ചൂഷണം ചെറുക്കാന്‍ സ്ത്രീകള്‍ക്ക് നിയമ സാക്ഷരത വേണം :ഗവര്‍ണര്‍

Thursday 12 November 2015 8:24 pm IST

ജെന്‍ഡര്‍ പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ കോവളംത്ത് ആരംഭിച്ച ത്രിദിന ലിംഗസമത്വ രാജ്യാന്തര സമ്മേളനത്തില്‍ പാര്‍ക്കിന്റെ ലോഗോ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഡോ. മല്ലികാ സാരാഭായ്, പ്രൊഫ.നൈല കബീര്‍, മന്ത്രി,എം കെ മുനീര്‍, പികെ ശ്രീമതി എംപി, ചീഫ് സെക്രട്ടറി ജിജി തോംസണ്‍ എന്നിവര്‍ സമീപം

തിരുവനന്തപുരം: ചൂഷണം ചെറുത്ത് സമൂഹത്തില്‍ സമത്വം നിലനിര്‍ത്താന്‍ സ്ത്രീകള്‍ നിയമ സാക്ഷരത നേടണമെന്ന ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. സ്ത്രീകളെ സംബന്ധിക്കുന്ന പുതിയ നിയമങ്ങളേയും നിയമ ഭേദഗതികളേയും മൗലികാവകാശങ്ങളേയും കുറിച്ച് അറിവ് പകരാന്‍ ബ്ലോക്ക്, താലൂക്ക് തലങ്ങളില്‍ ബോധവല്‍ക്കരണം നടത്തണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ത്രിദിന ലിംഗസമത്വ രാജ്യാന്തര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീ ശാക്തീകരണം മുന്‍നിര്‍ത്തി ഗാര്‍ഹികപീഡന നിയമം, ലൈംഗിക പീഡന നിയമം, വിവരാവകാശ നിയമം തുടങ്ങിയവയെക്കുറിച്ച് പ്രാദേശിക ഭാഷയിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്യുകയും ശില് പശാലകള്‍ സംഘടിപ്പിക്കുകയും വേണം. ലിംഗ സമത്വ നീതിയുക്ത സമൂഹത്തിനായി നിയമോപദേഷ്ടാക്കള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. പൊലീസുകാര്‍ക്കിടയിലും അവബോധം സൃഷ്ടിക്കണം. ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

രാജ്യത്ത് ആദ്യമായി ഭിന്നലിംഗ നയം രൂപീകരിച്ച സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി എം കെ മുനീര്‍ പറഞ്ഞു. ഈ നയം അടിസ്ഥാനമാക്കി കര്‍മ്മ പദ്ധതി തയ്യാറാക്കി നടപ്പിലാക്കും. വീടുമുതല്‍ ശവക്കല്ലറവരെ സ്ത്രീകള്‍ വിവേചനത്തിന് വിധേയരാകുന്നുണ്ട്. രാജ്യത്ത് 35 ശതമാനത്തോളം സ്ത്രീകള്‍ ശാരീരിക പീഡനത്തിന് വിധേയരാകുന്നുണ്ട്. ഇത്തരം പ്രവണതകള്‍ അകറ്റി അവകാശങ്ങള്‍ തുല്യമായി അനുഭവിക്കുന്ന സ്ഥിതി സംജാതമാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

സംരഭകമേഖലയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്തമാസം സംരംഭകത്വത്തിലൂന്നിയ രാജ്യാന്തര സമ്മേളനത്തിന് കേരളം വേദിയാകുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഭിന്നലിംഗ നയം സമ്മേളനത്തില്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മനുഷ്യാവകാശ പ്രവര്‍ത്തക അകായ് പത്മശാലിക്കു കൈമാറി പ്രകാശനം ചെയ്തു. ജെന്‍ഡര്‍ പാര്‍ക്കിന്റെ ലോഗോ വ്യവസായ മന്ത്രിക്കു നല്‍കി ഗവര്‍ണര്‍ പ്രകാശനം ചെയ്തു. ജെന്‍ഡര്‍ പാര്‍ക്കിനെക്കുറിച്ച് സിഇഒ ഡോ. പി.റ്റി.എം സുനീഷ് അവരണം നടത്തി. പ്രികെ ശ്രീമതി എംപി, സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി വ്രി എന്‍ ജിതേന്ദ്രന്‍, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ജെന്‍ഡര്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രൊഫ.നൈല കബീര്‍, സാമൂഹിക സന്നദ്ധ പ്രവര്‍ത്തക ഡോ. മല്ലികാ സാരാഭായ്, യു.എന്‍ വിമെന്‍ സീനിയര്‍ അഡൈ്വസര്‍ അപര്‍ണ മല്‍ഹോത്ര എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.