തൃപ്പൂണിത്തുറയെ നടുക്കി കൊലപാതകം യുവാവിന്റെ വെട്ടേറ്റ് ഭാര്യാപിതാവ് മരിച്ചു; ഭാര്യക്കും കാമുകനും ഗുരുതര പരിക്ക്

Thursday 12 November 2015 10:59 pm IST

തൃപ്പൂണിത്തുറ: കാമുകനൊപ്പം പോയ ഭാര്യയെയും കാമുകനെയും ഭാര്യാപിതാവിനെയും വെട്ടിക്കൊലപ്പെടുത്താന്‍ യുവാവിന്റെ ശ്രമം. വെട്ടേറ്റ് ഭാര്യാപിതാവ് മരിച്ചു. തൊടുപുഴ കാളിയാര്‍ വണ്ണപ്പുറം കുരുവിക്കടയില്‍ ജോണി (68) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മകള്‍ അനില ജോണി (29), തെക്കൂടം സ്വദേശി ഷിജു എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ ആക്രമിച്ച അനിലയുടെ ഭര്‍ത്താവ് തൃപ്പൂണിത്തുറ തെക്കുംഭാഗം കൈനേടിയില്‍ പ്രജി (34) പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തൃപ്പൂണിത്തുറ എസ്എന്‍ ജംഗ്ഷന് സമീപത്തെ പ്രീമിയര്‍ മെഷീന്‍ ടൂള്‍സ് സ്‌പെയര്‍പാര്‍ട്‌സ് കടയിലും കാമുകന്റെ തൈക്കൂടത്തെ വീട്ടിലുമായാണ് ആക്രമണം നടന്നത്. വ്യാഴാഴ്ച രാവിലെയാണ് നഗരത്തെ നടുക്കിയ ആക്രമണമുണ്ടായത്. പത്ത് മണിയോടെ എസ്എന്‍ ജംഗ്ഷന് സമീപത്തെ കടയിലേക്ക് എത്തിയ പ്രജി ജോണിനെയും അനിലയെയും വെട്ടുകയായിരുന്നു. കഴുത്തിലും വയറിലും മാരകമായി മുറിവേറ്റ ജോണിയുടെ കുടല്‍മാല അടക്കം പുറത്തുവന്ന നിലയിലായിരുന്നു. അനിലയുടെ കഴുത്തിനും തലയിലും വെട്ടേറ്റിട്ടുണ്ട്. സമീപത്തെ കടക്കാരും നാട്ടുകാരും ചേര്‍ന്ന് പോലീസിന്റെ സഹായത്തോടെ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ജോണി ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരിച്ചു. ബൈക്കില്‍ എത്തിയ പ്രതി തൈക്കൂടത്ത് നേവല്‍ ക്വാര്‍ട്ടേഴ്‌സിന് പുറകില്‍ താമസിക്കുന്ന ഷിജുവിന്റെ വീട്ടിലെത്തിയാണ് ഷിജുവിനെ വെട്ടിയത്. തുടര്‍ന്ന് രക്തം പുരണ്ട വസ്ത്രങ്ങള്‍ മാറ്റിയശേഷം പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.ആറുവര്‍ഷം മുമ്പായിരുന്നു പ്രജി അനിലയെ വിവാഹം കഴിച്ചത്. ദീര്‍ഘ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ഓട്ടോഡ്രൈവറായ പ്രജി അനിലയുമൊത്ത് കുറച്ചുകാലം ചമ്പക്കരയില്‍ താമസിച്ചിരുന്നു. ഈ സമയത്താണ് ഷിജുവുമായി അടുത്തതെന്ന് കരുതുന്നു. ഒരുവര്‍ഷത്തില്‍ അധികമായി അനിലയും പിതാവും കുട്ടിയും എസ്എന്‍ ജംഗ്ഷന് സമീപത്തെ റോയല്‍ സണ്‍ഫഌവര്‍ എന്ന ഫഌറ്റിലാണ് താമസം. ഈ ഫഌറ്റ് ഷിജുവാണ് ഇവര്‍ക്ക് എടുത്തുനല്‍കിയതെന്ന് പറയുന്നു. നാലുമാസം മുമ്പ് എസ്എന്‍ ജംഗ്ഷന് സമീപത്ത് ഇവര്‍ സ്‌പെയര്‍പാര്‍ട്‌സ് കട ആരംഭിച്ചതും ഷിജുവിന്റെ മുന്‍കയ്യിലായിരുന്നു. കഴിഞ്ഞ ആഗസ്തില്‍ അനിലയും പ്രജിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഇതോടൊപ്പം ഇവരുടെ നാല് വയസുള്ള കുട്ടിയെ കാണുന്നതിന് പ്രജിയെ അനുവദിക്കാതിരുന്നത് വൈരാഗ്യത്തിനും കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് കരുതുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.