പ്രവര്‍ത്തനസജ്ജമാകാതെ പത്തനംതിട്ട നഗരസഭയുടെ ശബരിമല ഇടത്താവളം

Sunday 15 November 2015 9:05 pm IST

പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവക്കാലത്തിനാരംഭമായെങ്കിലും പത്തനംതിട്ട നഗരസഭയുടെ ശബരിമല ഇടത്താവളം പ്രവര്‍ത്തനസജ്ജമായില്ല. ഇടത്താവളത്തിന് ചുറ്റുമുള്ള കാടുകള്‍ നീക്കം ചെയ്തു തുടങ്ങി. എന്നാല്‍ ഇടത്താവളത്തിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വിരിവെക്കാനും വിശ്രമിക്കാനുമുള്ള ഇടം ഇനിയും വൃത്തിയാക്കേണ്ടതുണ്ട്.തീര്‍ത്ഥാടകര്‍ക്ക് വിരിവെച്ച് വിശ്രമിക്കാനുള്ള ഹാളില്‍ നഗരസഭയുടെ ടൂബ് ലൈറ്റുകളും മറ്റും ശേഖരിച്ചുവെച്ചിരിക്കുകയാണ്. ഇനി ഇവിടെ നിന്നും മാറ്റിയെങ്കില്‍ മാത്രമേ തീര്‍ത്ഥാടകര്‍ക്ക് ഇവിടം തുറന്നുകൊടുക്കാനാകൂ. നഗരസഭയുടെ സ്റ്റോറിലേക്ക് ഈ സാധനങ്ങള്‍ മാറ്റുമെന്നാണ് മുന്‍സിപ്പല്‍ സെക്രട്ടറി പറയുന്നത്. ഇടത്താവളത്തിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അന്നദാനം നടത്തുന്നതിന് ശബരിമല അയ്യപ്പസേവാസമാജം നഗരസഭയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നഗരസഭാ ചെയര്‍മാനും മറ്റും അധികാരം ഏല്‍ക്കാത്തതിനാല്‍ കൗണ്‍സിലില്‍ വെച്ച് ഇതിനുള്ള അനുമതി നല്‍കിയിട്ടില്ല. വിശാലമായ സ്ഥലസൗകര്യമാണ് ഇടത്താവളത്തിലുള്ളത്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ അയ്യപ്പഭക്തര്‍ ഇവിടെ വാഹനങ്ങളിലെത്തി വിരിവെച്ച് വിശ്രമിക്കാറുണ്ട്. ഇവര്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാനാവശ്യമായ സൗകര്യങ്ങളും ഇവിടെയുണ്ട്. അതേ സമയം ലാട്രിനുകളുടെ സെപ്റ്റിക് ടാങ്കുകളുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. തീര്‍ത്ഥാടകര്‍ക്ക് കുളിക്കുന്നതിനായി വെള്ളം സംഭരിക്കുന്ന ചെറുടാങ്കുകളും ഇവിടെയുണ്ട്. എന്നാല്‍ അവ ശുചീകരിച്ചിട്ടില്ല. കെട്ടിടവും അനുബന്ധ സൗകര്യങ്ങളും നിലവിലുണ്ടെങ്കിലും തീര്‍ത്ഥാടകര്‍ക്ക് ഉപയോഗപ്രദമായി സജ്ജമാക്കാന്‍ അധികൃതര്‍ അനാസ്ഥകാട്ടിയെന്ന് ആക്ഷേപം ഉയരുന്നു. തീര്‍ത്ഥാടനപാതയിലെ മറ്റൊരു ഇടത്താവളമായ വടശ്ശേരിക്കരയിലും ഒരുക്കങ്ങളൊന്നും പൂര്‍ണ്ണമായില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്കാലമായതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതിയോടെ വടശ്ശേരിക്കര പഞ്ചായത്തിന് ഫണ്ട് അനുവദിച്ചെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ കെട്ടിടമടക്കം തീര്‍ത്ഥാടകര്‍ ഇടത്താവളമായി ഉപയോഗിക്കുന്നിടത്തൊന്നും മതിയായ സംവിധാനമൊരുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. ഇവിടങ്ങളിലെ ലാട്രിനുകള്‍ പലതും ഇനിയും ഉപയോഗ യോഗ്യമാക്കേണ്ടതുണ്ട്. റോഡുകളുടെ അറ്റകുറ്റപണിയും പൂര്‍ത്തിയായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.