നിക്ഷേപമായി സ്വീകരിച്ച തുക മടക്കി നല്‍കിയില്ല;  റബ്‌കോ ആസ്ഥാനവും ഓഡിറ്റോറിയവും ലേലം ചെയ്യാന്‍ കോടതി ഉത്തരവ്

Monday 16 November 2015 8:58 pm IST

കണ്ണൂര്‍: നിക്ഷേപമായി സ്വീകരിച്ച തുക തിരിച്ചു നല്‍കിയില്ല. സിപിഎം നിയന്ത്രണത്തിലുള്ള റബ്‌കോ ആസ്ഥാനവും ഓഡിറ്റോറിയവും കോടതി ഉത്തരവ് പ്രകാരം ലേലം ചെയ്യുന്നു. എല്‍ഡിഎഫ് ഭരിക്കുന്ന മഞ്ചേശ്വരം സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നിന്നും 2008 ല്‍ റബ്‌കോ നിക്ഷേപമായി സ്വീകരിച്ച 20 ലക്ഷം രൂപ ബാങ്കിന് തിരിച്ചു നല്‍കാത്തതിനെ തുടര്‍ന്ന് ബാങ്ക് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് റബ്‌കോ ആസ്ഥാനവും ഓഡിറ്റോറിയവും ഉള്‍പ്പെടുന്ന കെട്ടിടവും സ്ഥലവും ലേലം ചെയ്യാന്‍ സബ് കോടതി ഉത്തരവായിരിക്കുന്നത്. 20 ലക്ഷം രൂപയും അതിന്റെ 10 ശതമാനം പലിശയും നല്‍കാന്‍ കോടതി വിധിച്ചിരുന്നു. വിധി നടപ്പാക്കുന്നതിനു വേണ്ടി മഞ്ചേശ്വരം ബാങ്ക് സെക്രട്ടറി രാമചന്ദ്ര കണ്ണൂര്‍ സബ് കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ 33 ലക്ഷത്തി 83,000 രൂപ നല്‍കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. പണവും പലിശയും തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് കണ്ണൂരിലുള്ള റബ്‌കോ ആസ്ഥാനവും ഓഡിറ്റോറിയവും ഉള്‍പ്പെടുന്ന 25 സെന്റ് സ്ഥലം കോടതി നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ വില്ലേജ് ഓഫീസര്‍ അളന്ന് തിട്ടപ്പെടുത്തുകയും റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ആസ്ഥാനമന്ദിരവും ഓഡിറ്റോറിയവും ഉള്‍പ്പെടുന്ന സ്ഥലം 40 ലക്ഷം രൂപക്ക് ലേലം ചെയ്യാന്‍ കോടതി ഉത്തരവായത്. നവംബര്‍ 24 ന് ഉച്ചക്ക് 1.45 ന് കണ്ണൂര്‍ സബ് കോടതി പരിസരത്തു വെച്ച് ലേലം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി റബ്‌കോ ഓഫീസിലും മറ്റും നോട്ടീസ് പതിച്ചിട്ടുണ്ട്. നേരത്തെ സംസ്ഥാനത്തെ പല ബാങ്കുകളില്‍ നിന്നായി റബ്‌കോ എടുത്തിട്ടുള്ള കടങ്ങളുടെ പേരില്‍ ജപ്തി നടപടികള്‍ക്ക് കോടതിയുത്തരവുകളുണ്ടായിരുന്നെങ്കിലും പലതും മേല്‍ക്കോടതികള്‍ സ്റ്റേ ചെയ്യുകയോ ബാങ്കുകള്‍ സ്വയം പിന്‍മാറുകയോ ആയിരുന്നു. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ കോഴിക്കോട് റീജണല്‍ ഓഫീസില്‍ നിന്ന് വായ്പയെടുത്ത 30 കോടി രൂപ ഇപ്പോഴും റബ്‌കോയുടെ പേരില്‍ കടമായി കിടക്കുകയാണ്. കൂടാതെ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പല ബാങ്കുകളില്‍ നിന്നും 300 കോടിയോളം രൂപ റബ്‌കോയുടെ പേരില്‍ വായ്പയുണ്ട്. വായ്പ നല്‍കിയ പല ബാങ്കുകളും സിപിഎം നിയന്ത്രണത്തിലുള്ളവയായതുകൊണ്ടുതന്നെ നിയമ നടപടികളൊന്നും തന്നെ സ്വീകരിക്കാറില്ല. സഹകരണ രജിസ്ട്രാറെ അറിയിക്കാതെയും ഓഡിറ്ററെ സ്വാധീനിച്ചും വായ്പാ കണക്കുകള്‍ ഭരണസമിതി കാലാകാലങ്ങളില്‍ മറച്ചുവെക്കുകയാണെന്ന് പറയപ്പെടുന്നു. സിപിഎം-സിപിഐ ഉള്‍പ്പെടെയുള്ള ഇടതുപക്ഷം ഭരണം നിയന്ത്രിക്കുന്ന ബാങ്കാണ് മഞ്ചേശ്വരം സര്‍വീസ് സഹകരണ ബാങ്ക്. ഭൂമി എവിടെയാണോ അതത് കോടതിയില്‍ മാത്രമേ കേസ് ഫയല്‍ ചെയ്യാന്‍ പറ്റൂ എന്നതുകൊണ്ടാണ് കാസര്‍കോടുള്ള ബാങ്ക് കണ്ണൂര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. പ്രമുഖ അഭിഭാഷകന്‍ അഡ്വ.കെ.വി.സുനിത്താണ് ബാങ്കിനു വേണ്ടി കോടതിയില്‍ ഹാജരായത്.,

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.