ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ്; രണ്ടാം ദിനം മഴ കൊണ്ടുപോയി

Monday 16 November 2015 3:37 am IST

ബെംഗളൂരു: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം മഴയത്ത് ഒലിച്ചുപോയി. ഒരു പന്തുപോലും എറിയാന്‍ സാധിക്കാതെയാണ് കളി ഉപേക്ഷിക്കാന്‍ അമ്പയര്‍മാര്‍ തീരുമാനിച്ചത്. പിച്ചിലെ ഈര്‍പ്പം കാരണം കളി വൈകി ആരംഭിക്കുമെന്ന് അറിയിച്ചെങ്കിലും മഴ തുടര്‍ന്നതോടെ ഇന്നലത്തെി കളി ഉപേക്ഷിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് പിച്ച് പരിശോധിച്ച മാച്ച് റഫറി ജെഫ് ക്രോയാണ് കളി ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചത്. വരും ദിനങ്ങളിലും മഴ വില്ലനാകുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആദ്യ ദിനം ദക്ഷിണാഫ്രിക്കയെ 214 റണ്‍സിന് പുറത്താക്കിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 80 എന്ന നിലയിലാണ് ഇപ്പോള്‍. രണ്ടാം ദിനം ലീഡ് സ്വന്തമാക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കാണ് മഴ തിരിച്ചടിയായത്. ദക്ഷിണാഫ്രിക്കന്‍ സ്‌കോറിന് ഒപ്പമെത്താന്‍ പത്ത് വിക്കറ്റ് ശേഷിക്കേ ഇന്ത്യക്ക് ഇനി 134 റണ്‍സ് കൂടിമതി. ആദ്യദിനം നാല് വിക്കറ്റുകള്‍ വീതം പങ്കിട്ട അശ്വിന്റെയും ജഡേജയുടെയും പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ ചെറിയ സ്‌കോറില്‍ ഒതുക്കാന്‍ ഇന്ത്യയെ സഹായിച്ചത്. നൂറാം ടെസ്റ്റിനിറങ്ങിയ ഡിവില്ലിയേഴ്‌സിന് (85) മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായത്. മറുപടി ബാറ്റിംഗിനിറങ്ങയ ഇന്ത്യ ആദ്യ ദിനം വിക്കറ്റ് നഷ്ടപ്പെടാതെ 80 റണ്‍സ് എന്ന നിലയിലാണ് ബാറ്റിംഗ് അവസാനിപ്പിച്ചത്. 28 റണ്‍സുമായി മുരളി വിജയും 45 റണ്‍സുമായി ധവാനുമാണ് ക്രീസില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.