ശബരിമല അയ്യപ്പസേവാസമാജം സേവാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Monday 16 November 2015 9:17 pm IST

ശബരിമല അയ്യപ്പ സേവാസമാജത്തിന്റെ സേവാ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കൂനങ്കര ശബരീശരണാശ്രമത്തില്‍ തമിഴ് ചലച്ചിത്ര സംവിധായകന്‍ കസ്തൂരിരാജ നിര്‍വ്വഹിക്കുന്നു. ജില്ലാ പഞ്ചായത്ത് അംഗം പി.വി.വര്‍ഗ്ഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരിജാ മധു, ഗ്രാമപഞ്ചായത്ത് അംഗം സി.ആര്‍. മോഹനന്‍, കുമ്മനം രാജശേഖരന്‍ എന്നിവര്‍ സമീപം

പത്തനംതിട്ട: ശബരിമല അയ്യപ്പസേവാസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള സേവന പ്രവര്‍ത്തനങ്ങള്‍ക്കും അന്നദാനത്തിനും തുടക്കംകുറിച്ചു. പെരുനാട് കൂനംകര ശബരീ ശരണാശ്രമത്തില്‍ നടന്ന ഭക്തസമ്മേളനത്തില്‍ തമിഴ്‌സിനിമാ സംവിധായകനും നടന്‍ ധനുഷിന്റെ പിതാവുമായ കസ്തൂരി രാജ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ശബരിമല മേല്‍ശാന്തി എസ്.ഇ. ശങ്കരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി ഇ.എസ്. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ അയ്യപ്പന്മാര്‍ക്ക് അന്നം വിളമ്പി.

മനുഷ്യന്‍ സ്വന്തം പ്രഭാവത്താല്‍ ഒന്നും നേടുന്നില്ല. നേടുന്നതെല്ലാം ഈശ്വരന്റെ കാരുണ്യവും അനുഗ്രഹവുമാണെന്ന് തമിഴ് സിനിമാ സംവിധായകന്‍ കസ്തൂരിരാജ പറഞ്ഞു. ശബരിമല അയ്യപ്പസേവാസമാജത്തിന്റെ ഇക്കൊല്ലത്തെ സേവന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യന് സമാധാനവും ആനന്ദവും ലഭിക്കാന്‍ ഈശ്വര സന്നിധിയിലെത്തണം. അവിടെനിന്നും ലഭിക്കുന്നത് മാത്രമാണ് ശാശ്വതമായിട്ടുള്ളത്. ഗ്രാമങ്ങളും ഗ്രാമീണരുമാണ് സംസ്‌ക്കാരം കെട്ടിപ്പടുത്തത്. ഈശ്വര സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹീതമായ ഗ്രാമസൗന്ദര്യം നിലനില്‍ക്കണം. അതിനാലാണ് ഗ്രാമീണരെ കേന്ദ്രീകരിച്ച് സിനിമയെടുക്കാന്‍ ശ്രമിക്കുന്നത്. ഗ്രാമീണരുടെ ഇടയില്‍ അയ്യപ്പന്റെ സ്വാധീനം ശക്തമാണെന്നും കസ്തൂരിരാജ പറഞ്ഞു.

അന്നദാനം ഈശ്വരീയമായ ആരാധനയാണെന്ന് ശബരിമല അയ്യപ്പസേവാസമാജം ദേശീയ വൈസ് പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിശപ്പിന് മതവും രാഷ്ട്രീയവും ഭാഷയും വേഷവുമില്ല. വിശന്നുവരുന്നവന് ആഹാരമാണ് ആവശ്യം അത് നല്‍കുന്നതില്‍ കവിഞ്ഞ പുണ്യവും ഇല്ല. അന്നദാനത്തിലൂടെ പകര്‍ന്നുകൊടുക്കുന്നത് ഈ സംസ്‌ക്കാരമാണെന്നും അദ്ദേഹം പറഞ്ഞു.2008 ല്‍ ആരംഭിച്ച സേവാ പ്രവര്‍ത്തനങ്ങളില്‍ കൂനംകരയില്‍ മാത്രം പത്ത്‌ലക്ഷത്തോളം ഭക്തര്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കിയതായും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ത്രിതല പഞ്ചായത്തംഗങ്ങളായ ബീനസജി, പി.വി.വറുഗീസ്, സി.എന്‍.മോഹനന്‍, ഗിരിജാമധുസേവാസമാജം ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ്, കരിങ്കുന്നം രാമചന്ദ്രന്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യോഗത്തില്‍ അയ്യപ്പ സേവാസമാജം ട്രഷറാര്‍ വി.പി.മന്മഥന്‍നായര്‍ അദ്ധ്യക്ഷതവഹിച്ചു.

ശബരിമല അയ്യപ്പസേവാസമാജം സംഘടനാ സെക്രട്ടറി വി.കെ.വിശ്വനാഥന്‍ സ്വാഗതവും, സംസ്ഥാന സെക്രട്ടറി താഴൂര്‍ ജയന്‍ നന്ദിയും പറഞ്ഞു. ഭവനം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്തുകളും , വൃക്ഷത്തൈകളും വിതരണം ചെയ്തു. ദേവസ്വം ബോര്‍ഡ് മെമ്പര്‍ അജയ് തറയില്‍ അന്നദാനം കേന്ദ്രം സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.