അസൗകര്യങ്ങളുടെ നടുവില്‍ അയ്യപ്പഭക്തരെ വരവേല്‍ക്കാന്‍ കെഎസ്ആര്‍ടിസി സ്റ്റാന്റ്

Sunday 15 November 2015 9:03 pm IST

പത്തനംതിട്ട: അസൗകര്യങ്ങളുടെ നടുവിലും അയ്യപ്പഭക്തരെ വരവേല്‍ക്കാന്‍ പത്തനംതിട്ട കെഎസ്ആര്‍ടിസി സ്റ്റാന്റൊരുങ്ങി. തീര്‍ത്ഥാടനക്കാലം ആരംഭിക്കുന്നതോടെ ദിനംപ്രതി നൂറുകണത്തിന് കെഎസ്ആര്‍ടിസി ബസ്സുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്തനംതിട്ടയിലെത്തുന്നത്. എന്നാല്‍ ഇക്കുറി പത്തനംതിട്ടയിലെത്തുന്ന കെഎസ്ആര്‍ടിസി ബസ്സുകളേയും അയ്യപ്പഭക്തരേയും എങ്ങനെ ഉള്‍ക്കൊള്ളുമെന്ന ആശങ്കയിലാണ് ജീവനക്കാരും തീര്‍ത്ഥാടകരും. നിലവിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പുതുക്കിപ്പണിയുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനാല്‍ നഗരസഭാ ബസ് സ്റ്റാന്റിലൊരുക്കിയ താല്‍ക്കാലിക സംവിധാനത്തിലാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസി പ്രവര്‍ത്തിക്കുന്നത്. പത്തനംതിട്ട ഡിപ്പോയിലെ ബസുകള്‍ പോലും പാര്‍ക്കുചെയ്യാനിടമില്ലാത്ത ഇവിടെ തീര്‍ത്ഥാടകരേയും കൊണ്ട് വാഹനങ്ങളെത്തുന്നതോടെ ഗതാഗതക്കുരുക്കും രൂക്ഷമാകുമെന്ന് ജീവനക്കാര്‍തന്നെ പറയുന്നു. നിലവിലെ നഗരസഭയുടെ താല്‍ക്കാലിക കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ 30 ബസ്സുകള്‍ മാത്രമേ പാര്‍ക്കുചെയ്യാനാകൂ. മണ്ഡല മകരവിളക്ക് ഉത്സവക്കാലം ആരംഭിക്കുന്നതോടെ രാത്രിമുഴുവന്‍ വിവിധയിടങ്ങളില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബസ്സുകള്‍ ഇവിടെ വന്നുപോകുന്നതിനാല്‍ ഇത്രയും ബസ്സുകള്‍ പോലും സ്റ്റാന്റില്‍ പാര്‍ക്കുചെയ്യാനാവില്ല. ഇതിന് പുറമേ വിവിധ ഡിപ്പോകളില്‍ നിന്നായി പത്തനംതിട്ട -പമ്പ സര്‍വ്വീസ് നടത്തുന്നതിനായി കൂടുതല്‍ ബസ്സുകള്‍ പത്തനംതിട്ടയിലെത്തും. ഇന്നലെ മാത്രം പത്തുബസ്സുകളാണ് പത്തനംതിട്ട ഡിപ്പോയ്ക്കായി ലഭിച്ചത്. ഇനിയും അഞ്ചു ബസ്സുകള്‍കൂടി ഇന്നെത്തും. ആവശ്യമെന്ന് കണ്ടാല്‍ ഏത് സമയവും കൂടുതല്‍ ബസ്സുകള്‍ ലഭിക്കുമെന്നും ജീവനക്കാര്‍ പറയുന്നു. രാത്രികാല പാര്‍ക്കിംഗിന് സ്ഥലമില്ലാതായതോടെ റിംഗ് റോഡിന്റെ വശങ്ങളില്‍ ബസ്സുകള്‍ പാര്‍ക്ക് ചെയ്യാനാണ് പദ്ധതി. ഇതിനായി ജില്ലാ കളക്ടര്‍ക്കും പോലീസിനും കത്തുനല്‍കി കാത്തിരിക്കുകയാണ് കെഎസ്ആര്‍ടിസി അധികൃതര്‍. മണ്ഡലക്കാലത്ത് പതിനഞ്ചു ബസ്സുകളും മകരവിളക്ക് ഉത്സവക്കാലത്തേക്ക് 25 ബസ്സുകളുമാണ് ഡിപ്പോയ്ക്ക ലഭിക്കുന്നത്. സാധാരണ ദിവസങ്ങളില്‍ പമ്പയിലേക്ക് ഇരുപതിലേറെ ട്രിപ്പുകള്‍ ഇവിടെ നിന്നും ഓപ്പറേറ്റ് ചെയ്യാറുണ്ട്. തിരക്കുള്ള ദിവസങ്ങളിലിത് 30 ഉം 35 ഉം ആയി മാറും. ഇതിന് പുറമേയാണ് മറ്റ് സ്ഥലങ്ങളില്‍ നിന്നും ഇടതടവില്ലാതെ അയ്യപ്പഭക്തരേയും കൊണ്ട് കെഎസ്ആര്‍ടിസി ബസ്സുകളെത്തുന്നത്. ബസ്സുകള്‍ പാര്‍ക്കുചെയ്യാനും സ്റ്റാന്റില്‍ വന്ന് യാത്രക്കാരെ ഇറക്കിതിരിച്ചുപോകാനും ബുദ്ധിമുട്ടുന്നതിനൊപ്പം ഇവിടെയെത്തുന്ന അയ്യപ്പഭക്തര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കാനും ബുദ്ധിമുട്ടാകും. മുന്‍കാലങ്ങളില്‍ കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ ഭക്തജനസംഘടനകള്‍ തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളവും അന്നദാനവും നടത്തിയിരുന്നു. എന്നാല്‍ ഇക്കുറി അതിനുള്ള സ്ഥല സൗകര്യവും ലഭിക്കാനിടയില്ല. നിലവിലെ കെഎസ്ആര്‍ടിസി സ്റ്റാന്റ് കുണ്ടുംകുഴിയുമായി മഴപെയ്താല്‍ കുളമായി മാറുന്ന സ്ഥിതിയിലായിരുന്നു. എന്നാല്‍ തീര്‍ത്ഥാടനക്കാലത്തിന് തൊട്ടുമുമ്പ് കുഴികളില്‍ മെറ്റല്‍ നിറച്ച് അറ്റകുറ്റപണികള്‍ ഒരുവിധമാക്കിയിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടനക്കാലത്തെങ്കിലും സ്വകാര്യ ബസ് സ്റ്റാന്റിന്റെ ഒരു ഭാഗം കൂടി കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കും അയ്യപ്പഭക്തര്‍ക്കുമായി മാറ്റിവെച്ചാല്‍ ഒരു പരിധിവരെ നിലവില്‍ തീര്‍ത്ഥാടകരുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകുമെന്ന് ജീവനക്കാരും യാത്രക്കാരും പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.