ചരിത്രം കുറിച്ച് രാജ്ഞിയുമായി മോദിയുടെ കൂടിക്കാഴ്ച

Saturday 14 November 2015 3:26 am IST

1961ലെ ഭാരത സന്ദര്‍ശന വേളയില്‍ എലിസബത്ത് രാജ്ഞി അഹമ്മദാബാദിലെ സബര്‍മതി ആശ്രമം സന്ദര്‍ശിക്കുന്ന ഈ ചിത്രമാണ് മോദി ഇന്നലെ ലണ്ടനില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെ അവര്‍ക്ക് സമ്മാനിച്ചത്‌

ലണ്ടന്‍: ഭാരത – ബ്രിട്ടീഷ് ബന്ധത്തില്‍ പുതിയ അധ്യായം കുറിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി.

ഭാരത സമയം വൈകിട്ട് ആറേമുക്കാലോടെ ബക്കിങ്ഹാം കൊട്ടാരത്തില്‍ എത്തിയ മോദി ഏഴു മണിയോടെയാണ് രാജ്ഞിയെ സന്ദര്‍ശിച്ചത്. എലിസബത്ത് രാജ്ഞി 1961 ജനുവരി 31ന് അഹമ്മദാബാദിലെ സബര്‍മതി ആശ്രമം സന്ദര്‍ശിച്ചതിന്റെയും ചെന്നൈയില്‍ ആന്‍ഡ്രു രാജകുമാരന്റെ ജന്മദിനാഘോഷത്തില്‍ രാജ്ഞി കേക്ക് മുറിക്കുന്നതിന്റെയും വാരാണസിയില്‍ ആനപ്പുറത്ത് കയറിയതിന്റെയും ചിത്രങ്ങളാണ് മോദി രാജ്ഞിക്ക് സമ്മാനിച്ചത്.

ഇവയ്ക്കു പുറമേ ഡര്‍ജിലിംഗ് ചായപ്പൊടി, ജമ്മുകശ്മീരില്‍ നിന്നുള്ള തേന്‍, വാരാണസിയില്‍ നെയ്ത ഷാളുകള്‍ എന്നിവയും നല്‍കി. വെള്ള കുര്‍ത്തയും പൈജാമയും മെറൂണ്‍ ജാക്കറ്റും ധരിച്ച മോദി ടാറ്റാ മോട്ടോഴ്‌സിന്റെ ഉപസ്ഥാപനമായ  ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ നിര്‍മ്മിച്ച ജാഗ്വാര്‍ കാറിലാണ് ബക്കിങ്ഹാം കൊട്ടാരത്തില്‍ എത്തിയത്. 89 കാരിയായ രാജ്ഞി കൊട്ടാര വാതില്‍ക്കല്‍ എത്തി മോദിയെ വരവേറ്റു. രാജ്ഞി മോദിക്ക് വിരുന്നൊരുക്കിയിരുന്നു.

നേരത്തെ നിരവധി ഭാരത, ബ്രിട്ടീഷ് കമ്പനി മേധാവികളുടെ യോഗത്തില്‍ മോദി പങ്കെടുത്തു. രൂപയിലുള്ള കടപ്പത്രമിറക്കാന്‍ ഭാരത ബ്രിട്ടീഷ് ചര്‍ച്ചകളില്‍ ധാരണയായി. ഭാരതത്തില്‍ മികച്ച വ്യാവസായിക അന്തരീക്ഷം ഉണ്ടെന്ന പ്രധാനമന്ത്രിയുടെ വാക്കുകളെ അവര്‍ സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം വളരെ പ്രധാനപ്പെട്ടതാണ്. മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതി വിശദീകരിച്ച് മോദി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.