ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനു നേരെ സിപിഎം അക്രമം

Friday 13 November 2015 9:12 pm IST

ചേര്‍ത്തല: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനു നേരെ വീണ്ടും സിപിഎം ആക്രമണം, പോലീസ് നിഷ്‌ക്രിയമെന്ന് പരാതി. ആര്‍എസ് എസ് കുറുപ്പംകുളങ്ങര മണ്ഡലം ബൗദ്ധിക് പ്രമുഖ് ചേര്‍ത്തല തെക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കാരിക്കശേരി അശ്വിനീകമാറിന്റെ വീടിനു നേരെയാണ് സിപിഎം ഗുണ്ടകള്‍ അക്രമം നടത്തിയത്. ഇന്നലെ പുലര്‍ച്ച രണ്ടരയോടെയാണ് സംഭവം. ബിയര്‍ കുപ്പികളും കല്ലുകളും വീടിനു നേരെ എറിയുകയായിരുന്നു. അശ്വിനിയും കുടുംബവും ഉറങ്ങുന്ന മുറിയിലേക്ക് ജനാലചില്ലുകള്‍ പൊട്ടിത്തെറിച്ചു വീണു. ആക്രമണത്തില്‍ ജനാലകള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും കേടുപാടുകള്‍ പറ്റി. അര്‍ത്തുങ്കല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. തെക്ക് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം വ്യാപകമായി അക്രമം അഴിച്ചു വിടുകയാണ്. തെരഞ്ഞെടുപ്പ് ദിവസം തറയില്‍ മിനി തുളസീദാസിന്റെ വീടും അക്രമി സംഘം തകര്‍ത്തിരുന്നു. സമീപത്തെ എസ്എന്‍ഡിപി ശാഖാ ഓഫീസിന്റയും, ശാഖാ പ്രസിഡന്റ് ഗോപിനാഥിന്റെ വീടിനുനേരെയുംആക്രമണം ഉണ്ടായി. അക്രമികള്‍ക്ക് പോലീസ് ഒത്താശ ചെയ്യുകയാണെന്ന പരാതിയും ശക്തമായിട്ടുണ്ട്. ആക്രമണത്തിന് നേതൃത്വം കൊടുത്തവരെ പിടികൂടാനോ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെയുളള അക്രമങ്ങള്‍ക്ക് തടയിടുവാനോ പോലീസ് ശ്രമിക്കുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.