എരുമേലിയില്‍ ദേവസ്വം വക പാര്‍ക്കിംഗ്, കൊപ്രകുത്തക ലേലം വീണ്ടും മാറ്റിവച്ചു

Saturday 14 November 2015 10:51 pm IST

എരുമേലി: ശബരിമല തീര്‍ത്ഥാടനമാരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ എരുമേലിയില്‍ ദേവസ്വം ബോര്‍ഡ് വക പ്രധാനപ്പെട്ട പാര്‍ക്കിംഗ്, തേങ്ങ, വിരി അടക്കം വരുന്ന നിരവധി കുത്തക ലേലം വീണ്ടും മാറ്റിവച്ചു. എരുമേലിയിലെത്തുന്ന ലക്ഷക്കണക്കിനു വരുന്ന തീര്‍ത്ഥാടകരുടെ വാഹന പാര്‍ക്കിംഗിന്റെ ലേലമാണ് മാറ്റിവച്ചതില്‍ പ്രധാനപ്പെട്ടത്. രണ്ടുതവണയും ഇ-ടെന്റര്‍ വഴി മാറ്റിവച്ച പാര്‍ക്കിംഗിന് ഇത്തവണ 27,42000 രൂപയാണ് വച്ചിരുന്നത്. എന്നാല്‍ ഒരാളുപോലും ടെന്റര്‍ നല്‍കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് 20% തുക കുറച്ച് 21,98400 രൂപയ്ക്ക് വീണ്ടും ലേലത്തിന് വച്ചിരിക്കുകയാണ്. കൊപ്രാലേലമാണെങ്കില്‍ 79,75000 രൂപയ്ക്ക് വച്ചിരുന്നുവെങ്കിലും നിശ്ചിത തുക കുറച്ച് 63,20000 രൂപയ്ക്കാണ് ഇപ്പോള്‍ ലേലം വച്ചിരിക്കുന്നത്. വിരി, നിരവധി കടകള്‍, സ്റ്റുഡിയോകള്‍ അടക്കം ലക്ഷക്കണക്കിനു ലേല തുക വരുന്ന കുത്തക ലേലമാണ് വീണ്ടും മാറ്റിവച്ചിരിക്കുന്നത്. എന്നാല്‍ പാര്‍ക്കിംഗ്, കൊപ്ര എന്നിവയുടെ ലേലകാര്യത്തില്‍ ദേവസ്വം ബോര്‍ഡ് കാണിക്കുന്ന പിടിവാശിയാണ് അനിശ്ചിതത്വത്തിന് കാരണമെന്നും ചൂണ്ടികാണിക്കപ്പെടുന്നു. ദേവസ്വം ബോര്‍ഡിന്റെ വിവിധ പാര്‍ക്കിംഗ് മൈതാനങ്ങളുടെ ശോചനീയവസ്ഥയും കരാറുകാര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കാത്തതുമാണ് ലേലക്കാര്‍ പിന്തിരിയാന്‍ കാരണമെന്ന് പറയപ്പെടുന്നു. പാര്‍ക്കിംഗ്, മറ്റു കടകള്‍, വിരി, ശൗചാലയങ്ങള്‍ എന്നീ ലേലങ്ങളില്‍ ലേലം കഴിഞ്ഞ് ഒരു തവണ പോലും തിരിഞ്ഞു നോക്കാത്ത ദേവസ്വം ബോര്‍ഡ് കരാറുകാരില്‍ നിന്നും ലക്ഷങ്ങള്‍ കുത്തക ലേലം വഴി പിഴിഞ്ഞെടുക്കാന്‍ മാത്രമാണ് ശ്രമിക്കുന്നതെന്നും ചൂണ്ടികാണിക്കപ്പെടുന്നു. ദേവസ്വം ബോര്‍ഡിന്റെ ഈ നടപടി ശബരിമല തീര്‍ത്ഥാടകരെ ചൂഷണം ചെയ്യാനുള്ള മാര്‍ഗ്ഗത്തിലേക്കാണ് കച്ചവടക്കാരെ തള്ളിവിടുന്നതെന്നും നാട്ടുകാരും പറയുന്നു. രണ്ടുതവണ മാറ്റിവച്ച ലേലം നാളെ എരുമേലയില്‍ തന്നെ നടത്താന്‍ തീരുമാനിച്ചപ്പോള്‍ കുത്തക ലേല തുകയില്‍ 20% തുകയുടെ കുറവാണ് ദേവസ്വം ബോര്‍ഡ് വരുത്തിയിരിക്കുന്നത്. പാര്‍ക്കിംഗ് മൈതാനങ്ങളുടെ ശോചനീയവസ്ഥക്കെതിരെ വ്യാപക ജനരോഷം ഉയര്‍ന്നെങ്കിലും നടപടി സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ദേവസ്വം ബോര്‍ഡ്. പാര്‍ക്കിംഗ് മൈതാനത്ത് കോണ്‍ക്രീറ്റ് ചെയ്യാനോ, ടാറിംഗ് നടത്താനോ, ടൈല്‍സ് ഇടണമെങ്കിലോ ഹൈക്കോടതിയുടെ അനുമതി വേണമെന്നാണ് ദേവസ്വം ബോര്‍ഡിനെ വെട്ടിലാക്കിയിരിക്കുന്നത്. ഓരോ മൈതാനവും സുരക്ഷിതമാകണമെങ്കില്‍ ലക്ഷങ്ങളാണ് വേണ്ടത്. ഇതുസംബന്ധിച്ച് എസ്റ്റിമേറ്റ് എടുത്ത് കോടതിക്ക് നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു തുടര്‍ നടപടികളും ഉണ്ടായിട്ടില്ലായെന്നതാണ് തീര്‍ത്ഥാടകരെയും നാട്ടുകാരെയും ആശങ്കയിലാക്കിയിരിക്കുന്നത്. ലക്ഷക്കണക്കിനു തീര്‍ത്ഥാടകരെത്തുന്ന എരുമേലിയില്‍ പാര്‍ക്കിംഗ് മൈതാനങ്ങളുടെ കാര്യത്തില്‍ മാത്രം അനാസ്ഥകാട്ടുന്നതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ശബരിമല തീര്‍ത്ഥാടകരെ കൊള്ളയടിക്കാന്‍ കുത്തക ലേലമെന്ന പേരില്‍ നടത്തുന്ന ദേവസ്വം ബോര്‍ഡിന്റെ പകല്‍കൊള്ള ശബരിമല തീര്‍ത്ഥാടനത്തോടുള്ള വെല്ലുവിളിയാണെന്നും നാട്ടുകാര്‍ ചൂണ്ടികാട്ടുന്നു. തീര്‍ത്ഥാടനത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ ചിലവഴിച്ചുകൊണ്ടിരിക്കുന്ന ദേവസ്വം ബോര്‍ഡ് തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്ന കാര്യത്തില്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.