നാദാപുരത്തെ സിപിഎം കേന്ദ്രങ്ങളില്‍ ബിജെപിക്ക് വന്‍ വോട്ട് വര്‍ദ്ധന

Thursday 12 November 2015 12:50 pm IST

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പഞ്ചായത്തുകളില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. നാദാപുരം നിയോജകമണ്ഡലത്തില്‍ എല്ലാ പഞ്ചായത്തുകളിലും വന്‍തോതില്‍ വോട്ട് വര്‍ദ്ധനയാണ് ബിജെപി നേടിയത്. ചെക്യാട്, എടച്ചേരി, കാവിലുമ്പാറ, കായക്കൊടി, മരുതോങ്കര, നാദാപുരം, തൂണേരി, വളയം, വാണിമേല്‍, നരിപ്പറ്റ എന്നീ പഞ്ചായത്തുകളില്‍ പല വാര്‍ഡുകളിലും ബിജെപി ഉയര്‍ന്ന വോട്ടോടെ രണ്ടാം സ്ഥാനം കൈവരിക്കുകയും ചെയ്തു. വളയം പഞ്ചായത്തില്‍ ചെക്കോറ്റ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി സി. ചന്ദ്രന്‍ ഒരു വോട്ടിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി യോട് തോറ്റത്. ഇവിടെ സിപിഎം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. കുറ്റിക്കാട്, ചുഴലി, ചാലിയാട്ട്‌പൊയില്‍ എന്നീ വാര്‍ഡുകളിലും ബിജെപി രണ്ടാംസ്ഥാനത്തെത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 644 വോട്ടാണ് പഞ്ചായത്തില്‍ നേടിയതെങ്കില്‍ ഇത്തവണ അത് 1565 വോട്ടായി വര്‍ദ്ധിക്കുകയും ചെയ്തു. മണ്ഡലത്തിലെ മറ്റൊരു സിപിഎം കോട്ടയായ എടച്ചേരി പഞ്ചായത്തിലും ബിജെപി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു. 1386 വോട്ടുകളാണ് ഇവിടെ ബിജെപി നേടിയത്. 2010ല്‍ ഇത് വെറും 95 വോട്ടുകള്‍ മാത്രമായിരുന്നു. എടച്ചേരി നോര്‍ത്ത് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കൊപ്പം 229 വോട്ടുകള്‍ നേടി ബിജെപി ശക്തി തെളിയിക്കുകയും ചെയ്തു. കായക്കൊടി പഞ്ചായത്തില്‍ 1453 വോട്ടുകളാണ് ബിജെപി ഇത്തവണ നേടിയത്. ഇവിടെ കരിമ്പലക്കണ്ടി വാര്‍ഡില്‍ 232 വോട്ടുകള്‍ നേടി യുഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി രണ്ടാമതെത്തുകയും ചെയ്തു. കഴിഞ്ഞ തവണ പഞ്ചായത്തില്‍ 338 വോട്ടുകള്‍ മാത്രമാണ് ബിജെപി നേടിയിരുന്നത്. കാവിലുമ്പാറ പഞ്ചായത്തിലും രണ്ടു വാര്‍ഡുകളില്‍ ബിജെപി രണ്ടാമതെത്തി. കരിങ്ങാട് വാര്‍ഡില്‍ 278 വോട്ടും പൈക്കളങ്ങാടി വാര്‍ഡില്‍ 222 വാര്‍ഡും നേടിയാണ് ബിജെപി ശക്തി തെളിയിച്ചത്. ഇവിടെ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തായി. 1687 വോട്ടുകളാണ് ബിജെപി പഞ്ചായത്തില്‍ നേടിയത്. 2010ല്‍ 338 വോട്ടുകള്‍ മാത്രമാണ് ഇവിടെ ബിജെപി നേടിയത്. നരിപ്പറ്റ പഞ്ചായത്തിലെ സിപിഎം കോട്ടകളിലും ബിജെപി നല്ല മുന്നേറ്റമാണ് കാഴ്ചവെച്ചത്. പഞ്ചായത്തില്‍ 2245 വോട്ടുകളാണ് ബിജെപി നേടിയത്. മുണ്ടിയാല്‍, പയ്യാക്കണ്ടി, താവുള്ളകൊല്ലി തുടങ്ങിയ പരമ്പരാഗത കമ്മ്യൂണിസ്റ്റ് കേന്ദ്രങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി. ഇവിടെ കോണ്‍ഗ്രസിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 2010ല്‍ പഞ്ചായത്തില്‍ ബിജെപി ആകെ നേടിയത് 231 വോട്ടുകള്‍ മാത്രമായിരുന്നു. നാദാപുരം പഞ്ചായത്തില്‍ 2289 വോട്ടായി വര്‍ദ്ധിപ്പിക്കാനും രണ്ട് വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തെത്താനും കഴിഞ്ഞു. 431 വോട്ട് നേടി രണ്ടാംസ്ഥാനം നേടിയ ഇയ്യങ്കോട് വെസ്റ്റ് വാര്‍ഡില്‍ സിപിഎം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. വിഷ്ണുമംഗലത്താണ് ബിജെപി രണ്ടാംസ്ഥാനം നേടിയ മറ്റൊരു വാര്‍ഡ്. വാണിമേല്‍ പഞ്ചായത്ത് കുറ്റല്ലൂര്‍ വാര്‍ഡില്‍ ബിജെപി 244 വോട്ടു നേടി രണ്ടാം സ്ഥാനം നേടി. തൂണേരി, മരുതോങ്കര എന്നിവിടങ്ങളിലും വന്‍ വോട്ടു വര്‍ദ്ധനയാണ് ബിജെപി നേടിയത്. സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളിലാണ് ബിജെപി വന്‍ വളര്‍ച്ചനേടിയതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സിപിഎമ്മിന് ബദലായി ഇത്തരം കേന്ദ്രങ്ങളില്‍ ബിജെപി വളര്‍ച്ച നേടി. ഇവിടങ്ങളില്‍ കോണ്‍ഗ്രസ് അസ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തിരിക്കുകയാണ്. തനിച്ച് മത്സരിച്ച് ഇരുമുന്നണികളെയും ഞെട്ടിപ്പിക്കുന്ന മുന്നേറ്റമാണ് ബിജെപി കാഴ്ചവെച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.