ശബരിമല നട ഇന്ന് തുറക്കും

Monday 16 November 2015 2:57 am IST

പത്തനംതിട്ട: മണ്ഡല -മകരവിളക്ക് ഉത്സവക്കാലത്തിന് തുടക്കംകുറിച്ച് ശബരിഗിരിനാഥന്റെ തിരുനട ഇന്ന് തുറക്കും. വൈകിട്ട്  അഞ്ചുമണിയോടെ മേല്‍ശാന്തി ഇ.എന്‍. കൃഷ്ണദാസ് നമ്പൂതിരി നടതുറന്ന് നെയ്ത്തിരി ജ്വലിപ്പിച്ച് ഭക്തജനസാന്നിദ്ധ്യം അറിയിക്കും. തുടര്‍ന്ന് പതിനെട്ടാംപടിയിറങ്ങി ആഴി ജ്വലിപ്പിക്കും. ഇതിന് ശേഷം നിയുക്ത ശബരിമല മേല്‍ശാന്തി എസ്.ഇ. ശങ്കരന്‍ നമ്പൂതിരിയും നിയുക്ത മാളികപ്പുറം മേല്‍ശാന്തി ഇ.എസ്. ഉണ്ണികൃഷ്ണനും പതിനെട്ടാംപടി ചവിട്ടി ദര്‍ശനം നടത്തും. തുടര്‍ന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പുതിയ മേല്‍ശാന്തിമാരുടെ അവരോധ ചടങ്ങ് നിര്‍വ്വഹിക്കും. സോപാനത്തിരുത്തി ഒറ്റക്കലശം പൂജിച്ച് അഭിഷേകം ചെയ്താണ് മേല്‍ശാന്തി അവരോധ ചടങ്ങ് നടത്തുന്നത്. ഒറ്റക്കലശം ആടിയശേഷം ശ്രീകോവിലിനുള്ളിലേക്ക് മേല്‍ശാന്തിയെ തന്ത്രി കൈപിടിച്ച് ആനയിച്ച് അയ്യപ്പന്റെ മൂലമന്ത്രം ഓതിക്കൊടുക്കും. ഇതോടെ മേല്‍ശാന്തി അവരോധ ചടങ്ങ് പൂര്‍ത്തിയാകും. വൃശ്ചികപ്പുലരിമുതല്‍ പുതിയ മേല്‍ശാന്തിമാരാണ് നടതുറക്കുന്നത്. പഞ്ചലോഹം പൊതിഞ്ഞ് നവീകരിച്ചപതിനെട്ടാംപടി, അയ്യപ്പ ചരിതം പിത്തളയിലാലേഖനം ചെയ്ത നാലമ്പലം തുടങ്ങി ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് പുതിയ കാഴ്ചകളുംകൂടിയാണ് ഈവര്‍ഷത്തെ മണ്ഡല മകരവിളക്ക് ഉത്സവക്കാലം സമ്മാനിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.