കണ്ടോണ്‍മെന്റ് ഏറിയയില്‍ പാര്‍ക്കിംഗ് ഫീസ് കുത്തനെ കൂട്ടി: പ്രതിഷേധം വ്യാപകം

Saturday 14 November 2015 10:40 pm IST

കണ്ണൂര്‍: കണ്ടോണ്‍മെന്റ് ഏറിയയില്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ് ഫീസ് കുത്തനെ കൂട്ടിയത് വ്യാപക പ്രതിഷേധത്തിന് കാരണമായി. കുണ്ടും കുഴിയും നിറഞ്ഞ് തകര്‍ന്ന് കിടക്കുന്ന കണ്‍ടോണ്‍മെന്റ് ഏറിയയില്‍ യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെ പാര്‍ക്കിംഗ് ഫീസ് കുത്തനെ കൂട്ടിയതാണ് പ്രതിഷേധത്തിന് കാരണമായത്. ജില്ലാ ആശുപത്രി പരിസരത്തും ആശുപത്രി ബസ്സ്റ്റാന്റിനടുത്തും പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കാണ് ഫീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാര്‍, ഓട്ടോറിക്ഷ, ബൈക്ക് എന്നിവയ്ക്ക് 10 രൂപയും ടൂറിസ്റ്റ് ബസ്സുകള്‍ക്ക് നൂറ് രൂപയുമാണ് ഫീസ് ഈടാക്കുന്നത്. കണ്ടോണ്‍മെന്റ് ബോര്‍ഡ് ഓഫീസിന്റെ തീരുമാനപ്രകാരമാണ് ഫീസ് കഴിഞ്ഞ ദിവസം മുതല്‍ കുത്തനെ കൂട്ടിയത്. ജില്ലാ ആശുപത്രിയില്‍ എത്തുന്ന വാഹനങ്ങള്‍ക്കാണ് ഫീസ് വര്‍ദ്ധന ഇരുട്ടടിയായി മാറിയത്. ദിവസവും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് വാഹനങ്ങളാണ് ജില്ലാ ആശുപത്രിയിലെത്തുന്നത്. ആശുപത്രി കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമില്ലാത്തതിനാല്‍ കണ്ടോണ്‍മെന്റ് ഏറിയയിലുള്ള റോഡിരികിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇത്തരം വാഹനങ്ങളില്‍ നിന്നാണ് ഫീസ് ഈടാക്കുന്നത്. ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.