അന്നദാനം ദേവസ്വംബോര്‍ഡ് തന്നെ നടത്തുന്നത് പ്രായോഗികമല്ല: പി.കെ.കുമാരന്‍

Sunday 15 November 2015 6:14 am IST

പത്തനംതിട്ട: ശബരിമലയില്‍ പ്രതിദിനം എത്തുന്ന ലക്ഷകണക്കിന് തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ അന്നദാനം ദേവസ്വം ബോര്‍ഡ് മാത്രമായി നടത്തുന്നത് പ്രായോഗികമല്ലെന്ന് ദേവസ്വംബോര്‍ഡ് അംഗം പി.കെ. കുമാരന്‍. സന്നദ്ധസംഘടനകളും വ്യക്തികളും ശബരിമലയില്‍ എവിടെയൊക്കെയാണോ അന്നദാനം നടത്തിയിരുന്നത് അവിടെയെല്ലാം ദേവസ്വംബോര്‍ഡ് അന്നദാനം നടത്തണമെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. പത്തനംതിട്ട പ്രസ്‌ക്ലബ്ബിന്റെ ശബരിമല സുഖദര്‍ശനം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ അന്നദാനം ദേവസ്വംബോര്‍ഡുതന്നെ നടത്തണം എന്ന നിര്‍ബ്ബന്ധം തനിക്കില്ല. നിലവില്‍ അന്നദാനം നടത്തുന്ന സന്നദ്ധസംഘടനകളേയും വ്യക്തികളേയും അതിനനുവദിക്കണം എന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. സന്നദ്ധസംഘടനകളുമായി പരമാവധി സഹകരിച്ചുപോകാനാണ് ആഗ്രഹിക്കുന്നത്. ഇക്കാര്യം പുതിയ ബോര്‍ഡില്‍ ഉന്നയിക്കും. മാസ പുജാവേളയില്‍ പമ്പയിലെ ലാട്രിനുകള്‍ ഭക്തര്‍ക്ക് തുറന്നുകൊടുക്കുന്നത് പരിഗണിക്കും. ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം,ഭക്ഷണം, വിശ്രമിക്കാനുള്ള സൗകര്യം എന്നിവയാണ് ദേവസ്വം ബോര്‍ഡിന്റെ പ്രഥമ പരിഗണന. മണ്ഡല മകരവിളക്കുത്സവക്കാലത്ത് ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് അരവണയും അപ്പവും മുടക്കം കൂടാതെ നല്‍കും. അരവണ നിര്‍മ്മാണം ഒക്ടോബറില്‍ ആരംഭിച്ചു. ഇതുവരെ മുപ്പതുലക്ഷം കണ്ടെയ്‌നര്‍ അരവണ സംഭരിച്ചിട്ടുണ്ട്. നടതുറക്കുമ്പോഴേക്കും കരുതല്‍ ശേഖരം ഇനിയും വര്‍ദ്ധിക്കും. അപ്പം നിര്‍മ്മാണവും സന്നിധാനത്ത് ആരംഭിച്ചു. ഇപ്പോള്‍ രണ്ടുലക്ഷം അപ്പം കരുതല്‍ശേഖരമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.