കെഎസ്ആര്‍ടിസി ഒരുക്കങ്ങള്‍ കോട്ടയം ഡിപ്പോയില്‍ മാത്രം

Monday 16 November 2015 10:12 pm IST

സ്വന്തം ലേഖകന്‍ കോട്ടയം: ശരണമന്ത്രങ്ങള്‍ ഉയര്‍ന്നു; ഇനി വ്രതശുദ്ധിയുടെ 41 ദിനരാത്രങ്ങള്‍. ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ക്കായുള്ള യാത്രാസൗകര്യങ്ങള്‍ നാമമാത്രം. ഗതാഗതവകുപ്പ് മന്ത്രിയുടെ ജില്ലയായിട്ടുകൂടി കെഎസ്ആര്‍ടിസിയുടെ ഒരുക്കങ്ങള്‍ കോട്ടയം ഡിപ്പോയില്‍ മാത്രം. ദിവസേന ആയിരക്കണക്കിന് ഭക്തര്‍ എത്തുന്ന വൈക്കം, പാലാ ഡിപ്പോകളില്‍ യാതൊരു തയ്യാറെടുപ്പുമില്ല. കോട്ടയം ഡിപ്പോയില്‍ നിന്നും റയില്‍വേ സ്‌റ്റേഷനില്‍ നിന്നും എരുമേലി, പമ്പ സര്‍വ്വീസുകള്‍ക്കായി ഇപ്പോള്‍ 25 ബസുകള്‍ എത്തിയിട്ടുണ്ട്. 30 ബസുകള്‍കൂടി അടുത്ത ദിവസങ്ങളിലായി എത്തുമെന്ന് അധികൃതര്‍ പറയുന്നു. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും റയില്‍വേ സ്റ്റേഷനില്‍ നിന്നും ഭക്തര്‍ എത്തുന്നതനുസരിച്ച് സര്‍വ്വീസ് നടത്തുന്നതിനാണ് തീരുമാനം. കോട്ടയം ഡിപ്പോയില്‍ നിന്നുള്ള സര്‍വ്വീസുകളെ ബാധിക്കാതെയാണ് ശബരിമല ഷെഡ്യൂളുകള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് ഡിപ്പോ അധികൃതര്‍ അറിയിച്ചു. ഇന്നലെ മാത്രം പതിമൂന്നിലധികം ബസുകള്‍ പമ്പാസര്‍വ്വീസ് നടത്തിയിട്ടുണ്ട്. അതേ സമയം വൈക്കം ഡിപ്പോയില്‍ യാതൊരു തയ്യാറെടുപ്പുകളും ആയിട്ടില്ല. പതിവുള്ള ഒരു പമ്പ സര്‍വ്വീസ് മാത്രമേ ഇപ്പോഴുള്ളൂ. തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, കേരളത്തിലെ വടക്കന്‍ ജില്ലകള്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് വൈക്കം. പ്രസിദ്ധമായ വൈക്കത്തഷ്ടമിക്ക് 22ന് കൊടിയേറുന്നതോടെ ഭക്തജനത്തിരക്ക് അനിയന്ത്രിതമാകും. ഇതോടെ ക്ഷേത്രത്തിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് വിരിവയ്ക്കുന്നതിനും പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും സൗകര്യങ്ങളില്ല. മാളികപ്പുറങ്ങളുടെ കാര്യമാണ് ഏറെ കഷ്ടം. ഡിസംബര്‍ 3നാണ് അഷ്ടമിദര്‍ശനം. മുന്‍വര്‍ഷങ്ങളില്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ നിന്നും പമ്പാസര്‍വ്വീസ് നടത്തിയിരുന്നു. പമ്പയ്ക്കുള്ള പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ആയിട്ടില്ല. ശബരിമല ദര്‍ശനത്തിനെത്തുന്ന മുപ്പത്തിയഞ്ച് ശതമാനത്തോളം തീര്‍ത്ഥാടകര്‍ പാലാവഴിയാണ.് എന്നാല്‍ കഴിഞ്ഞ 2 വര്‍ഷമായി പാലാ ഡിപ്പോയില്‍ നിന്നും ഒരു കെഎസ്ആര്‍ടിസി പോലും പമ്പാ സര്‍വ്വീസ് നടത്തുന്നില്ല. പമ്പാ സര്‍വ്വീസിന് പാലായില്‍ നിന്നും ആളിലെന്നാണ് കെഎസ്ആര്‍ടിസി അധികൃതരുടെ വാദം. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇക്കാര്യത്തില്‍ നിരുത്തരവാദപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് തീര്‍ത്ഥാടകരും ഹിന്ദുസംഘടനാ നേതാക്കളും അഭിപ്രായപ്പെടുന്നു. തന്റെ മണ്ഡലത്തില്‍ വലിയകാര്യങ്ങള്‍ ചെയ്യുന്നു എന്ന് വരുത്തി തീര്‍ത്ത് മറ്റുസ്ഥലങ്ങളില്‍ ഭക്തജനങ്ങളെ വലക്കുകയാണെന്ന് ഇവര്‍ പരാതിപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.