ഇലന്തൂര്‍ പടേനിക്കളരിയില്‍ ഇന്ന് വിളക്ക് തെളിയും

Monday 16 November 2015 9:02 pm IST

ഇലന്തൂര്‍: മദ്ധ്യതിരുവിതാംകൂറിലെ പടേനിഗ്രാമങ്ങളില്‍ പ്രസിദ്ധമായ ഇലന്തൂര്‍ പടേനി കളരിയില്‍ ഇന്ന് വിളക്ക് തെളിയും. ശ്രീ ദേവി പടേനി സംഘം ആശാന്‍ എ.കെ. ശശിധരന്‍ ഇന്ന് വൈകിട്ട് 8.00 മണിക്ക് വിളക്ക് തെളിയിക്കും. ഇതോടെ മൂന്നുമാസം നീണ്ടു നില്‍ക്കുന്ന പരിശീലനക്കളരിക്ക് തുടക്കം കുറിയ്ക്കും. പടേനിപ്പാട്ടിന്റെയും മരതപ്പിന്റെയും കൈമണിയുടേയും താളത്തില്‍ ദിവസേന ചിട്ടയായി നടക്കുന്ന കളരിയില്‍ നൂറ്റമ്പതില്‍പരം കലാകാരന്മാര്‍ പങ്കെടുക്കും. ഇലന്തൂരിന്റെ വിവിധ കരകളില്‍ നിന്നും ഇലന്തൂരിന് പുറത്ത് നിന്നും ഉള്ള കലാകാരന്മാര്‍ പങ്കെടുക്കുന്ന കളരിയില്‍ പടേനി തുള്ളല്‍, പടേനി പാട്ട്, തപ്പ് മേളം, കോലമെഴുത്ത് എന്നിവയ്ക്ക് പ്രത്യേകം പരിശീലനം നല്‍കുന്നു. 2016 ഫെബ്രുവരി 14 ന് നടക്കുന്ന ചൂട്ട് വെയ്‌പ്പോടെ പടേനി ഉത്സവ ചടങ്ങുകള്‍ആരംഭിക്കും. ഒന്നാം ഉത്സവമായ ഫെബ്രുവരി 17 ന് തപ്പ് കാച്ചി കൊട്ടുന്നതോടെ കോലങ്ങളുടെ വരവാകും. 24 ന് വലിയ പടേനി ദിവസം പഞ്ചകോലങ്ങളായ പിശാച്, മറുത, സുന്ദരയക്ഷി, കാലന്‍, ഭൈരവി എന്നിവയെ കൂടാതെ ശിവകോലം, രുദ്രമറുത, അരക്കിയക്ഷി, അന്തരയക്ഷി, മായയക്ഷി, എരിനാഗയക്ഷി, പക്ഷികോലം, മാടന്‍, കാഞ്ഞിരമാല തുടങ്ങിയകോലങ്ങള്‍ കളത്തില്‍ തുള്ളിയൊഴിയും. മംഗളഭൈരവിയോടെ തുള്ളിയൊഴിയുന്ന വലിയപേടയനി ദിവസം വിനോദങ്ങളായ അമ്മൂമ്മ, കാക്കരശ്ശി, ശര്‍ക്കരകുടം തുടങ്ങിയവ കളത്തിലെത്തും. 2023 വരെയുള്ള വലിയപടേനി കരവാസികള്‍ ബുക്ക് ചെയ്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.