വിലത്തകര്‍ച്ച; മറയൂരിലെ കരിമ്പ് കര്‍ഷകര്‍ മറ്റ് കൃഷികളിലേക്ക് തിരിയുന്നു

Thursday 12 November 2015 10:27 pm IST

ഇടുക്കി:തമിഴ്‌നാട്ടില്‍നിന്നുള്ള ശര്‍ക്കരയുടെ ക്രമാതീതമായ കടന്നുവരവും വിലത്തകര്‍ച്ചയും മറയൂരിലെ കരിമ്പ് കര്‍ഷകരുടെ ജീവിതം ദുരിതത്തിലാക്കുന്നു. ഓണക്കാലത്തും മണ്ഡലകാലത്തുമാണ് മറയൂര്‍ ശര്‍ക്കരയ്ക്ക് ഏറെ ആവശ്യക്കാരുള്ളത്. കഴിഞ്ഞ ഓണക്കാലത്ത് ഒരു കിലോ ശര്‍ക്കരയ്ക്ക് 40 രൂപയായിരുന്നു വില. ക്ഷേത്രങ്ങളില്‍ മണ്ഡലകാല ഉത്സവം തുടങ്ങാന്‍ ദിവസങ്ങള്‍ ശേഷിച്ചിട്ടും ശര്‍ക്കരയുടെ വിലയില്‍ കാര്യമായ മാറ്റമില്ല. ഒരു കിലോ ശര്‍ക്കരയ്ക്ക് അമ്പത് രൂപയെങ്കിലും കിട്ടിയാലേ ഈ കൃഷിയുമായി തുടരാനാകൂ എന്ന് 30 വര്‍ഷമായി കരിമ്പ് കൃഷി നടത്തുന്ന നീലകണ്ഠന്‍നായര്‍ പറയുന്നു. രണ്ടായിരം ഹെക്ടര്‍ പ്രദേശത്താണ് മറയൂര്‍, കാന്തല്ലൂര്‍ എന്നീ പ്രദേശങ്ങളില്‍ കരിമ്പ് കൃഷി നടത്തുന്നത്. ആയിരത്തോളം കൃഷിക്കാരുടെ പ്രധാന ഉപജീവന മാര്‍ഗ്ഗം കരിമ്പ് കൃഷിയാണ്. ഒരേക്കര്‍ പ്രദേശത്ത് കരിമ്പ് കൃഷിയിറക്കിയാല്‍ ശരാശരി 4200 കിലോ ശര്‍ക്കരയാണ് ലഭിക്കുന്നത്. കൃഷിക്കാവശ്യമായ വളവും പണിക്കൂലിയും കഴിഞ്ഞാല്‍ കാര്യമായ ലാഭം ഇപ്പോള്‍ ലഭിക്കുന്നില്ല. ഒരു കിലോ ശര്‍ക്കരയ്ക്ക് 50 രൂപ വില ലഭിച്ചാല്‍ ഈ കൃഷിയുമായി മുന്നോട്ടുപോകാന്‍ കഴിയുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇടുക്കി പാക്കേജില്‍ മറയൂരിലെ കരിമ്പ് കര്‍ഷകര്‍ക്ക് പണം വകനീക്കി വച്ചിരുന്നു. ഇതില്‍ ഒരു കോടിയോളം രൂപ പദ്ധതിയുടെ കാലാവധി തീര്‍ന്നതിനെത്തുടര്‍ന്ന് നഷ്ടമായി. സര്‍ക്കാരില്‍ നിന്നും ഒരു സഹായവും ലഭിക്കാതായതോടെ കവുങ്ങ്, തെങ്ങ്, പച്ചക്കറി എന്നിവ നടുന്നതിലേക്ക് കര്‍ഷകര്‍ തിരിഞ്ഞിരിക്കുകയാണ്. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലേക്ക് മറയൂര്‍ ശര്‍ക്കര വാങ്ങാന്‍ നടപടിയുണ്ടായാല്‍ കര്‍ഷകര്‍ക്ക് പിടിച്ച് നില്‍ക്കാനാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.