വാല്മീകി രാമായണം യുദ്ധകാണ്ഡത്തിലെ സൂര്യനാരായണ സ്തുതിപരമായ മുപ്പത്തൊന്ന് ശ്ലോകങ്ങളാണ് ‘ആദിത്യഹൃദയം’ വില്ലാളികളിലും മഹര്‍ഷിമാരിലും പ്രഥമഗണനിയനായ അഗസ്ത്യമഹര്‍ഷി രാവണസംഹാരത്തിനുമുമ്പായി ശ്രീരാമചന്ദ്രന് ഉപദേശിച്ചുകൊടുത്ത മന്ത്ര സമുച്ചയമാണിത്. സര്‍വ്വാഭീഷ്ടപ്രദമായ ഈ ശ്ലോക രത്നം ജപിച്ചാല്‍ അന്ധതയും, അജ്ഞതയും മാത്രമല്ല താപത്രയവും, വിഷാദവുമകന്നുപോകും എന്നാണ് ഫലശ്രുതി. ഹൃദിസ്ഥമാക്കേണ്ടതാണിവ, മുഖസ്ഥമാവേണ്ടതും.
തതോ യുദ്ധ പരിശ്രാന്തം
സമരേ ചിന്തയാസ്ഥിതം
രാവണം ചാഗ്രതോദൃഷ്ട്വാ
യുദ്ധായ സമുപസ്ഥിതം
തത: – അന്തരം
യുദ്ധപരിശ്രാന്തം – യുദ്ധത്തില്‍ ക്ഷീണിച്ച
സമരേചിന്തയാസ്ഥിതം – ചിന്താധീനനായി നില്ക്കുന്ന (രാമന്)
യുദ്ധായ സമുപസ്ഥിതം – യുദ്ധത്തിന് എത്തിച്ചേര്‍ന്ന
രാവണം ച – രാവണനെ
അഗ്രതോ ദൃഷ്ട്വാ – മുന്നില്‍ കണ്ടിട്ട്.
രാമ രാവണയുദ്ധം. അതിനുതുല്യം അതുമാത്രം. ഇപ്പോള്‍ ശ്രീരാമന് പ്രക്ഷീണനാണ്, ചിന്താവിവശനുമാണ്. വിചാര വിഷ്ടനെ ഉണര്‍ത്തി ഊര്‍ജ്ജസ്വലനാക്കാന്‍ തത്വോപദേശങ്ങള്ക്കുകഴിയും. പ്രത്യേകിച്ചു ഗുരുസ്ഥാനീയരുടെ ഉപദര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും.
ദൈവതൈശ്ച സമാഗമ്യ
ദ്രഷ്ടുമഭ്യാഗതോ രണം
ഉപാഗമ്യാബ്രവീത് രാമം
അഗസ്ത്യോ ഭഗവാനൃഷി:
രണം – യുദ്ധം
ദ്രഷ്ടുമഭ്യാഗത – കാണാന്‍വന്ന
ഭഗവാന് ഋഷി – ഭഗവാന്
അഗസ്ത്യ: – അഗസ്ത്യ മഹര്‍ഷി
ദൈവതൈ: ച – ദേവതകളൊപ്പം
സമാഗമ്യ – വന്ന്
രാമം ഉപഗമ്യ – രാമന്റെ അടുത്തെത്തി.
അബ്രവീത് – ഇപ്രകാരം പറഞ്ഞു.
ഏതാണ്ട് അമ്പതോളം ഋഷിമാരുടെ മഹനീയ സാന്നിധ്യം വാത്മീകി രാമായണത്തിലുണ്ട്. ഏറെപുരാണ പ്രസിദ്ധിയുള്ള മഹര്‍ഷിയാണ് അഗസ്ത്യന്. അഗസ്ത്യമുനി ഒറ്റയ്ക്കല്ല. ദേവതകളൊത്താണ് രാമ രാവണയുദ്ധം കാണാനെത്തിയിരിയ്ക്കുന്നത്. ഋഷിയ്ക്ക് ഭഗവാന് എന്നധ്വനിതരളം.ഇതിഹാസ കഥ യഥാര്‍ത്ഥത്തില്‍ സംവിധാനം ചെയ്തിരിയ്ക്കുന്നത് ഋഷി പരമ്പരയാണ്.
രാമ രാമ മഹാബാഹോ
ശൃണു ഗുഹ്യം സനാതനം
യേന സര്വ്വാനരിന് വത്സ,
സമരേ വിജയിഷ്യസി
രാമ രാമ മഹാബാഹോ – രാമാ രാമാ മഹാബാഹോ
സനാതനം ഗുഹ്യം – സനാതനമായ രഹസ്യം
ശ്രുണു – കേട്ടാലും
വത്സയേന സമരേ – വത്സ, ഇതിനാല്‍ യുദ്ധത്തില്‍
സര്‍വ്വാന്‍ അരീന്‍ – വൈരികളെയെല്ലാം
വിജയിഷ്യസി – ജയിക്കുക
സനാതന സംസ്കൃതിയിലെ തത്വങ്ങളാകവെ ഗുഹ്യങ്ങളാണ്. ഭാരതത്തിന്റെ വൈദികസാഹിത്യം ഈരഹസ്യ നിധിയാണ്. വൈരികളെയെല്ലാം ജയിക്കുക എന്ന ആശംസാവചനം ശ്രീരാമചന്ദ്രന്റെ പ്രക്ഷീമ മനസ്സിനെ ഉന്മിഷത്താക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: