പോഷകാഹാരമില്ലാത്ത കുട്ടികള്‍; കേരളം പിന്നോട്ട്

Saturday 14 November 2015 12:28 am IST

വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ ആഗോള ശരാശരിയോട് ചേര്‍ന്ന് മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം എന്ന അഹങ്കാരത്തിലായിരുന്നു കേരളം. തലതിരിഞ്ഞ നയങ്ങള്‍ മൂലം വിദ്യാഭ്യാസ രംഗത്ത് പിന്നാക്കമാകാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ആരോഗ്യ മേഖലയും ആ വഴിക്കെന്നാണ് സമീപകാല പഠനങ്ങളും റിപ്പാര്‍ട്ടുകളും. രാജ്യത്തെ കുട്ടികളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ പുതിയ റിപ്പോര്‍ട്ട്  അതിലൊന്നാണ്. സംസ്ഥാനങ്ങളിലെ സര്‍വ്വേഫലം പറയുന്നത്, പോഷകാഹാരകാര്യത്തിലും പൊതു ആരോഗ്യക്കാര്യത്തിലും കേരളത്തിന്റെ പോക്ക് കീഴോട്ടുതന്നെയാണെന്നാണ്. കേരളത്തില്‍ അഞ്ചില്‍ ഒന്നു വീതം കുട്ടികള്‍ക്ക് പോഷകാഹാരക്കുറവിന്റെ പ്രശ്‌നമുണ്ട്. ബലക്ഷയം, ഭാരക്കുറവ് എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന കുട്ടികളുടെ എണ്ണവും കൂടുന്നു. രണ്ടു വര്‍ഷം മുമ്പ് കേരളത്തിലെ കുട്ടികളില്‍ പോഷകാഹാരക്കുറവിന്റെ കാര്യത്തിലും ഗര്‍ഭസ്ഥശിശു മരണനിരക്കിലും വര്‍ധന ഉണ്ടാകുന്നതായി യൂനിസെഫ് ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. അത് ശരിവെക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടും. സംസ്ഥാനത്ത് നടന്ന പഠനത്തില്‍ 70 ശതമാനം കുട്ടികള്‍ക്കും പോഷകാഹാരവിതരണ സംവിധാനത്തിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്ന് കണ്ടെത്തി. സംയോജിത ശിശു വികസന സേവനങ്ങള്‍ (ഐസിഡിഎസ്)ലഭ്യമാകുന്നത് ആറുവയസുവരെ പ്രായമുള്ള 28% കുട്ടികള്‍ക്കു മാത്രമാണ്. ഗുരുതരമായ പോഷകാഹാര പ്രശ്‌നങ്ങളുള്ള കുട്ടികളുടെ എണ്ണത്തില്‍ നാലിരട്ടിയോളം വര്‍ധനവുണ്ടായി എന്നും പഠനത്തില്‍ കണ്ടെത്തി. പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ ഐസിഡിഎസ്, പ്രത്യേക പോഷകഹാര പദ്ധതി തുടങ്ങിയ ഉപാധികളുള്ള ദേശീയപോഷകാരോഗ്യനയം 1993 മുതലേ ഉണ്ട്. ഇതു സംബന്ധിച്ച് ശരിയായ വിവരവും ആവശ്യമായ പിന്തുണയും അമ്മമാര്‍ക്ക് നല്‍കണമെന്ന് നയങ്ങള്‍ വ്യക്തമാക്കുന്നു. ഐസിഡിഎസ് പോലുള്ള പദ്ധതികളുടെ പരിധിയില്‍ മുതിര്‍ന്ന പെണ്‍കുട്ടികളേയും ഗര്‍ഭിണികളേയും ഉള്‍പ്പെടുത്തേണ്ടതുണ്ട്. ദരിദ്ര കുടുംബങ്ങള്‍ക്കായി ചെലവുകുറഞ്ഞ പോഷകാഹാരങ്ങള്‍ ഉല്‍പ്പാദിപ്പിക്കണം. പോഷകശോഷണം തടയുന്നതിന്, പ്രത്യേകിച്ച് ഗര്‍ഭിണി്കളിലും കുട്ടികളിലും മുലയൂട്ടുന്ന സ്ത്രീകളിലും ആവശ്യമായ പദ്ധതികള്‍ നടപ്പാക്കുകയും വേണം. ഏറ്റവും ഉന്നതതലത്തിലുള്ള ആരോഗ്യവും പ്രാഥമിക നിലയിലുള്ളതും പ്രതിരോധം, പൊതുജനാരോഗ്യവിദ്യാഭ്യാസം, ശിശുമരണം എന്നിവയിലൂന്നിയതുമായ ആരോഗ്യസേവനവും ലഭിക്കാന്‍ കുട്ടികള്‍ക്ക് അവകാശമുണ്ടെന്ന് ബാലാവകാശങ്ങളെ സംബന്ധിച്ച ബാലാവകാശ കരാര്‍ അടിവരയിട്ടു പറയുന്നു. കരാറില്‍ ഒപ്പു വെച്ച രാജ്യം എന്ന നിലയ്ക്ക് ഭാരതത്തിനും അത് പാലിക്കാന്‍ ബാധ്യതയുണ്ട്. അതിനായി  വിവിധ പദ്ധതികള്‍ ഉണ്ടെങ്കിലും അവയൊന്നും ഫലപ്രദമല്ലെന്നാണ് വിശകലനങ്ങള്‍ വ്യക്തമാക്കുന്നത്. കുട്ടികളുടെ ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ട് ഏറ്റവും സുപ്രധാനമായ ഒന്നാണ് നമ്മുടെ അങ്കണവാടികള്‍. അവയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ താളം തെറ്റിയിരിക്കുകയാണെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംയോജിത ശിശു വികസന സേവനങ്ങള്‍ പ്രകാരം ഗര്‍ഭിണികള്‍ക്ക് നല്‍കേണ്ട സേവനത്തിന്റെ 26.6 ശതമാനം മാത്രമാണ് അങ്കണ്‍വാടികള്‍ നല്‍കുന്നത്. കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കുന്നതിലും നാലിലൊന്ന് സേവനമേ അവ നിര്‍വഹിക്കുന്നുള്ളു. ഈ രംഗത്ത് തിരുത്തലുകള്‍ ഇല്ലങ്കില്‍ ഇരുളടഞ്ഞതാകും നമ്മുടെ ഭാവി. വികസ്വരരാജ്യങ്ങളിലെ ശിശുമരണങ്ങളില്‍ 20-30 ശതമാനവും വൈറ്റമിന്‍ എ യുടെ പോരായ്മ നിമിത്തമാണ്. വര്‍ഷം തോറും രണ്ടുലക്ഷം കുട്ടികള്‍ക്ക് കാഴ്ച നഷ്ടപ്പെടുന്നുമുണ്ട്. ലക്ഷോപലക്ഷം കുട്ടികളാണ് അയൊഡിന്‍ പോരായ്മക്ക് ഇരയാകുന്നത്. മുരടിച്ച ശാരീരിക-മാനസിക വളര്‍ച്ചയും, ചിലരുടെ കാര്യത്തില്‍ മസ്തിഷ്‌ക ക്ഷതവുമാണ് പരിണതഫലം. ആദ്യത്തെ 1000 ദിവസമാണ് ഒരുകുട്ടിയുടെ ജീവിതത്തിലെ നിര്‍ണായക ദിവസങ്ങള്‍. ഗര്‍ഭാവസ്ഥയിലുള്ള 270 ദിവസവും ജനിച്ചശേഷമുള്ള രണ്ടു വര്‍ഷവും (365+365). കുട്ടിയുടെ ആരോഗ്യം, ബുദ്ധി, ശക്തി, ഉയരം തുടങ്ങിയവയെല്ലാം നിര്‍ണ്ണയിക്കുന്നത് ഈ കാലയളവിലാണ്. ഈ കാലത്തെ പരിചരണത്തിന്റെ കാര്യത്തിലും കേരളം പിന്നോട്ടാണെന്നാണ് വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ കണ്ടെത്തുന്നത്. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി സ്‌ക്കൂളുകളില്‍  അയണ്‍ ഗുളികകള്‍ സൗജന്യമായി നല്‍കാന്‍ പദ്ധതിയുണ്ട്. ആറു മുതല്‍ 12 വരെ കഌസുകളില്‍ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും ആഴ്ചയില്‍ ഒരു ഗുളിക വീതം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണിത്. ഇതിനു വ്യക്തമായ മാര്‍ഗ്ഗ നിദ്ദേശവും മാനദണ്ഡങ്ങളുമുണ്ട്. ചെലവു മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കും. കേന്ദ്ര ഫണ്ട് ലഭിക്കാനായി സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ ഗുളിക നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍  ചില പിന്നാക്ക മേഖലകളിലൊഴികെ ഒരിടത്തും ഗുളിക നല്‍കുന്നില്ല. തുടക്കത്തില്‍ ഇതിനാവശ്യമായ ഫണ്ട് വിദ്യാഭ്യാസ വകുപ്പ് മുന്‍കൂര്‍ കൈപ്പറ്റിയെങ്കിലും ഗുളിക വിതരണം നടക്കുന്നില്ല. പോഷകാഹാര പ്രശ്‌നങ്ങളുള്ള കുട്ടികളുടെ എണ്ണത്തില്‍ നാലിരട്ടിയോളം വര്‍ധനവുണ്ടായി എന്നു പറയുമ്പോളും പ്രതിവിധിയായി കൊണ്ടുവന്ന പദ്ധതികളോട് കേരളം മുഖം തിരിക്കുന്നു എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. പോഷകാഹാരക്കുറവുമൂലം ഉണ്ടാകുന്ന വിളര്‍ച്ചയെ പ്രതിരോധിക്കാന്‍ കുട്ടികള്‍ക്കുമാത്രമല്ല ഗര്‍ഭിണികള്‍ക്കും അയണ്‍ ഗുളിക നല്‍കുന്നതിന് തീരുമാനിച്ചിരുന്നു.  ഗര്‍ഭാവസ്ഥയില്‍ 100 ഗുളിക കഴിക്കണം എന്നതാണിത്. 18 പൈസ മാത്രം വിലവരുന്നതാണ് ഈ ഗുളിക. നാലുമാസമായി കേരളത്തിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലും ഗുളിക ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. (നാളെ: വേണം ഇവിടെ മുലപ്പാല്‍ വിപ്ലവം)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.