെ നന്‍മ മാത്രം ആഗ്രഹിക്കുന്ന ആളാണ് താനെന്നും മാണി പറഞ്ഞു. ബാബുവിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും മാണി വ്യക്തമാക്കി. അതേസമയം, ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബുവിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് ബിജു രമേശ് ഹൈക്കോടതിയെ സമീപിക്കും. അന്വേഷണത്തിന് കോടതി മേല്‍നോട്ടം വഹിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടും. ബാബുവിനെതിരെ ആദ്യം നടത്തിയത് ക്വിക് വെരിഫിക്കേഷനാണോ എന്ന കാര്യത്തില്‍ വ്യക്തത വേണമെന്നും ആവശ്യപ്പെടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.