ആവിഷ്‌കാര സ്വാതന്ത്ര്യം കേരള മോഡല്‍

Friday 13 November 2015 9:30 am IST

കുറച്ചുകാലം മുമ്പ് സന്തോഷ് മാധവന്‍, ഭദ്രാനന്ദന്‍ തുടങ്ങി ചിലര്‍ അധോലോക ഏര്‍പ്പാടുകളും സാമ്പത്തിക വ്യവഹാരങ്ങളുമായി രംഗത്തുവന്നു. കേസും ബഹളവുമായി. അതിനെതിരെ സമരവുമായി ഡിവൈഎഫ്‌ഐ രംഗത്തുവന്നു. പക്ഷേ അവര്‍ വ്യാജസന്ന്യാസി വേട്ടയുടെ പേരില്‍ സന്തോഷ് മാധവനെയും ഭദ്രാനന്ദയെയും ഒന്നും ചെയ്തില്ല. ആ പേരില്‍ കേരളത്തില്‍ ആക്രമിക്കപ്പെട്ടത് ജനനന്മക്കുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സാധാരണ സന്യാസിമാര്‍ ആയിരുന്നു. കാരണം, മുമ്പ് (ജയവിജയ) ജയന്‍ ചെയ്തതു തന്നെ; മതവും സാംസ്‌ക്കാരവും പഠിപ്പിച്ചു. ഇടുക്കിയില്‍ വനവാസികളുടെ ഇടയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരു സന്ന്യാസിയെ പെരുവഴിയിലിട്ട് മര്‍ദ്ദിച്ചു. താടിയും മുടിയും വലിച്ചുപറിച്ചു. കണ്ണൂര്‍ ജില്ലയുടെ വടക്കേയറ്റത്ത് ചീമേനിക്കടുത്ത് കിണര്‍മുക്ക് എന്ന ഗ്രാമത്തില്‍ വിനുസ്വാമി എന്നൊരു സാധുചെറുപ്പക്കാരന്‍ തനിക്കു പാരമ്പര്യമായി കിട്ടിയ സ്ഥലത്ത് ഒരു ആശ്രമം കെട്ടി വായനയും ധ്യാനവുമായി കഴിഞ്ഞിരുന്നു. സന്യാസിവേട്ടയുടെ ഭാഗമായി ഈ ആശ്രമവും അതിലുണ്ടായിരുന്ന ആയിരക്കണക്കിന് ഗ്രന്ഥങ്ങളും തീയിട്ടുനശിപ്പിച്ചു. എന്നുമാത്രമല്ല ഈ ചെറുപ്പക്കാരനായ അവധൂതനെ പെരുവഴിയില്‍ പിടിച്ചുനിര്‍ത്തി താടിയും മുടിയും വെട്ടി, ക്ഷൗരം ചെയ്ത് മര്‍ദ്ദിച്ചു. ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്റെ പ്രവാചകന്മാരെ ഇതിനു പ്രേരിപ്പിച്ചത് മറ്റൊരു രഹസ്യമാണ്. ഈ അവധൂതന്‍ മുമ്പ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്നു. വെളിവുണ്ടായപ്പോള്‍ വിപ്ലവം ഉപേക്ഷിച്ച് സന്ന്യാസിയായി. കമ്മ്യൂണിസം ഉപേക്ഷിച്ച് അതിനു വിരുദ്ധമായ ജീവിതം നയിക്കുന്നവരെ ഉന്മൂലനം ചെയ്യുന്നതിനെയാണല്ലോ ആവിഷ്‌ക്കാരസ്വാതന്ത്ര്യമെന്ന് പാര്‍ട്ടിയുടെ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്. ഇത്രയൊക്കെയായിട്ടും കേരളത്തിലെ ബുദ്ധിജിവികളില്‍ പലരും ഈ കമ്മ്യൂണിസ്റ്റ് തേറ്റ തിരിച്ചറിയുന്നില്ല. അഥവാ അടികൊള്ളാന്‍ അവരുടെ ‘കുടുംബപാരമ്പര്യം’ അനുവദിക്കുന്നില്ല. കേരളത്തിന്റെ മഹാകവി, ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസകാരന്‍, അക്കിത്തത്തിന്റെ കവിത പാഠപുസ്തകത്തില്‍ ചേര്‍ക്കുന്നതിനു തീരുമാനിച്ചു. അതിലെ ഒരു വാക്ക് കമ്മ്യൂണിസക്കാര്‍ക്ക് സഹിച്ചില്ല. “അമ്പാടിക്കണ്ണന്‍” എന്നതായിരുന്നു ആ വാക്ക്. കമ്മ്യൂണിസ്റ്റ് വിദ്യാഭ്യാസമന്ത്രി ഇടപെട്ട് കവിയുടെ അനുമതിയില്ലാതെ ആ വാക്കു തിരുത്തി ഞാവല്‍പ്പഴം എന്നാക്കി. ഒരു കവിതാശകലത്തിലെ അമ്പാടിക്കണ്ണന്‍ എന്ന ഒരു വാക്കുപോലും സഹിക്കാന്‍ കഴിയാത്തവര്‍ ആണ് ആവിഷ്‌ക്കാരസ്വാതന്ത്ര്യപ്പോരാളികള്‍! പയ്യന്നൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ച സക്കറിയായെ കമ്മ്യൂണിസക്കാര്‍ തല്ലി. എന്തിനും ഏതിനും ഹിന്ദുപ്രസ്ഥാനങ്ങളെ തെറിവിളിക്കാന്‍ പാര്‍ട്ടിയുടെ നാവായി ഉപയോഗിച്ചിരുന്നത് സക്കറിയയുടെ നാവായിരുന്നു. ആ നാവില്‍നിന്ന് അറിയാതെ പാര്‍ട്ടിക്കെതിരെ വന്ന ഒരു വാക്ക് സക്കറിയയുടെ ജാതകം തിരുത്തി. അര്‍ഹിക്കുന്നവരുടെ കൈകളില്‍ നിന്ന് കഥാകാരന് ഗുരുദക്ഷിണ കിട്ടി. കിട്ടാനുള്ളതു കിട്ടിയപ്പോള്‍ സക്കറിയാ സംതൃപ്തിയോടെ മടങ്ങി. പാര്‍ട്ടിയെ വിമര്‍ശിച്ചു എന്ന ഒറ്റക്കാരണത്താല്‍ മലയാളത്തിന്റെ മറ്റൊരു കഥാകാരനായ സി. വി. ബാലകൃഷ്ണനും കിട്ടി പാര്‍ട്ടിയുടെ തലോടല്‍. കണ്ണൂര്‍ ജില്ലയില്‍ നിന്നു തന്നെയാണു കിട്ടിയത് എന്നതില്‍ സാക്ഷരകേരളത്തിന് അഭിമാനിക്കാം. കാരണം കണ്ണൂരാണല്ലോ ജനാധിപത്യത്തിന്റെ ശ്രീ കോവില്‍! വടക്കേ മലബാറില്‍ പയ്യന്നൂര്‍ എന്നൊരു സ്ഥലം. അവിടെ അന്നൂര്‍ എന്ന ഗ്രാമം. സാംസ്‌ക്കാരികമായ പാരമ്പര്യവും പാരമ്പര്യത്തെ തിരിച്ചറിയുന്ന കുറെ ആള്‍ക്കാരും താമസിക്കുന്ന ഇടം. കണ്ണുകാണാത്ത കുറെ കമ്മ്യൂണിസക്കാരും. വടക്കേ മലബാറിലെ നാടന്‍ കലകളെക്കുറിച്ചു ഗവേഷണം നടത്തിയ ഒരു പ്രൊഫസര്‍ അവിടെ താമസിക്കുന്നു. താന്‍ പഠിക്കുകയും മനസിലാക്കുകയും ചെയ്ത ജ്ഞാനം വരുംതലമുറക്കു പകര്‍ന്നുനല്‍കാന്‍ പരമ്പരാഗത രീതിയില്‍ ഒരു കളരി സ്ഥാപിച്ചു.തെയ്യത്തെക്കുറിച്ചും അതിന്റെ ആത്മീയ ദാര്‍ശനിക തലങ്ങളെക്കുറിച്ചും പഠിപ്പിച്ചുതുടങ്ങി. ഇവയിലൊക്കെ അടങ്ങിയിരിക്കുന്നത് വേദോപനിഷത്തുകളിലെ ആശയങ്ങളെന്ന് കുട്ടികളെ പഠിപ്പിച്ചു. കമ്മ്യൂണിസക്കാര്‍ക്ക് ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്റെ അടിയന്തരാവശ്യം ബോധ്യപ്പെട്ടു. പറഞ്ഞും പഠിപ്പിച്ചും വരുന്നത് ഹിന്ദുത്വമാണല്ലോ. കമ്മ്യൂണിസക്കാരുടെ ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തില്‍ ഹിന്ദുത്വാശയങ്ങളെപെടുത്തിയിട്ടില്ല. അന്നൂരില്‍ കളരി നടത്തിയ ഡോ: ആര്‍. സി. കരിപ്പത്ത് എന്ന തെയ്യം കലാപണ്ഡിതനെ പാര്‍ട്ടിക്കാര്‍ ചെന്നുകണ്ടു. കമ്മ്യൂണിസത്തില്‍ ഇല്ലാത്തതൊന്നും പഠിപ്പിക്കാന്‍ പാടില്ല എന്നു കല്‍പിച്ചു. ഒരധ്യാപകനെന്ന നിലക്ക്, അവരെ പലരെയും പഠിപ്പിച്ചിട്ടുള്ള ആളായതുകൊണ്ട് കൂടുതല്‍ ഭീഷണി ഉണ്ടാകില്ല എന്നു ധരിച്ചു; പഠിപ്പിക്കല്‍ തുടര്‍ന്നു. ഭീഷണിയുടെ ആവര്‍ത്തനം, പഠിപ്പിക്കലിന്റെ തുടര്‍ച്ച. ഒടുവില്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യം നടപ്പാക്കാന്‍ പാര്‍ട്ടി കല്‍പിച്ചു. വിപ്ലവകാരികള്‍ കളരിക്കു തീയിട്ടു. പ്രൊഫസര്‍ പോലീസില്‍ കേസുകൊടുത്തു. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ പോലീസ് ഓഫീസര്‍ പ്രൊഫസറെ തേടിയെത്തി; നീതിയുമായല്ല. അധ്യാപകന്‍ അന്നൂരില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്നും പരാതി കിട്ടിയിട്ടുണ്ടെന്നും പറഞ്ഞു. ഗുരുഭൂതന് സമസ്താപരാധം പറയേണ്ടിവന്നു. ഞാന്‍ കളരി കെട്ടിയിട്ടില്ല, കുട്ടികളെ പഠിപ്പിച്ചിട്ടില്ല, ആരും എന്നെ ഭീഷണിപ്പെടുത്തിയിട്ടില്ല, ആരും എന്റെ കളരി കത്തിച്ചിട്ടുമില്ല. അങ്ങനെ ഡോ: ആര്‍. സി. കരിപ്പത്തിന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യവും കമ്മ്യൂണിസക്കാര്‍ സംരക്ഷിച്ചു. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ആവിഷ്‌ക്കാരസ്വാതന്ത്ര്യസംരക്ഷണം കേരളത്തില്‍ അവര്‍ നടത്തിയിട്ടുണ്ട്. ലോക കമ്മ്യൂണിസ്റ്റ് ചരിത്രവും വ്യത്യസ്തമല്ല. എന്നിട്ടും ഇവര്‍ക്കെങ്ങനെയാണ് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെപ്പറ്റി വാതോരാതെ പറയാന്‍ കഴിയുന്നത്? പ്രധാന കാരണം, ആത്മാഭിമാനം എന്നൊന്ന് കമ്മ്യൂണിസക്കാരന് ആവശ്യമില്ല എന്നുള്ളതാണ്. അതുള്ളവര്‍ക്കാണ് അറപ്പുണ്ടാവുക. മറ്റൊന്ന് വിദ്വേഷം പ്രാണവായൂ ആകണം. സത്യത്തിന്റെ ശത്രുക്കളാവുക എന്ന ഗുണമാണ് മറ്റൊന്നുവേണ്ടത്. ഇവ മൂന്നും ചേര്‍ന്നാല്‍ മടികൂടാതെ ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്റെ സംരക്ഷകരും പ്രവാചകരുമാകാം. അതാണ് കമ്മ്യൂണിസം നമ്മെ ബോധ്യപ്പെടുത്തുന്നത്. (അവസാനിച്ചു)  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.