തെരഞ്ഞെടുപ്പ് ഫലം: സിപിഎമ്മിലും സിപിഐയിലും കലാപം

Saturday 14 November 2015 8:02 pm IST

ആലപ്പുഴ: തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി സിപിഎമ്മിലും സിപിഐയിലും കലാപം ശക്തമാകുന്നു. ഇടതു മുന്നണി വിജയം സ്വന്തമാക്കിയിട്ടും പാര്‍ട്ടി മുന്നേറ്റമുണ്ടാക്കാത്തതിനെച്ചൊല്ലി സിപിഐ ജില്ലാ ഘടകത്തില്‍ വിമര്‍ശനപ്പെരുമഴ. 340 സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടിക്ക് 135 പേരെ മാത്രമാണ് ജയിപ്പിക്കാനായത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുമായി താരത്മ്യം ചെയ്താല്‍ 10 സീറ്റുകളില്‍ മാത്രമാണ് അധികമായി ജയിക്കാന്‍ കഴിഞ്ഞത്. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചയാണ് പാര്‍ട്ടിയുടെ മോശം പ്രകടത്തിന് കാരണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവില്‍ വിമര്‍ശനമുയര്‍ന്നു. സിപിഎമ്മുമായി താരത്മ്യം ചെയ്താല്‍ വിജയശതമാനം കുറവാണെന്ന കാരണം ഉയര്‍ത്തിയാണ് ഒരുവിഭാഗം ജില്ലാ നേതൃത്വത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. പാര്‍ട്ടി ശക്തികേന്ദ്രങ്ങളായ ചേര്‍ത്തല, മാരാരിക്കുളം എന്നിവിടങ്ങളിലെ തിരിച്ചടികളാണ് നേതൃത്വത്തിന് ഏറ്റവും തലവേദനയാകുന്നത്. നിര്‍ണായക സ്വാധീനമുള്ള മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ ഒരു സീറ്റുപോലും നേടാനായില്ല. മത്സരിച്ച നാല് വാര്‍ഡുകളില്‍ മൂന്നിടങ്ങളില്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.വി സത്യനേശന്‍ പരാജയപ്പെട്ടു. ജില്ലാ സെക്രട്ടറി പി. തിലോത്തമന്റെ നാടായ ചേര്‍ത്തലതെക്ക് പഞ്ചായത്തിലും പരാജയം ദയനീയമായിരുന്നു.15 സ്ഥാനാര്‍ഥികളെ നിര്‍ത്തിയ ആലപ്പുഴ നഗരസഭയില്‍ 10 സീറ്റിലെങ്കിലും ജയം ഉറപ്പാണെന്നായിരുന്നു പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ മൂന്ന് സീറ്റില്‍മാത്രമേ വിജയമുണ്ടായുളളു. മുന്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ ബി. അന്‍സാരി, മണ്ഡലം സെക്രട്ടേറിയറ്റംഗം ജോഷി എബ്രഹാം, സിറ്റിങ് കൗണ്‍സിലര്‍ എ.ആര്‍ രമേശ് എന്നിവര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. നഗരസഭാ രൂപീകരണകാലം മുതല്‍ സിപിഐ ഒരിക്കലും പരാജയപ്പെടാത്ത ഗുരുമന്ദിരം, കുതിരപ്പന്തി വാര്‍ഡുകളിലും ഇത്തവണ തിരിച്ചടി നേരിട്ടു. തെരഞ്ഞെടുപ്പില്‍ തങ്ങളുടെ തോല്‍വിക്കു പിന്നില്‍ വിഭാഗീയതയാണെന്ന് ആരോപിച്ച് ഒരു വിഭാഗം നേതാക്കള്‍ സിപിഎം ജില്ലാ നേതൃത്വത്തിനു പരാതി നല്‍കി. പാര്‍ട്ടി വോട്ടുകള്‍ മറിക്കുകയും സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തുകയും കോട്ടകളില്‍ വോട്ട് കുറയുകയും ചെയ്തതായാണ് സിപിഎമ്മിന്റെ പ്രാഥമിക വിലയിരുത്തലില്‍. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പാര്‍ട്ടിയിലെ പ്രമുഖ സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ ശ്രമം നടന്നുവെന്നു കണ്ടെത്തി. ഓരോ മേഖലയിലെയും വോട്ട് ചോര്‍ച്ചയും മുന്‍നിര നേതാക്കളുടെ തോല്‍വിയും സംബന്ധിച്ച് അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ഏരിയ കമ്മിറ്റികള്‍ക്കു നിര്‍ദ്ദേശം നല്‍കി. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്ത് അന്വേഷണ കമ്മിഷനെ നിയോഗിച്ചേക്കും. ആലപ്പുഴ നഗരസഭയിലെ തീരദേശത്ത് ഏഴു സീറ്റുകള്‍ നഷ്ടപ്പെട്ടത് 50 ല്‍ താഴെ വോട്ടുകള്‍ക്കാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതകള്‍ മൂലം ഒരു വിഭാഗം നേതാക്കള്‍ പാര്‍ട്ടിക്ക് എതിരായി പ്രവര്‍ത്തിച്ചുവെന്നാണ് ആരോപണം. ഇതു മൂലം നഗരസഭാ ഭരണവും നഷ്ടപ്പെട്ടു. ചേര്‍ത്തല ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ കീഴിലുള്ള നാലു പേരാണു തോറ്റത്. ഒരു വിഭാഗം നേതാക്കള്‍ വോട്ട് മറിച്ചതാണു കാരണമെന്നു പറയപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.