വില കുത്തനെ ഇടിഞ്ഞു;ഏലം മേഖല പ്രതിസന്ധിയിലേക്ക്

Saturday 14 November 2015 10:09 pm IST

അടിമാലി:  ജില്ലയിലെ ഏലത്തോട്ടം മേഖല വിലയിടിവിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കഴിഞ്ഞ സീസണിലുണ്ടായിരുന്ന 950 രൂപയില്‍ നിന്ന് വില കുത്തനെ ഇടിഞ്ഞ് 500-550 നിലവാരത്തിലെത്തി. പ്രതിസന്ധിയെ തുടര്‍ന്ന് തൊഴിലാളികളും  കര്‍ഷകരും ആശങ്കയുടെ മുള്‍മുനയിലായി. വിലകുത്തനെ ഇടിഞ്ഞതോടെ വിറ്റഴിക്കുവാനുള്ള ശ്രമത്തില്‍ ചരക്ക് വരവ് കൂടിയതും പ്രതിസന്ധി രൂക്ഷമാക്കി. തോട്ടം മേഖല തകരുകയും ജില്ലയുടെ പ്രധാന നാണ്യവിളയായ ഏലം കൃഷിയില്‍ നിന്ന് കര്‍ഷകര്‍ പിന്‍വാങ്ങുകയും ചെയ്താല്‍ സംസ്ഥാനത്തിന് കനത്തനഷ്ടമാണുണ്ടാവുക. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ ഏലം ഉല്‍പ്പാദിപ്പിക്കുന്ന  സംസ്ഥാനങ്ങളില്‍ പ്രമുഖസ്ഥാനമാണ് കേരളത്തിനുള്ളത്. ലോക വിപണിയില്‍ ഭാരതത്തിലെ ഏലത്തിന് വന്‍ ഡിമാന്റാണുള്ളത്.  എന്നിട്ടും സര്‍ക്കാര്‍ ഗൗരവത്തോടെ പ്രശ്‌നത്തെ സമീപിക്കുവാന്‍ തയ്യറായിട്ടില്ല. ഒരുകിലോ പച്ചക്കായുടെ വില 100 രൂപയോളമാണ്. 4-5 കിലോ പച്ചക്കായ ഉണങ്ങിയാല്‍ മാത്രമാണ് 1 കിലോ ഏലക്കായ ലഭിക്കുന്നത്. ഉണക്കുകൂലിയും മറ്റ് ചെലവുകളുമൊക്കെയായി 200 രൂപയോളം ചെലവ് വരുകയും ചെയ്യും. തോട്ടം മേഖലയില്‍ പ്രയോഗിക്കുന്ന കീടനാശിനികള്‍ക്കും വളങ്ങള്‍ക്കും വില കുത്തനെ ഉയര്‍ന്നു. കൂടാതെ മൂന്നാര്‍ സമരത്തിന്റെ ചുവടുപിടിച്ച് പലസ്ഥലങ്ങളിലും കൂലിവര്‍ദ്ധന ആവശ്യപ്പെട്ട് തൊഴിലാളിയൂണിയനുകള്‍ രംഗത്തെത്തിയിട്ടുണ്ട്. തദ്ദേശ തൊഴിലാളികളെക്കാള്‍ കൂടുതല്‍ സ്ത്രീ തോഴിലാളികള്‍ ദൈനംദിനം തമിഴ്‌നാട്ടിലെ കമ്പം, തേനി, ബോഡി മേഖലകളില്‍ നിന്ന് ജോലിക്കായി ഇവിടെ എത്തുന്നുണ്ട്. ഇവരുടെ ശരാശരി കൂലി 250-300 രൂപയാണ്. പുരുഷന്‍മാരുടെ കൂലി 500 രൂപവരെയാണ്. രാവിലെ 8 മുതല്‍ 3 വരെയാണ് ജോലി. ഇപ്പോള്‍കിട്ടുന്ന കൂലിയില്‍ ദൈനംദിന വാഹനകൂലിയും ചെലവുകള്‍ക്കും ശേഷം ഇവര്‍ക്ക് മിച്ചംകിട്ടുന്നത് തുഛമായ തുകയാണെന്നതാണ് യാഥാര്‍ത്ഥ്യം. ദിവസേന ശരാശരി ഇവര്‍ 100-150 കിലോമീറ്റര്‍ വരെ യാത്രചെയ്താണ് ജോലിക്കെത്തുന്നത്. ഇതിനിടെ ഏലച്ചെടികളിലെ രോഗ കീട ബാധകളും വെല്ലുവിളിയുയര്‍ത്തുന്നു. കാലാവസ്ഥ വ്യതിയാനം ഏലച്ചെടിയെ പ്രതികൂലമായി ബാധിക്കുന്നു. ഏലലേലത്തിലുള്ള സങ്കീര്‍ണ്ണതകള്‍ പരിഹരിക്കുകയും അടിസ്ഥാന വില നിശ്ചയിക്കുകയും ചെയ്തില്ലെങ്കില്‍ ഏലം മേഖലയില്‍ വറുതിയുടെ നാളുകളാവും കടന്നുവരിക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.