കണിച്ചുകുളങ്ങര കൊലപാതകം വീണ്ടും ചര്‍ച്ചയാകുന്നു

Saturday 14 November 2015 7:18 pm IST

ആലപ്പുഴ: നാടിനെ നടുക്കി വീണ്ടും കണിച്ചുകുളങ്ങര മോഡല്‍ കൊലപാതകം. കണിച്ചുകുളങ്ങരയില്‍ നിന്നും കേവലം 11 കിലോമീറ്റര്‍ വടക്ക് ഒറ്റമശ്ശേരിയിലാണ് വെള്ളിയാഴ്ച വൈകിട്ട് ബൈക്കില്‍ ടിപ്പര്‍ ലോറിയിടിപ്പിച്ച് രണ്ട് യുവാക്കളെ കൊലപ്പെടുത്തിയത്. സംസ്ഥാനത്ത് നടന്ന കുറ്റകൃത്യങ്ങളുടെ കൂട്ടത്തില്‍ അപൂര്‍വമായ ഒരു കേസ് ആയിരുന്നു കണിച്ചുകുളങ്ങരയില്‍ നടന്ന കൂട്ടകൊലപാതകം. 2005 ജൂലൈ 20നാണ് സംഭവം നടന്നത്. എവറസ്റ്റ് ചിട്ടിഫണ്ട് ഉടമ ടി.ജി. രമേശ്, സഹോദരി ലത, ഡ്രൈവര്‍ ഷംസുദ്ദീന്‍ എന്നിവരെയാണ് ആസൂത്രിതമായി വാഹനാപകടത്തില്‍ കൊലപ്പെടുത്തിയത്. സിനിമാകഥകളെ വെല്ലുന്ന ഈ സംഭവത്തിന് പിന്നില്‍ ഹിമാലയ, എവറസ്റ്റ് ചിട്ടിക്കമ്പനികള്‍ക്കിടയിലെ കിടമത്സരമായിരുന്നു. ഹിമാലയ ഗ്രൂപ്പ് ഉടമകളായ സജിത്, ബിനീഷ് എന്നിവര്‍ വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപാതകം നടത്തുകയായിരുന്നു. കൊല്ലപ്പെട്ട രമേശ് മുന്‍പ് എവറസ്റ്റ് ചിട്ടി കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഉടമകളുമായി ഉള്ള അഭിപ്രായ വ്യത്യാസത്തെതുടര്‍ന്ന് രമേശ് ഹിമാലയ വിട്ടു സ്വന്തം ചിട്ടി കമ്പനി തുടങ്ങി. ഹിമാലയത്തിനും ഒരു പടി കടന്നു കമ്പനിക്ക് എവറസ്റ്റ് എന്ന് പേരുമിട്ടു. ഇതെത്തുടര്‍ന്ന് രമേശിനെ കൊലപ്പെടുത്താന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി പഴയ ഒരു ലോറി വിലയ്‌ക്കെടുത്തു, കൊല്ലത്തു നിന്നും എറണാകുളത്തേക്ക് രമേശ് വരുന്ന വഴിയില്‍ ലോറി കാത്തു കിടന്നു. രമേശ് സഞ്ചരിച്ചിരുന്ന കാര്‍ കണിച്ചുകുളങ്ങരയില്‍ എത്തിയപ്പോള്‍ ലോറി മുന്നോട്ടു എടുത്തു കാറില്‍ ശക്തിയായി ഇടിപ്പിച്ചു. കാറിലുണ്ടായിരുന്ന രമേശ് ഉള്‍പ്പടെ മൂന്നു പേര്‍ മരിച്ചു. ഒരാള്‍ ശരീരം തളര്‍ന്നു കിടപ്പിലായി. അപകടത്തില്‍ പരിക്കേറ്റ രണ്ടുപേരുടെ മൊഴികളാണ് കേസില്‍ വഴിത്തിരിവായത്. പോലീസിനു വ്യക്തമായ തെളിവുകള്‍ കിട്ടിയിട്ടും അറസ്റ്റ് വൈകി. ഹിമാലയ ഗ്രൂപ്പിന്റെ സ്വാധീന ശക്തി വളരെ വലുതായിരുന്നു. പൊതുജനപ്രക്ഷോഭം ശക്തമായതോടെ എല്ലാ പ്രതികളെയും പിടികൂടാന്‍ പോലീസ് നിര്‍ബന്ധിതമായി. ലോറിയെപ്പറ്റി അന്വേഷണം നടത്തിയപ്പോഴാണ് ഒന്നാം പ്രതി ഡ്രൈവര്‍ ഉണ്ണികൃഷ്ണനും ലോറി ഉടമ രണ്ടാംപ്രതി അജിത്തും പിടിയിലായത്. അജിത്ത്, ഉണ്ണി, മൃഗം സാജു എന്നിവരുള്‍പ്പടെ 13 പേരായിരുന്നു ഈ കേസിലെ പ്രതികള്‍. വിചാരണയ്ക്ക് ഒടുവില്‍ ഒന്നാം പ്രതി ലോറി ഡ്രൈവര്‍ ഉണ്ണിക്ക് കോടതി വധശിക്ഷ വിധിച്ചു. ഹിമാലയ ചിട്ടിക്കമ്പനി ഉടമകളായ സജിത്തിനും ബിനീഷിനും ജീവപര്യന്തം തടവും കിട്ടി. ഇവരെ കൂടാതെ രണ്ടാം പ്രതി ക്ലീനറായ അജിത്, മൂന്നാം പ്രതി മൃഗം സാജു, നാലാം പ്രതി ഷിബി എന്നിവര്‍ക്കും കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പന്ത്രണ്ടാം പ്രതി ഷിബിന്‍ രാജിന് മുന്ന് വര്‍ഷം, എട്ടാം പ്രതി ഗോകുലന് രണ്ടുവര്‍ഷം, അഞ്ചാം പ്രതി ഉണ്ണികൃഷ്ണന് ഒരു വര്‍ഷം എന്നിങ്ങനെയാണ് മറ്റുള്ളവര്‍ക്ക് ലഭിച്ച ശിക്ഷ. ഹിമാലയഗ്രൂപ്പ് ഉടമകളായ സജിത്തിനും ബിനീഷിനും അഞ്ച് ലക്ഷം രൂപ വീതം പിഴയും ഒടുക്കാന്‍ ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ശ്രീവല്ലഭന്‍ വിധിച്ചു. വളരെ വാര്‍ത്താ പ്രാധാന്യം നേടിയ ഈ കേസ് പിന്നീടു 'കണിച്ചുകുളങ്ങരയില്‍ സിബിഐ' എന്ന പേരില്‍ സിനിമ ആയി. വെള്ളിയാഴ്ച വൈകിട്ട് ചേര്‍ത്തല ഒറ്റമശ്ശേരിയില്‍ രണ്ടു യുവാക്കള്‍ മരിച്ചത് ബൈക്കപകടത്തിലല്ല, കൊലപാതകമാണെന്ന് തെളിഞ്ഞതൊടെയാണ് കണിച്ചുകുളങ്ങര കൊലപാതകം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. സംഭവത്തില്‍ ലോറി ഡ്രൈവര്‍ തുമ്പിഷിബു(38)വിനെ പോലീസ് പിടികൂടി. അന്ധകാരനഴി സ്വദേശികളും പെയിന്റിങ് തൊഴിലാളികളുമായ സുബിന്‍ (27), സഹയാത്രികന്‍ ജോണ്‍സണ്‍ (40) എന്നിവരാണ് മരിച്ചത്. പൂര്‍വ്വവൈരാഗ്യത്തെ തുടര്‍ന്ന് ചിലര്‍ നല്‍കിയ ക്വട്ടേഷന്‍ ഏറ്റെടുത്ത ലോറി ഡ്രൈവര്‍ കൊല്ലം ചവറ മാരേഴത്ത് തുമ്പിഷിബു മനപ്പൂര്‍വ്വം ഇവരുടെ ബൈക്കില്‍ ഇടിച്ച് അപകടമുണ്ടാക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. ഷിബു ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടമരണമായി കരുതിയിരുന്ന സംഭവത്തില്‍ ഷിബു (38)വിനെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ക്വട്ടേഷന്‍ നല്‍കിയ സഹോദരങ്ങളും ചില സുഹൃത്തുക്കളും ഒളിവിലാണെന്നാണ് പട്ടണക്കാട് പോലീസ് പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.