കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ സ്ഥാനമേറ്റു

Friday 13 November 2015 3:48 pm IST

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സി ലിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന ചടങ്ങിലാണ് 75 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റത്. കൗണ്‍സിലിലെ മുതിര്‍ന്ന അംഗം ചെട്ടികുളം വാര്‍ഡിലെ കൗണ്‍സിലര്‍ കെ. കൃഷ്ണന് ജില്ലാകലക്ടര്‍ എന്‍. പ്രശാന്ത് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് വാര്‍ഡ് ക്രമത്തില്‍ കെ.കെ. കൃഷ്ണന്‍ മറ്റ് അംഗങ്ങള്‍ക്ക് പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. ആത്മവിശ്വാസത്തോടെ മിക്കവരും സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കിയപ്പോള്‍ ചിലര്‍ക്കെങ്കിലും നാവ് പിഴക്കുകയും ചെയ്തു. ബിജെപി കൗണ്‍സിലര്‍മാരായ ഇ. പ്രശാന്ത്കുമാര്‍, നമ്പിടി നാരായണന്‍, സതീഷ്‌കുമാര്‍, അനില്‍കുമാര്‍, പൊന്നത്ത് ഷൈമ, ജിഷ ഗിരീഷ്, നവ്യ ഹരിദാസ് എന്നിവര്‍ ഈശ്വരനാമത്തില്‍ പ്രതിജ്ഞ ചെയ്താണ് സ്ഥാനമേറ്റത്. മുന്‍മേയറും സിപിഎം മേയര്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെടുന്നവരിലൊരാ ളുമായ തോട്ടത്തില്‍ രവീന്ദ്രനും എല്‍ഡിഎഫ് സ്വതന്ത്ര ബീനാ രാജനും ഈശ്വരനാമത്തിലാണ് പ്രതിജ്ഞ ചെയ്തത്. ലീഗ് കൗണ്‍സിലര്‍മാരില്‍ എം. കുഞ്ഞാമ്മുട്ടി, സൗഫിയ അനീഷ് എന്നിവരും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ വി. റഹിയ, അഡ്വ. പി.എം. നിയാസ് എന്നിവരും അല്ലാഹുവിന്റെ നാമത്തില്‍ പ്രതിജ്ഞ ചെയ്തപ്പോള്‍ മറ്റുള്ള കോണ്‍ഗ്രസ്, ലീഗ്, ജനതാദള്‍(യു) അംഗങ്ങള്‍ ദൈവനാമത്തില്‍ പ്രതിജ്ഞ ചെയ്യുന്നു എന്നറിയിച്ചു. പുതിയങ്ങാടി വാര്‍ഡിലെ സിപിഎം കൗണ്‍സിലര്‍ റഫീഖ് ദൃഢപ്രതിജ്ഞയും ദൈവനാമത്തിലുള്ള പ്രതിജ്ഞയും ചെയ്തില്ല പകരം സത്യപ്രതിജ്ഞ ചെയ്യുന്നു എന്നു മാത്രം പറഞ്ഞു പ്രതിജ്ഞ പൂര്‍ത്തിയാക്കുകയായിരുന്നു. 45 എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ദൃഢപ്രതിജ്ഞ ചെയ്തും സ്ഥാനമേറ്റു. വലിയങ്ങാടി വാര്‍ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പട്ട ജനതാദള്‍(യു)അംഗം ജയശ്രീ കീര്‍ത്തി ഇംഗ്ലീഷിലാണ് പ്രതിജ്ഞ ചൊല്ലിയത്. എംഎല്‍എമാരായ എ. പ്രദീപ്കുമാര്‍, ഇ.കെ. വിജയന്‍, എ.കെ. ശശീന്ദ്രന്‍, മുന്‍ മേയര്‍ പ്രൊഫ. എ.കെ, പ്രേമജം, കോര്‍പ്പറേഷന്‍ സെക്രട്ടറി സതീശന്‍ തുടങ്ങിയവര്‍ വേദിയിലുണ്ടായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് പി. രഘുനാഥ്, സംസ്ഥാന സമിതി അംഗം എന്‍.പി. രാധാകൃഷ്ണന്‍, ജില്ലാസെക്രട്ടറി അഡ്വ. വി.പി. ശ്രീപത്മനാ ഭന്‍, ആര്‍എസ്എസ് വിഭാഗ് സമ്പര്‍ക്ക പ്രമുഖ് വി. അനില്‍കുമാര്‍, മുന്‍ മേയര്‍മാരായ സി.ജെ. റോബിന്‍, രാജഗോപാല്‍, യു.ടി. രാജന്‍, എം. ഭാസ്‌ക്കരന്‍, സിപിഎം ജില്ലാസെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍, ടി.പി. രാമകൃഷ്ണന്‍, മുസ്ലീംലീഗ് ജില്ലാസെക്രട്ടറി എം.എ. റസാഖ് മാസ്റ്റര്‍, മുന്‍ മന്ത്രി എം.ടി. പത്മ, മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, മുന്‍ ഡെപ്യൂട്ടി മേയര്‍ പി.ടി. അബ്ദുള്‍ ലത്തീഫ് തുടങ്ങിയവരും ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. നേതാക്കളെ കൂടാതെ കൗണ്‍സിലര്‍മാരുടെ ബന്ധുക്കളും സുഹൃത്തുക്കളും മുന്‍ കൗണ്‍സിലര്‍മാരും വിവിധ പാര്‍ട്ടി പ്രവര്‍ത്ത കരുമുള്‍പ്പെടുന്ന വലിയൊരു സംഘവും ടാഗോര്‍ ഹാളിലെത്തിയിരുന്നു. സത്യപ്രതി ജ്ഞയ്ക്കുശേഷം കൗണ്‍സി ലിന്റെ ആദ്യയോഗവും ചേര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.