സിപിഐ പുറത്താക്കിയ മുന്‍ പഞ്ചായത്തംഗത്തിന് മര്‍ദ്ദനം

Friday 13 November 2015 10:34 pm IST

എരുമേലി: സത്യപ്രതിജ്ഞാ ചടങ്ങ് തീരും മുമ്പേ മുട്ടപ്പള്ളിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയയിച്ച സംഭവവുമായി ബന്ധപ്പെട്ട് സിപിഐ നേരത്തെ പുറത്താക്കിയ മുന്‍ പഞ്ചായത്തംഗത്തിന് മര്‍ദ്ദനം. മുട്ടപ്പള്ളിയിലെ മുന്‍ പഞ്ചായത്തംഗമായിരുന്ന അഡ്വ. സുജിത്തിനാണ് മര്‍ദ്ദനമേറ്റത്. ഇതുസംബന്ധിച്ച് എരുമേലി പോലീസില്‍ സുജിത് പരാതി നല്‍കി. കഴിഞ്ഞദിവസമായിരുന്നു സംഭവം. സത്യപ്രതിജ്ഞാ ചടങ്ങ് തീര്‍ന്നയുടനെ മുട്ടപ്പള്ളി സ്വദേശിയും മുന്‍പഞ്ചായത്തംഗവുമായിരുന്ന സുജിത്തിനെ സിപിഐ നേതാവുകൂടിയായ എം.എം. ബാബു മര്‍ദ്ദിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. മുട്ടപ്പള്ളി പതിനേഴാം വാര്‍ഡില്‍ ഘടകകക്ഷിയായ സിപിഐ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെങ്കിലും സിപിഎമ്മിലെ ചില നേതാക്കള്‍ മുട്ടപ്പള്ളിയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി സിപിഎം പുറത്താക്കിയ കുഞ്ഞമ്മ ടീച്ചറെ രംഗത്തിറക്കുകയായിരുന്നു. ഇതിനിടെ സിപിഐയില്‍ നിന്നും പുറത്താക്കിയ സുജിത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കായി പ്രചരണരംഗത്തിറങ്ങുകയും സ്ഥാനാര്‍ത്ഥി വിജയിച്ചതുമാണ് സിപിഐ നേതാക്കളെ ക്ഷുഭിതരാക്കിയത്. എന്നാല്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയടക്കം ചില നേതാക്കള്‍ മര്‍ദ്ദിച്ചവര്‍ക്കെതിരെ രംഗത്തെത്തിയതോടെയാണ് സംഭവം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. സിപിഐയെ തകര്‍ക്കാന്‍ മുക്കൂട്ടുതറ സിപിഎം ലോക്കല്‍ കമ്മറ്റി നേതാക്കള്‍ തന്ത്രപരമായി രംഗത്തിറക്കിയ സ്വതന്ത്രസ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യാന്‍ പാര്‍ട്ടി നേതൃത്വം ഏതാനും മണിക്കൂര്‍ മുമ്പ് നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും, എല്‍ഡിഎഫിലെ ഘടകകക്ഷിയായ സിപിഐയെ സിപിഎം കാലുവാരുകയാണുണ്ടായതെന്നും നേതാക്കള്‍ പറയുന്നു. എന്നാല്‍ സിപിഐ സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിനു കാരണം മുന്‍ പഞ്ചായത്തംഗമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സുജിത്തിനെ മര്‍ദ്ദിച്ചതെന്നും പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.