നഗരസഭാ പദവികള്‍ക്കായി എല്‍ഡിഎഫില്‍ തര്‍ക്കം

Saturday 14 November 2015 4:49 pm IST

കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ പദവി എല്‍ഡിഎഫില്‍ തര്‍ക്കം മുറുകുന്നു. പ്രഥമ അദ്ധ്യക്ഷ സ്ഥാനം വേണമെന്ന് അവകാശവാദം ഉന്നയിച്ച് സിപിഎമ്മും സിപിഐയും രംഗത്തുവന്നതോടെയാണ് തര്‍ക്കം മുറുകുന്നത്. വൈസ് ചെയര്‍മാന്‍ സ്ഥാനം കേരളാ കോണ്‍ഗ്രസ് (ബി)ക്ക് നല്‍കാന്‍ ധാരണയായെങ്കിലും ചെയര്‍മാന്‍ സ്ഥാനം തര്‍ക്കത്തിലാണ്. സിപിഎമ്മിനാണന്ന് എകദേശസൂചന വന്നതോടെ ആരാകണം എന്നതിനെ ചൊല്ലിയും നേതാക്കള്‍ ചേരിതിരിഞ്ഞ് പോരാടുകയാണ്. ആകെ 29 ഡിവിഷനുകളുള്ള കൊട്ടാരക്കര മുന്‍സിപാലിറ്റിയില്‍ 18 സീറ്റുകളാണ് എല്‍ഡിഎഫിന് ലഭിച്ചത്. ഇതില്‍ ഒന്‍പത് അംഗങ്ങള്‍ സിപിഎമ്മില്‍ നിന്നും ആറ് അംഗങ്ങള്‍ സിപിഐയില്‍ നിന്നുമാണ്. രണ്ട് അംഗങ്ങള്‍ കേരളാ കോണ്‍ഗ്രസ് (ബി) യ്ക്കും ഒരു അംഗം ജനതാദളിനുമുണ്ട്. നഗരസഭയുടെ ചെയര്‍മാന്‍ പദവി സ്ത്രീകള്‍ക്കാണ് സംവരണം ചെയ്തിരിക്കുന്നത്. ആദ്യ ചെയര്‍പേഴ്‌സണ്‍ എന്ന പദവി സ്വന്തമാക്കുവാന്‍ സിപിഎമ്മും സിപിഐയും മത്സരിക്കുകയാണ്. സിപിഎം കടുംപിടുത്തം പിടിച്ചാല്‍ സിപിഐ വിട്ടുനല്‍കുമെന്നാണ് സൂചന. അഞ്ച് വര്‍ഷത്തെ ഭരണം ഇരുകൂട്ടരും വീതം വെച്ചെടുക്കുമെന്ന സമവായം ഉണ്ടായേക്കും. കൊട്ടാരക്കര ടൗണ്‍ ഡിവിഷനില്‍ നിന്നും വിജയിച്ച ബി.ശ്യാമളയുടെ പേരാണ് സിപിഎമ്മിലെ ഒരു വിഭാഗം മുമ്പോട്ട് വെയ്ക്കുന്നത്. മുസ്ലിം മേഖലയായ ശാസ്താംമുകള്‍ ഡിവിഷനില്‍ നിന്നും വിജയിച്ച ഷംലയെ ചെയര്‍പേഴ്‌സനാക്കാനാണ് മറുവിഭാഗക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ശ്യാമളക്കാണ് മുന്‍തൂക്കം. സിപിഎമ്മിന്റെ അന്തിമതീരുമാനം ജില്ലാകമ്മറ്റിയാണ് എടുക്കുന്നത്. ഇതിനായി കാത്തിരിക്കുകയാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.