ഇനി ഒന്നും ഒളിപ്പിക്കാനാവില്ല; സെന്‍ട്രല്‍ ജയിലുകളില്‍ കാവലിന് ശ്വാനപ്പടയും

Tuesday 17 November 2015 10:29 am IST

വിയൂര്‍ സെന്‍ട്രല്‍ ജയിലിലെ പ്രിസന്‍സ് ഡോഗ് സ്‌ക്വാഡ് ഉദ്ഘാടനം ചെയ്ത ശേഷം ജയില്‍ ഡിജിപി ലോകനാഥ് ബെഹ്‌റ

തൃശ്ശൂര്‍ : സംസ്ഥാനത്തെ സെന്‍ട്രല്‍ ജയിലുകളില്‍ ഇനി കാവലിന് ശ്വാനപ്പടയും. ജയില്‍വകുപ്പിലെ തന്നെ ആദ്യ ശ്വാനസേന വിയ്യൂരില്‍ പ്രവര്‍ത്തനം തുടങ്ങി. അന്താരാഷ്ട്ര നിലവാരത്തില്‍ പരിശീലനം ലഭിച്ച നാലു നായ്ക്കളെയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇതിനായി എത്തിച്ചിരിക്കുന്നത്. 2012 ലെ ലോക ശ്വാന ചാമ്പ്യനായ ജെര്‍മന്‍ ഷെപ്പേഡ് റെമോയുടെ തലമുറയില്‍പ്പെട്ട 85 ദിവസം പ്രായമുള്ള സ്‌നേപ്പി, മിന്മയ, മോണി, ബെല്ല എന്നിവരാണ്് ഇനി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന്റെ സുരക്ഷാ ചുമതലയിലുള്ളത്.

കൊടുംകുറ്റവാളികളെ പാര്‍പ്പിച്ചിരിക്കുന്ന അതീവ സുരക്ഷാ പ്രാധാന്യമുള്ള തടവറയാണ് വിയ്യൂരിലേത്. ജയിലില്‍ താമസിപ്പിച്ചിരുന്ന ടി.പി. കേസ് കുറ്റവാളികളുടെ കൈയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തത് അടുത്തിടെ വിവാദമായിരുന്നു. തടവുപുള്ളികള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതും വിയ്യൂര്‍ ജയിലില്‍ പതിവാണ്. തടവുകാര്‍ക്ക് ചില കേന്ദ്രങ്ങളില്‍ നിന്ന് രഹസ്യമായി ലഹരി വസ്തുക്കള്‍ എത്തുന്നുണ്ട്. തടവറക്കുള്ളിലും ജയില്‍ വളപ്പിലും ഇവ രഹസ്യമായി ഒളിപ്പിച്ചു വക്കുകയാണ് പതിവ്.

ശ്വാനസേന പ്രവര്‍ത്തനം ജയിലിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കുറ്റമറ്റതാക്കുന്നതിനും നിരോധിത വസ്തുക്കള്‍ ജയിലിലെത്തുന്നത് തടയുന്നതിനും സഹായിക്കുമെന്നാണ് കരുതുന്നത്.
കോഴിക്കോട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് നായ്ക്കളെ എത്തിച്ചിരിക്കുന്നത്. ഒമ്പതു മാസത്തെ പരിശീലനം നല്‍കിയ ശേഷമായിരിക്കും ഇവയെ ജയിലിലെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുക. മൈക്രോ ചിപ്പും ഘടിപ്പിക്കും.

മികച്ച സൗകര്യങ്ങളുള്ള അടച്ചുറപ്പുള്ള ക്വാര്‍ട്ടേഴ്‌സാണ് ശ്വാനസേനയ്ക്ക് താമസിക്കാന്‍ ഒരുക്കിയിരിക്കുന്നത്. ടൈല്‍ വിരിച്ച മുറികളില്‍ കൊതുകുവല, ഫാന്‍, പാട്ടുകേള്‍ക്കാനുള്ള സംവിധാനം തുടങ്ങിയവ ഒരുക്കിയിരിക്കുന്നു. രണ്ടു ജീവനക്കാരെ വീതം ഓരോ ശ്വാനസേനാംഗത്തിന്റെയും മേല്‍നോട്ടത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ട്.
ജയില്‍ വകുപ്പ് മേധാവി ലോകനാഥ് ബഹ്‌റ ഉദ്ഘാടനം ചെയ്തു. ജയില്‍ ഡിഐജി കെ. രാധാകൃഷ്ണന്‍, സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി. സൈമണ്‍, റൂറല്‍ എസ്പി കാര്‍ത്തിക്, എറണാകുളം ജയില്‍ സൂപ്രണ്ട് കെ. അനില്‍ കുമാര്‍, വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് ഇന്‍ചാര്‍ജ് ടി. ബാബുരാജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സംസ്ഥാനത്തെ എല്ലാ സെന്‍ട്രല്‍ ജയിലുകളിലും ഇത്തരം പ്രിസന്‍ ഡോഗ് സ്‌ക്വാഡുകളും ബ്രീഡിംഗ് സെന്ററും ജയില്‍വകുപ്പ് പദ്ധതിയുണ്ട്. തടവുകാര്‍ ജാഗ്രതൈ ,

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.