തൃശ്ശൂര്‍: സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആരാണെന്ന ചോദ്യത്തിന് ഒരു നിമിഷം സംശയിക്കാതെ ആദര്‍ശ് ഉത്തരം നല്കി. അയേണ്‍ മാന്‍ ഓഫ് ഇന്ത്യ. ഭാരതത്തിന്റെ ഉരുക്ക് മനുഷ്യന്.
പാഠപുസ്തകത്തിലെ പട്ടേലിനെക്കുറിച്ചുള്ള പാഠങ്ങള്‍ മാത്രമല്ല ഈ അഞ്ചാംക്ലാസ്സുകാരനെ ഉരുക്കുമനുഷ്യനോടടുപ്പിക്കുന്നത്. ആദര്‍ശ് വരച്ച സര്‍ദാര്‍ പട്ടേലിന്റെ ഛായാചിത്രത്തിന് സിബിഎസ്ഇ യുടെ ആഗോള പുരസ്കാരം ലഭിച്ചിരിക്കുന്നു. സിബിഎസ്ഇ നടത്തിയ സര്‍ദാര്‍ പട്ടേല്‍ എക്സ്പ്രഷന്‍ സീരീസ് പുരസ്കാരത്തിനാണ് മുണ്ടൂര്‍ സല്സബീല് സെന്‍ട്രല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയായ ആദര്‍ശ് തെരഞ്ഞടുക്കപ്പെട്ടത്.
ഭാരതത്തിലെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നും യൂറോപ്പില്‍ നിന്നും ഗള്‍ഫില്‍ നിന്നുമുള്ള പത്തു ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. സര്‍ദാര്‍ പട്ടേലിനെക്കുറിച്ചുള്ള രചനകളായിരുന്നു മത്സരത്തിലെ വിഷയം. ആകെ 108 പേരുടെ ചിത്രങ്ങളാണ് തെരഞ്ഞടുത്തിട്ടുള്ളത്.
ശിശുദിനാഘോഷത്തിന്റെ ഭാഗമായി ഇന്നലെ സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആദര്‍ശിനെ അനുമോദിച്ചു. തൃശ്ശൂര്‍ കോളങ്ങാട്ടുകര സ്വദേശി അനില്‍ കുമാറിന്റെയും സുമയുടേയും മകനാണ് ആദര്‍ശ്. ചിത്രകല പഠിക്കാന്‍ ഇതുവരെ എവിടേയും പോയിട്ടില്ല. ഇന്റീരിയര്‍ ഡിസൈനര്‍ ആയ അച്ഛനില്‍ നിന്നാണ് കലാവാസന മകനും ലഭിച്ചത്. ആദര്‍ശിന്റെ അനുജന് മൂന്നാം ക്ലാസ്സുകാരനായ അഭിനവും നന്നായി ചിത്രങ്ങള്‍ വരക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: