സ്വാതന്ത്ര്യസമരവും കേരളത്തിലെ വനവാസി വിഭാഗങ്ങളുടെ പങ്കും

Saturday 14 November 2015 9:54 pm IST

1789 ലാണ് കേരളവര്‍മ എന്ന പഴശ്ശിത്തമ്പുരാന്‍ കണ്ണൂര്‍ ജില്ലയിലെ കോട്ടയം കേന്ദ്രമാക്കി ഭരണം തുടങ്ങിയത്. അക്കാലത്തെ മൈസൂര്‍, കര്‍ണാടകത്തോടു ചേര്‍ന്നുള്ള കേരള അതിര്‍ത്തിവരെ ടിപ്പുവിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു. പ്രകൃതിവിഭവങ്ങള്‍ക്കൊണ്ടും സുഗന്ധദ്രവ്യങ്ങളാലും സമൃദ്ധമായിരുന്ന വയനാട് പഴശ്ശിയുടെ അധീനത്തില്‍നിന്നും ഏതുവിധേനയും കൈവശപ്പെടുത്താന്‍ ബ്രിട്ടീഷ് കമ്പനി അവസരം കാത്തിരുന്നു. 218 ബ്രിട്ടീഷ് കച്ചവടക്കാര്‍ ഡിസംബര്‍ 31 നാണ് ഈസ്റ്റിന്ത്യാ കമ്പനി എന്ന പേരില്‍ ഒരു കമ്പനി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചത്. അക്കാലത്ത് ഇന്തോനേഷ്യയില്‍ ധാരാളമായി ഉല്‍പ്പാദിപ്പിച്ചിരുന്ന ജാതിക്കയായിരുന്നു കമ്പനിയുടെ ലക്ഷ്യം. അവിടെനിന്നുമാണ് അവര്‍ ഭാരതത്തിലെത്തിയത്. ആദ്യമാദ്യം കച്ചവടം മാത്രമായിരുന്നു ലക്ഷ്യമെങ്കിലും പിന്നീട് ഓരോ പ്രദേശങ്ങളെയും കച്ചവടകരാറുകള്‍ ലംഘിക്കപ്പെട്ടു എന്ന കുറ്റമാരോപിച്ച് തങ്ങളുടെ കൈക്കലാക്കുകയാണ് ഇംഗ്ലീഷുകാര്‍ ചെയ്തത്. കോട്ടയം രാജ്യവും ഈസ്റ്റിന്ത്യാ കമ്പനിയുമായി കച്ചവടകരാറൊപ്പിട്ടു. കരാര്‍ ലംഘിക്കപ്പെട്ടു എന്ന ആക്ഷേപമുയര്‍ത്തി കോട്ടയം രാജ്യത്തേയും കൈപ്പിടിയിലൊതുക്കാന്‍ ബ്രിട്ടീഷ് കമ്പനി ശ്രമിച്ചു. ഈ നീക്കത്തെ പഴശ്ശി ശക്തമായി എതിര്‍ക്കുകയും നാട്ടിലെ വനവാസി വിഭാഗങ്ങളുള്‍പ്പെടെ എല്ലാ ജനങ്ങളെയും സംഘടിപ്പിച്ചുകൊണ്ട് കമ്പനിക്കെതിരെ പ്രതിരോധമുയര്‍ത്തുകയും ചെയ്തു. ഇതിനെ വകവയ്ക്കാതെ ബ്രിട്ടീഷുകാര്‍ ജനങ്ങളില്‍നിന്നും നേരിട്ട് കരം പിരിക്കാനും ശ്രമം നടത്തി. കാലം കഴിയുന്തോറും ഈ മനോഭാവത്തിന് ശക്തിയേറി. അങ്ങനെ 1800 ന്റെ തുടക്കത്തില്‍ വെള്ളമുണ്ട പുളിഞ്ഞോം ഭാഗത്തുള്ള പ്രമുഖ നായര്‍ തറവാട്ടിലെ അംഗമായിരുന്ന എടച്ചന കുങ്കനും അദ്ദേഹത്തിന്റെ അനുയായികളായ സന്നദ്ധഭടന്മാരും വിളമ്പുകണ്ടം ഭാഗത്ത് തമ്പടിച്ചിരുന്ന തലക്കല്‍ ചന്തുവും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കുറിച്യപടയാളികളും ഒന്നുചേര്‍ന്ന് കരം വസൂലാക്കാനെത്തിയിരുന്ന കമ്പനി ഉദ്യോഗസ്ഥരെ അടിച്ചോടിക്കുകയും ചിലരെ വധിക്കുകയും ചെയ്തു. ഇതായിരുന്നു തദ്ദേശീയരായ ജനങ്ങളും ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ആദ്യഘട്ടം. ഈ പ്രതിഷേധങ്ങള്‍കൊണ്ടൊന്നും കമ്പനി അടങ്ങിയിരുന്നില്ല. അടിച്ചമര്‍ത്തലും കരംപിരിക്കലും അനുസ്യൂതം തുടര്‍ന്നു. ഇതിനെതിരെ മറ്റ് പോംവഴികളില്ലാതെ 1802 ഒക്‌ടോബര്‍ 11 ന് അര്‍ദ്ധരാത്രി പനമരം കോട്ടയിലെ പണ്ടികശാല ആക്രമിക്കപ്പെട്ടു. പനമരത്തു നേടിയ വിജയം സ്വാതന്ത്ര്യസമര സേനാനികളുടെ പ്രതിരോധത്തിന്റെ ആക്കം വര്‍ധിപ്പിക്കാന്‍ കാരണമാക്കി. അതുപോലെ പനമരത്തിന് പടിഞ്ഞാറ് പുളിഞ്ഞാല്‍ എന്ന സ്ഥലത്ത് മേജന്‍ ഡ്രമണ്ടിന്റെ കീഴില്‍ 360 സൈനികര്‍ ഉണ്ടായിരുന്നെങ്കിലും ആ സൈന്യത്തേയും കലാപകാരികള്‍ തടഞ്ഞുവെച്ചു. പിന്നീട് കോഴിക്കോട് നിന്നെത്തിയ കമ്പനിയുടെ പോഷക സൈന്യങ്ങളാണ് ഇവരെ തടങ്കലില്‍നിന്നും മോചിപ്പിച്ചത്. ഈ വിജയങ്ങള്‍ സമരം നയിച്ചവര്‍ക്ക് പ്രചോദനമായിത്തീര്‍ന്നു. അപ്പോഴേക്കും എല്ലാവരും 'ആയുധമെടുക്കുക' എന്ന കല്‍പ്പന പുല്‍പ്പള്ളി ക്ഷേത്രസങ്കേതത്തില്‍നിന്നും സമരത്തിന് നേതൃത്വം നല്‍കിയിരുന്ന എടച്ചന കുങ്കന്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് ഏതാണ്ട് 3000 പേര്‍ കമ്പനിക്കെതിരെ സമരം ചെയ്യാന്‍ മുമ്പോട്ടുവന്നു. ഇതില്‍ 500 പേര്‍ പ്രത്യേകമായി വള്ളിയൂര്‍ക്കാവിനും, എടച്ചന കുങ്കന്റെ സഹോദരന്‍ 100 പേരോടൊപ്പം പേരിയ ചുരത്തിനും, വേറെ 25 പേര്‍ കൊട്ടിയൂര്‍ ചുരത്തിനും കാവല്‍നില്‍ക്കുകയും ചെയ്തു. വയനാട്ടിലെ വള്ളിയൂര്‍ക്കാവടങ്ങുന്ന പല പ്രദേശങ്ങള്‍ക്കു ചുറ്റും സമരസേനാനികള്‍ തങ്ങളുടെ പോസ്റ്റുകള്‍ സ്ഥാപിച്ചു. ഇതിനുശേഷം നടന്ന സംഘര്‍ഷങ്ങളിലും കൊട്ടിയൂരും പേരിയ ചുരത്തിലും വയനാടിന്റെ വിവിധഭാഗങ്ങളിലുംവെച്ച് കമ്പനി പട്ടാളത്തിന് ഭീമമായ പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടിയും വന്നു. എന്നുമാത്രമല്ല, സാധാരണജനങ്ങള്‍ പരസ്യമായി സമരക്കാര്‍ക്കൊപ്പം ചേരുകയും ചെയ്തു. ഈ പരിസ്ഥിതിയെ നേരിടാനായി 1803 ജനുവരി 19 ന് ബ്രിട്ടീഷുകാര്‍ വയനാട്ടില്‍ പട്ടാളനിയമം പ്രഖ്യാപിച്ചു. അതും വിലപ്പോയില്ല. കലാപകാരികളും ജനങ്ങളും പുല്ലുവിലയാണ് അതിന് നല്‍കിയത്. ഈ സ്ഥിതികള്‍ കമ്പനിയുടെ കരംപിരിവിനെയും റവന്യൂ വരുമാനത്തെയും ഭയങ്കരമായി ചെയ്തു. വയനാടിന്റെ വനപ്രദേശങ്ങളില്‍ തമ്പടിച്ച തലക്കല്‍ ചന്തുവും അനുയായികളും ഗറില്ലാ യുദ്ധമുറയാണ് സ്വീകരിച്ചിരുന്നത്. ഇത് കമ്പനി പട്ടാളത്തിന് കുറച്ചൊന്നുമല്ല വിഷമങ്ങളുണ്ടാക്കിയത്. പട്ടാളത്തിന്റെ നീക്കങ്ങള്‍ക്കും യുദ്ധസാമഗ്രികള്‍ ഓരോ രംഗത്തും എത്തിക്കാനും വൈഷമ്യങ്ങള്‍ നേരിട്ടു. അമ്പും വില്ലും ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്ന കുറിച്യര്‍ മരങ്ങളുടെ മുകളില്‍ നിലയുറപ്പിച്ച് യുദ്ധം ചെയ്തു. ഈ പരിതസ്ഥിതിയെ നേരിടാനായി യുദ്ധവിദഗ്ദ്ധനായിരുന്ന ക്യാപ്റ്റന്‍ വെല്ലസ്ലിയെ തന്നെ വയനാട് കേന്ദ്രമാക്കി നിയോഗിക്കാന്‍ കമ്പനി തീരുമാനിച്ചു. ആ നീക്കവും വേണ്ടത്ര മുന്നോട്ടുപോയില്ല. അതിന്റെ തെളിവുകളാണ് 1804 ല്‍ എടപ്പാടി കുന്നുകളില്‍നിന്നും ഒരു സംഘെത്ത കങ്കണകോട്ടയിലേക്കുള്ള മാര്‍ഗമധ്യേ ലഫ്റ്റണന്റ് കേണല്‍ കണ്ടെത്തിയതും അവര്‍ക്കെതിരെ നീക്കം നടത്താതിരുന്നതും. അതുപോലെ കാട്ടിക്കെട്ടി കുന്നുകളില്‍ മാനന്തവാടിയിലെ കമാന്റന്റ് ലഫ്റ്റനന്റ് റോബോര്‍ട്ട്‌സണ്‍ സന്നദ്ധരായ കലാപകാരികളെ കണ്ടെത്തിയിരുന്നു. ഇവിടെയും തമ്മില്‍ ഒരേറ്റുമുട്ടലിനു നില്‍ക്കാതെ കമ്പനി പട്ടാളം പിന്മാറുകയാണുണ്ടായത്. അടിക്കടി പരാജയങ്ങളേറ്റു വാങ്ങിയിരുന്നെങ്കിലും തങ്ങള്‍ക്കെതിരായി സമരം ചെയ്തിരുന്ന നേതാക്കന്മാരെ പിടികൂടാന്‍ കമ്പനി പല ഉപായങ്ങളും ചെയ്തിരുന്നു. അതിന്റെ ഭാഗമായി ഒറ്റുകാരുടെ സഹായത്തോടെ 1805 ഒക്‌ടോബര്‍ മാസം തലക്കല്‍ ചന്തുവിനെ കാര്‍ക്കോട്ടില്‍ തറവാട്ടിന്റെ മണ്ണില്‍നിന്നും പിടികൂടുകയും തങ്ങള്‍ക്കു സംഭവിച്ച എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും മാനഹാനിക്കും കാരണമായ അദ്ദേഹത്തെ 1805 നവംബര്‍ 15 ന് കൊലപ്പെടുത്തി പനമരം കോട്ടയിലെ കോളിമരത്തില്‍ തൂക്കിലിടുകയും ചെയ്തു. കേരള വനവാസി വികാസകേന്ദ്രം, കേരള ആദിവാസി സംഘം തുടങ്ങിയ ദേശീയ പ്രസ്ഥാനങ്ങളും ദേശസ്‌നേഹികളും നിരവധികാലം പ്രക്ഷോഭങ്ങള്‍ നടത്തിയതിന്റെ ഫലമായി ഇന്ന് ഈ സ്ഥലത്ത് തലക്കല്‍ ചന്തുവിന് ഒരു സ്മാരകം ഉയര്‍ന്നുവന്നിട്ടുണ്ട്. തലക്കല്‍ ചന്തുവിന്റെ സമരകഥകളും അദ്ദേഹത്തിന്റെ വ്യക്തിത്വവും ഇന്നും വനവാസി വിഭാഗങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ഊര്‍ജം പകരുന്നവയാണ്. ആദിവാസികള്‍ക്കിടയിലെ തലക്കരചന്തുവിനെപ്പറ്റിയുള്ള ഗോത്രസ്മരണ അത്യന്തം സജീവമാണ്. മാനന്തവാടി തൊണ്ടര്‍നാട് പഞ്ചായത്തില്‍ കാര്‍ക്കോട്ടില്‍ തറവാട്ടില്‍ ജനിച്ച ചന്തു വൈദേശിക ആധിപത്യത്തിനെതിരെ പഴശ്ശിരാജാവിനൊപ്പം സമരം നയിച്ചതുക്കൊണ്ടുമാത്രം അദ്ദേഹത്തിന് കുറച്യ സമുദായാചാരപ്രകാരം ലഭിക്കേണ്ട പരമോന്നത സ്ഥാനമായ മലക്കാരി ദേവന്റെ നെകല്‍ സ്ഥാനം ലഭിക്കാതെ പോയി. ഗോത്രവര്‍ഗങ്ങള്‍ സ്വന്തം പൂര്‍വികന്മാരുടെ ആത്മാക്കളും കുലദേവതയും കുടിക്കൊള്ളുന്ന ഊരുവിട്ട് മാറി ജീവിക്കാറില്ല. ചന്തു ദേശീയസ്വാതന്ത്ര്യം കാക്കുന്നതിനുവേണ്ടി സ്വന്തം ഊരിനെയും ഉടയവരേയും വിട്ട് ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ പടനയിച്ചു. ഇതുവഴി ഗോത്രനിയമങ്ങള്‍ ലംഘിക്കപ്പെട്ടു. ദേശീയ താല്‍പ്പര്യത്തിനുവേണ്ടി സ്വന്തം ഗോത്ര നിയമങ്ങളെല്ലാം ഉപേക്ഷിക്കേണ്ടിവന്ന ധീരദേശാഭിമാനിയാണ് തലക്കല്‍ ചന്തു. ഇത്തരത്തില്‍ ജീവപ്രതിഷ്ഠ നേടിയ തലക്കല്‍ ചന്തുവിനേയും കൂട്ടരുടെയും ജീവാഹുതി ഗണിക്കപ്പെടാതെ പോകുന്നത് തികച്ചും തെറ്റാണ്. രക്തരൂക്ഷിതമായ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ കേരളത്തിലെ അടുത്തഘട്ടം ആരംഭിക്കുന്നത്, 1811 മുതലാണ്. പഴശ്ശിയുടെ മരണശേഷം ബ്രിട്ടീഷുകാര്‍ തങ്ങള്‍ക്കെതിരെ ജനകീയ പ്രതിരോധം സൃഷ്ടിച്ച ജനവിഭാഗങ്ങളോട് പ്രത്യേകിച്ച് കുറുമ, കുറിച്ച്യ വിഭാഗങ്ങളോട് വളരെ ക്രൂരമായാണ് പെരുമാറിയത്. ഈ വിഭാഗങ്ങളെ അവഹേളനത്തിന്റെയും കഷ്ടപ്പാടുകളുടെയും ഇരകളാക്കി നരകതുല്യജീവിതത്തിന് വഴിയൊരുക്കുകയാണ് ഇംഗ്ലീഷ് പട്ടാളക്കാരും റവന്യൂ ഉദ്യോഗസ്ഥരും ചെയ്തത്. അക്കാലത്തെ മലബാറിലെ പ്രിന്‍സിപ്പല്‍ കളക്ടറായിരുന്ന തോമസ് വാര്‍ഡന്‍ ഇങ്ങനെയെഴുതുന്നു: ധാന്യശേഖരണത്തിലും മറ്റ് സമ്പത്തിലും അവര്‍ക്കുണ്ടായിട്ടുള്ള നഷ്ടത്തിന്റെ ദൃക്‌സാക്ഷി എന്ന നിലയില്‍ അവരുടെ ദാരിദ്ര്യാവസ്ഥയെക്കുറിച്ചും മഴക്കാലത്ത് കുടുംബങ്ങളെ സംരക്ഷിക്കുന്നതിനാവശ്യമായ ജീവനോപാധികള്‍ ഇല്ലാത്തതിനെക്കുറിച്ചും എനിക്കു നന്നായി ബോധ്യമുണ്ട്. (1812 ലെ കുറിച്യ കലാപം-ഡോ.ടി.കെ.രവീന്ദ്രന്‍) 1805 നു ശേഷമുള്ള വനവാസികളുടെ സ്ഥിതിയാണ് ഇത് സൂചിപ്പിക്കുന്നത്. ഭക്ഷണത്തിനും വിനോദത്തിനുമായി ആയിരക്കണക്കിനു നികുതി പണമാണ് കമ്പനി ഉദ്യോഗസ്ഥന്മാര്‍ ക്രൂരമായി പിരിച്ചെടുത്തിരുന്നത്. എന്നാല്‍, അതില്‍ മൂന്നിലൊന്ന് ഭാഗംപോലും ജനന്മയ്ക്കായി ചെലവഴിക്കപ്പെട്ടിട്ടുമില്ല എന്ന യാഥാര്‍ത്ഥ്യവും നാട്ടുകാര്‍ക്കറിയാമായിരുന്നു. പരാതി പറയാന്‍ പോയാല്‍ ആയിരം വഴികളിലൂടെ തങ്ങള്‍ ഉപദ്രവിക്കപ്പെടുമെന്നും ജനങ്ങള്‍ ശങ്കിക്കുകയും ചെയ്തു. അതുപോലെ കുറിച്യരുടെ മനോവീര്യം കെടുത്തുന്നതിനായി അവരെ പിടികൂടി അടിമപ്പണിക്കാരാക്കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതുകൂടാതെ അവരുടെ മുടി മുറിക്കുക, നിഷിദ്ധമായ ഭക്ഷണം കഴിപ്പിക്കുക എന്നിങ്ങനെ അവരെ കളങ്കപ്പെടുത്തി ജാതി ഭ്രഷ്ടരാക്കുക എന്നിവയെല്ലാം ഇംഗ്ലീഷ് ഉദ്യോഗസ്ഥന്മാരും പട്ടാളക്കാരും അന്ന് ചെയ്തിരുന്നു. ഈ അധമപ്രവര്‍ത്തികള്‍ക്കെതിരെ നീതിന്യായ വകുപ്പ് ചെറുവിരല്‍പോലും അനക്കിയിരുന്നില്ല. വനവാസികളുടെ സാമൂഹിക ജീവിതത്തില്‍ ആചാരങ്ങള്‍ക്കും കീഴ്‌വഴക്കങ്ങള്‍ക്കും വളരെ പ്രാധാന്യമുണ്ട്. ഇതിന്റെ കെട്ടുറപ്പിനെക്കുറിച്ച് ഇംഗ്ലീഷുകാര്‍ക്ക് കൃത്യമായ അറിവുണ്ടായിരുന്നില്ല. ക്ഷേത്രാചാരങ്ങളോട് അനുബന്ധിച്ച് നടക്കുന്ന വെളിച്ചപ്പാടന്മാരുടെ വെളിപ്പെടുത്തലുകള്‍ ആദിവാസികള്‍ക്ക് ഈശ്വരന്റെ ആദേശങ്ങളാണല്ലൊ. അങ്ങനെ അന്ന് ഇംഗ്ലീഷുകാരില്‍നിന്നുമുണ്ടായിക്കൊണ്ടിരുന്ന അതിക്രമങ്ങള്‍ക്കെതിരെ പോരാടാനുള്ള ആഹ്വാനം വെളിച്ചപ്പാടന്മാരില്‍നിന്നാണ് കുറിച്യ, കുറുമ വിഭാഗങ്ങള്‍ക്ക് ആദ്യമുണ്ടായത്. അതോടൊപ്പം കമ്പനി ഉദ്യോഗത്തില്‍നിന്നും പുറത്താക്കിയവരും അസംതൃപ്തരുമായ ഉദ്യോഗസ്ഥരും പൊതുവായി നാട്ടില്‍ ഉയര്‍ന്നുവന്നിരുന്ന ജനകീയ അസംതൃപ്തിയെക്കുറിച്ച് മനസ്സിലാക്കുകയും അത് വിശാലടിസ്ഥാനത്തില്‍ വളര്‍ന്നുവരട്ടെയെന്ന് ആഗ്രഹിക്കുകയും ചെയ്തു. ഇതിനുപുറമെ 'വട്ടത്തൊപ്പിക്കാരി'ല്‍നിന്നും സ്വാതന്ത്ര്യം നേടാനുള്ള പോരാട്ടത്തില്‍ അന്ന് തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ തടവുകാരനായി കഴിഞ്ഞിരുന്ന യുവരാജാവും (പഴശ്ശിയുടെ അനന്തരിവന്‍) എത്തുമെന്നും വാര്‍ത്തകള്‍ പരന്നു. അങ്ങനെ ബ്രിട്ടീഷുകാര്‍ക്കെതിരായി നായന്മാരുടെയും തിയ്യരുടെയും കുറിച്യരുടെയും കുറുമരുടെയും കൂട്ടായ അന്തിമപോരാട്ടത്തിന് പശ്ചാത്തലമൊരുങ്ങി. സാമൂഹ്യവിപത്തിനെതിരെ ഒരു ജനത മുഴുവന്‍ എങ്ങനെ സ്വയം സംഘടിച്ചു എന്നുള്ളതിന്റെ തെളിവാണ് ഇവിടെ വെളിവാകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.