ന്യൂദല്‍ഹി: ഗോളവസരങ്ങള്‍ തുലയ്ക്കുന്നതില്‍ ഇരു ടീമുകളും മത്സരിച്ചപ്പോള്‍ ദല്‍ഹി ഡൈനാമോസ്-അത്ലറ്റികോ ഡി കൊല്‍ക്കത്ത മത്സരം സമനിലയില്‍ (1-1). ആക്രമണ ഫുട്ബോളിന്റെ വശ്യത കണ്ട മത്സരത്തില്‍ 27ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂമിലൂടെ മുന്നിലെത്തിയത് കൊല്‍ക്കത്ത. 61ാം മിനിറ്റില്‍ റിച്ചാര്‍ഡ് ഗാഡ്സെയിലൂടെ ദല്‍ഹി ഒപ്പമെത്തി. ഗോള്‍ കീപ്പറുടെ കൈയില്‍നിന്ന് വഴുതിയ പന്ത് ഹ്യൂം വലയില്‍ നിക്ഷേപിച്ചപ്പോള്‍, പ്രതിരോധത്തിലെ കൂട്ടപ്പൊരിച്ചിലില്‍ ഗാഡ്സെയും ലക്ഷ്യം കണ്ടു. നിരവധി തുറന്ന അവസരങ്ങളാണ് ഇരു ടീമുകളും തുലച്ചത്. പ്രതിരോധവും ഗോളിയും ക്രോസ് ബാറുമെല്ലാം കൂടുതല്‍ ഗോള്‍ വഴങ്ങുന്നതിന് തടസമായി.
മത്സരഫലം ടീമുകളുടെ സ്ഥാനക്രമത്തില്‍ മാറ്റം വരുത്തില്ല. ഒമ്പത് കളികളില്‍ 15 പോയിന്റോടെ ദല്‍ഹി മൂന്നാമത്. പത്ത് മത്സരം കളിച്ച കൊല്‍ക്കത്ത 14 പോയിന്റുമായി നാലാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: