സിപിഐ കോട്ടയില്‍ ശക്തിപ്രാപിച്ച് ബിജെപി

Sunday 15 November 2015 3:34 pm IST

അഞ്ചല്‍: ഇന്നു ഭാരതത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ സിപിഐ വല്യേട്ടന്‍ കളിക്കുന്ന ഏക സ്ഥലമാണ് ഏരൂര്‍. സിപിഎമ്മിന്റെ കൊലവാള്‍ രാഷ്ട്രീയത്തിന് അതേ രീതിയില്‍ കിടപിടിക്കുന്ന കൊടുവാള്‍ രാഷ്ട്രീയഭൂമി. വല്യേട്ടന്‍-കൊച്ചേട്ടന്‍ പോരില്‍ ഇവിടെ സംഘര്‍ഷമൊഴിഞ്ഞിട്ട് നേരമില്ല. സ്‌കൂള്‍ പിടിഎ മുതല്‍ പഞ്ചായത്ത് ഭരണം വരെ ഇവരുടെ സൗഹൃദസംഘര്‍ഷത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇവിടെ ഇടത് ഭരണസമിതിക്ക് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. കോണ്‍ഗ്രസിനും യുഡിഎഫിനും പരിമിത അംഗങ്ങളെ മാത്രം വിജയിപ്പിക്കാന്‍ കഴിയുന്ന ഇവിടെ ബ്ലോക്ക് ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച സുനില്‍ ഏരൂരിന്റെ മികച്ച പ്രകടനമാണ് ഇപ്പോള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയാകുന്നത്. ആകെ എട്ടു വാര്‍ഡുകളടങ്ങുന്ന ഏരൂര്‍ ഡിവിഷനില്‍ രണ്ട് മുസ്ലീം ഭൂരിപക്ഷ വാര്‍ഡുകളിലും ഒരു ക്രൈസ്തവ ഭൂരിപക്ഷവാര്‍ഡുകളിലും ഒഴിച്ച് ബിജെപി നടത്തിയ മിന്നുന്ന പ്രകടനം ഇരുമുന്നണികളെയും അമ്പരിപ്പിച്ചു കഴിഞ്ഞു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഏരൂര്‍ സുഭാഷിന്റെ വാര്‍ഡായ കരിമ്പിന് കോണത്ത് യുഡിഎഫിനേക്കാള്‍ വോട്ടാണ് ബിജെപി നേടിയിരിക്കുന്നത്. 216 വോട്ട് സുനില്‍ നേടി. മുന്‍ എംഎല്‍എയും സിപിഐ നേതാവുമായിരുന്ന പി.എസ്.ശ്രീനിവാസന്റെയും പി.എസ്.സുപാലിന്റെയും സിപിഎം ഏരിയ സെക്രട്ടറി പി.എസ്.സുമന്റെയും വാര്‍ഡായ ഏരൂര്‍ വാര്‍ഡില്‍ ഇരു ബൂത്തുകളിലും യുഡിഎഫിനെ ബഹുദൂരം പിന്നിലാക്കി രണ്ടാംസ്ഥാനത്ത് ബിജെപി എത്തി. വെറും 48 വോട്ട് യുഡിഎഫ് നേടിയപ്പോള്‍ ബിജെപിയാകട്ടെ 296 വോട്ട് നേടി. മോസ്‌കോ എന്ന വിളിപേരുള്ള ഈ വാര്‍ഡിലാണ് ബിജെപിയുടെ കടന്നുകയറ്റം. പാണയം തൃക്കോയിക്കല്‍ വാര്‍ഡില്‍ ബിജെപി 254 വോട്ട് നേടിയും ആലഞ്ചേരി വാര്‍ഡില്‍ 281 വോട്ട് നേടിയും കരുത്ത് തെളിയിച്ചു. കോണ്‍ഗ്രസ് നേതാവ് രാമഭദ്രനെ സിപിഎമ്മുകാര്‍ വെട്ടിക്കൊന്ന നെട്ടയംവാര്‍ഡ് മറ്റൊരു പാര്‍ട്ടിഗ്രാമമാണ്. എംഎല്‍എ കെ.രാജുവിന്റെ സ്ഥലം കൂടിയായ ഇവിടെ ബിജെപി നേടിയത് 245 വോട്ടാണ്. 1536 വോട്ട് ആകെ ഡിവിഷനില്‍ നിന്ന് നേടിയ ബിജെപി സ്ഥാനാര്‍ഥി മുന്നേറ്റം നടത്തിയത് അഞ്ച് വാര്‍ഡുകളും എതിര്‍സ്ഥാനാര്‍ത്ഥികള്‍ക്കൊ പാര്‍ട്ടിക്കാര്‍ക്കോ മുമ്പ് പ്രവര്‍ത്തനസ്വാതന്ത്ര്യം പോലും നിഷേധിച്ചിരുന്ന പാര്‍ട്ടിഗ്രാമങ്ങളായിരുന്നതാണ് ആശ്ചര്യം. ഇരുമുന്നണികളേയും വെട്ടിലാക്കി ബിജെപിക്ക് കൂട്ടത്തോടെ വോട്ട് ചെയ്യുന്ന ആളുകള്‍ പാര്‍ട്ടിഗ്രാമങ്ങളില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്ത സിപിഎം-സിപിഐ മാടമ്പിമാരെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ നേതൃത്വം വഹിച്ചിരുന്ന ശ്രീനാരായണീയര്‍ അടക്കമുള്ളവര്‍ പാര്‍ട്ടിയെ ധിക്കരിച്ച് സമത്വത്തിനായി മുന്നേറാന്‍ ഇറങ്ങുന്ന സാഹചര്യത്തില്‍ ഏരൂരിന്റെ ചുവന്ന മണ്ണിനി കാവിയും താമരയുമായി ഒരുങ്ങിയെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.