തൊടുപുഴ നഗരസഭ: യുഡിഎഫില്‍ ഭിന്നത ചെയര്‍പേഴ്‌സണ്‍ സ്ഥാനം വേണമെന്ന് ലീഗ്

Monday 16 November 2015 8:56 pm IST

തൊടുപുഴ:  തൊടുപുഴ നഗരസഭയില്‍ മേല്‍ക്കൈയുള്ള യുഡിഎഫില്‍ ഭിന്നത. ചെയര്‍പേഴ്‌സണ്‍ സ്ഥാനം ആവശ്യപ്പെട്ട് മുസ്ലിം ലീഗ് രംഗത്തെത്തിയതാണ് യുഡിഎഫിലെ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. 35 അംഗ കൗണ്‍സിലില്‍ ബിജെപി എട്ട്, യുഡിഎഫ്-14, എല്‍ഡിഎഫ്-13 എന്നിങ്ങനെയാണ് കക്ഷി നില. കൂടുതല്‍ അംഗങ്ങളുള്ള യുഡിഎഫ് ഭരണം പിടിക്കാനുള്ള കരുനീക്കമാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് കമ്മറ്റിയില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം ലീഗ് ആവശ്യപ്പെട്ടു. ആദ്യ രണ്ട് വര്‍ഷം ലീഗിന് ചെയര്‍പേഴ്‌സണ്‍ സ്ഥാനം വേണം എന്ന നിലയ്ക്കാണ് ലീഗ് കാര്യങ്ങള്‍ അവതരിപ്പിച്ചത്. വടക്കുംമുറിയില്‍ നിന്നും വിജയിച്ച സഫിയ ജബ്ബാറിനെ ചെയര്‍പേഴ്‌സണാക്കാനാണ് ലീഗ് ശ്രമിക്കുന്നത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ എത്രനാള്‍ ഭരണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്ന് ഒരു കക്ഷിക്കും ഉറപ്പില്ല. യുഡിഎഫില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ലീഗാണ്. എന്നാല്‍ ലീഗിന്റെ ആവശ്യം കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ചര്‍ച്ചകള്‍ക്കൊടുവില്‍ ലീഗിന് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കിയാല്‍  കോണ്‍ഗ്രസിലെ സുധാകരനെ വൈസ് ചെയര്‍മാനാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ തീരുമാനിക്കേണ്ട സമീപനത്തെക്കുറിച്ച് ഇന്ന് വൈകിട്ട് നടക്കുന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനം കൈക്കൊള്ളുമെന്ന് നിയോജകമണ്ഡലം കമ്മറ്റി പ്രസിഡന്റ് കെ.എസ് അജി അറിയിച്ചു. നിലവില്‍ ഏത് കക്ഷി നഗരസഭയുടെ ഭരണം കയ്യാളിയാലും തൊടുപുഴ നഗരസഭയുടെ ഭരണം അനിശ്ചിതത്വത്തിലായിരിക്കുമെന്നുറപ്പാണ്. പുതിയ പദ്ധതി എന്തെങ്കിലും കൊണ്ടുവന്നാല്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ ഒരു കക്ഷിക്കും ശക്തമായ ചുവടുകളുമായി മുന്നോട്ടുപോകാനാവില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.