കാലാവസ്ഥാ ഉച്ചകോടി പാരീസില്‍ നടക്കുമ്പോള്‍

Monday 16 November 2015 10:35 pm IST

ഐക്യരാഷ്ട്ര സംഘടനയുടെ 'കാലാവസ്ഥാ വ്യതിയാന കോണ്‍ഫ്രന്‍സ് 21' പാരീസിലെ ലെബുര്‍ ഷെയില്‍ 2015 നവംബര്‍ 30 മുതല്‍ ഡിസംബര്‍ 11 വരെ നടക്കാനിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന് കാരണഭൂതമായ ഹരിതവാതക നിര്‍ഗമനം കുറച്ചുകൊണ്ടുവരുന്നതിന് 1997 ല്‍ ജപ്പാനിലെ ക്യോട്ടോവില്‍ വച്ച് നടന്ന കോണ്‍ഫ്രന്‍സിന്റെ തുടര്‍ച്ചയായ 11-ാമത്തെ ഉച്ചകോടിയാണിത്. ക്യോട്ടോ പ്രോട്ടോകോളിന്റെ പൂര്‍ത്തീകരണത്തിനായാണ് ഉച്ചകോടി നടക്കുന്നത്. രാജ്യങ്ങള്‍ക്ക് നിയമപരമായ ബാധ്യതയുള്ള കരാര്‍ നടപ്പാക്കിയത് വിലയിരുത്തുകയാണ് പാരീസ് കോണ്‍ഫ്രന്‍സിന്റെ ലക്ഷ്യം. 196 രാജ്യങ്ങളുടെ സാന്നിദ്ധ്യമാണ് ഉച്ചകോടിയില്‍ പ്രതീക്ഷിക്കുന്നത്. ആഗോളതാപനത്തിന് കാരണമായ ഹരിതവാതകങ്ങളുടെ പുറംതള്ളല്‍ നിയന്ത്രിച്ച് ശരാശരി ആഗോളതാപനില പൂര്‍വവ്യവസായ കാലഘട്ടത്തിനേക്കാള്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസിന്റെ കുറവുണ്ടാക്കുകയെന്ന കരാര്‍വ്യവസ്ഥകള്‍ അംഗരാജ്യങ്ങള്‍ എത്രത്തോളം നടപ്പാക്കിയെന്നതും അതിനായി ലോകരാജ്യങ്ങള്‍ എടുത്ത നടപടികളും ഉച്ചകോടിയില്‍ ചര്‍ച്ചാ വിഷയമാകും. നാളിതുവരെ ക്യോട്ടോ പ്രോട്ടോകോളില്‍ ഒപ്പിട്ട രാജ്യങ്ങള്‍ തന്നെ ലംഘിച്ചിരിക്കുന്നതായിട്ടാണ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നത്. 2015 മാര്‍ച്ചിന് മുമ്പ് തന്നെ കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുവാന്‍ നടപടി സ്വീകരിക്കമെന്നതായിരുന്നു അംഗരാജ്യങ്ങളുടെ ഉറപ്പ്. എന്നാല്‍ ഉറപ്പ് പാലിക്കുന്നതില്‍ രാജ്യങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് പാരീസില്‍ നടക്കുന്ന ഉച്ചകോടി നിര്‍ണായകമായി തീരുന്നത്. 1992 ല്‍ റിയോ ഉച്ചകോടിയോടനുബന്ധിച്ചാണ് കാലാവസ്ഥാ വ്യതിയാന യുഎന്‍ കാലാവസ്ഥാ ഫ്രേംവര്‍ക്ക് (യുഎന്‍എഫ്‌സിസി) നിലവില്‍ വന്നത്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവ് അനിയന്ത്രിതമായി വര്‍ധിച്ച് വരുന്നതാണ് ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്നതെന്ന് തിരിച്ചറിഞ്ഞ 195 ലോക രാജ്യങ്ങള്‍ 1994 മാര്‍ച്ച് 21 നാണ് കാര്‍ബണ്‍ഡയോക്‌സൈഡ് കുറച്ചുകൊണ്ടുവരുന്നതിനുള്ള ആഗോള ഉടമ്പടിയില്‍ ഒപ്പുവയ്ക്കുന്നത്. കോണ്‍ഫ്രന്‍സ് ഓഫ് പാര്‍ട്ടീസിന്റെ ആദ്യയോഗം 1995 ല്‍ ബര്‍ലിനിലാണ് നടന്നത്. തുടര്‍ന്ന് ഇതിനെ സംബന്ധിച്ച് ചില നിര്‍ണായകമായ തീരുമാനങ്ങള്‍ മോണ്‍ഡ്രിയലിലും ദര്‍ബനിലും നടന്ന ലോക കോണ്‍ഫ്രന്‍സുകളില്‍ എടുക്കുകയുണ്ടായി. ഹരിതവാതകങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനായി രാജ്യങ്ങള്‍ കഴിഞ്ഞ 20 വര്‍ഷമായി പരിശ്രമിച്ചുകൊണ്ടിരിക്കയാണ്. ആഗോളതലത്തില്‍ ശരാശരി താപം രണ്ട് ഡിഗ്രി സെല്യഷ്യസ് കുറയ്ക്കുന്നതില്‍ ഈ കോണ്‍ഫ്രന്‍സുകള്‍ക്കൊന്നും സാധിച്ചില്ലെന്നത് ദ്വീപുരാജ്യങ്ങളിലും മഞ്ഞുമൂടിയ പര്‍വതങ്ങളിലും തീരദേശങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്കും ജീവിതം നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്ക് എത്തിനില്‍ക്കുന്നു. വനനാശവും രോഗങ്ങളുടെ പെരുകലും കാട്ടുതീയും വരള്‍ച്ചയും നിമിഷ പ്രളയവും വെള്ളപ്പൊക്കവുമെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ സന്തതികളായി ലോകജനതയെ വേട്ടയാടുന്ന അവസ്ഥയിലാണിന്ന്. കൊടുങ്കാറ്റും പേമാരിയും ചുഴലിക്കാറ്റും ജനങ്ങളെ വന്‍ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. വരള്‍ച്ച മൂലമുള്ള ഭക്ഷ്യസുരക്ഷാ പ്രശ്‌നങ്ങള്‍ കൊടിയ പട്ടിണിലേയ്ക്കാണ് പ്രത്യേകിച്ചും പാവപ്പെട്ട രാജ്യങ്ങളിലെ ജനങ്ങളെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. അതുകൊണ്ടാണ് പാരീസിലെ ബുര്‍ഷെയില്‍ നടക്കുന്ന കാലാവസ്ഥാ വ്യതിയാന ഉച്ചകോടി നിര്‍ണായകമാകുന്നത്. ഈ കോണ്‍ഫ്രന്‍സില്‍ 50000 പേരെങ്കിലും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഫ്രന്‍സ് ഓഫ് പാര്‍ട്ടീസിന്റെ (സിഒപി 20) ലിമയില്‍ നടന്ന 20-ാം കോണ്‍ഫ്രന്‍സില്‍ 15000 ഔദ്യോഗിക അംഗങ്ങളാണ് പങ്കെടുത്തത്. 2015 ലെ കോണ്‍ഫ്രന്‍സില്‍ കാലാവസ്ഥ വ്യതിയാന നിയന്ത്രണത്തിനായി പുതിയ ഉടമ്പടിയ്ക്കായി ലോകരാജ്യങ്ങള്‍ രൂപംനല്‍കും. കാര്‍ബണ്‍ഡൈയോക്‌സൈഡുപോലുള്ള ഹരിതവാതക ലഘൂകരണത്തിന് 2020 മുമ്പ് നടപ്പാക്കാനാകുന്ന ആക്ഷന്‍ പ്ലാന്‍, നിയമപരമായി നിലനില്‍പ്പുള്ള പുതിയ നിയമങ്ങള്‍, യുഎന്നിന്റെ പ്രത്യേക നടപടികള്‍, കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുവാനുള്ള സ്വകാര്യ പങ്കാളിത്തം, ദീര്‍ഘകാല പ്ലാന്‍, വനനശീകരണത്തിനെതിരെ നടപടികള്‍, ഭൂവിനിയോഗത്തിലെ നിയന്ത്രണങ്ങള്‍, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെടുത്തി സുസ്ഥിര വികസനനയം എന്നീ വിഷയങ്ങളിലെല്ലാം ചര്‍ച്ചകളും ഉടമ്പടികളും രൂപപ്പെടുകയും കൃത്യമായ അജണ്ടയോടെയുള്ള നടപ്പാക്കലും 2015 ലെ പാരീസ് ഉച്ചകോടി വേദിയാകുമെന്നാണ് ലോകജനത പ്രതീക്ഷിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം തടയുവാനായി രാജ്യങ്ങള്‍ അമിതമായി കാര്‍ബണ്‍ഡൈയോക്‌സൈഡ് പുറത്തുവിടുന്നത് തടയുവാന്‍ നാളിതുവരെ നടന്ന ഉച്ചകോടികളില്‍ മുകളില്‍നിന്നും നിര്‍ദ്ദേശം താഴോട്ടാണ് നല്‍കിയിരുന്നത്. എന്നാല്‍ 2015 ഡിസംബറില്‍ പാരീസില്‍ നടക്കുന്ന ഉച്ചകോടിയില്‍ രാജ്യങ്ങളോടാണ് അവര്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ പോകുന്നതെന്ന് അറിയിക്കുവാന്‍ ഐക്യരാഷ്ട്ര സംഘടന നിര്‍ദ്ദേശിച്ചിട്ടുള്ളത്. രാജ്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന നയപരവും ഫലപ്രദവുമായ നടപടികള്‍ കാര്യക്ഷമമായി നടപ്പാക്കുവാന്‍ വേണ്ട സഹകരണം ലോകരാജ്യങ്ങളില്‍നിന്നും ഉറപ്പാക്കുവാനുള്ള ബാധ്യത ഐക്യരാഷ്ട്ര സംഘടനയ്ക്കുണ്ട്. കൂടുതല്‍ കാര്‍ബണ്‍ എമിഷന്‍ നടത്തുന്ന രാജ്യങ്ങള്‍ കൂടുതല്‍ തുക കാലാവസ്ഥാ വ്യതിയാനം തടയുന്നതിന് ചെലവഴിക്കണം. ഫണ്ട് ഉപയോഗങ്ങളെല്ലാം സുതാര്യവും അഴിമതിരഹിതവുമാകണമെന്നു മാത്രം. പ്രസംഗിക്കുന്നതിനേക്കാള്‍ ഇക്കാര്യത്തില്‍ പ്രവൃത്തിക്കുന്നതിലാണ് പ്രശ്‌നപരിഹാരമിരിക്കുന്നത്. തങ്ങളുടെതല്ലാത്ത കുറ്റത്തിന് ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകേണ്ടിവരുന്ന ജനവിഭാഗത്തെ രക്ഷിക്കേണ്ട ഉത്തരവാദിത്തം ലോകജനത ഏറ്റെടുക്കണം. 2100 മുമ്പ് ആഗോളതലത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരില്‍ അഭയാര്‍ത്ഥികളാകേണ്ടിവരിക കോടിക്കണക്കിനാളുകള്‍ക്കാണ്. ഇതിന്റെ പ്രത്യാഘാതം വളരെ വലുതാണ്. ലോകജനത ഇത് തിരിച്ചറിഞ്ഞ് ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമായി. 2015 ലെ ഡിസംബറില്‍ നടക്കുന്ന കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്ക് പ്രാധാന്യം വര്‍ധിക്കുന്നത് അങ്ങനെയാണ്. കൂടുതല്‍ കൂടുതല്‍ മുതല്‍മുടക്കും സാമ്പത്തിക വളര്‍ച്ചയും ലാക്കാക്കി വ്യവസായിക മുന്നേറ്റം നടത്തുന്ന രാജ്യങ്ങള്‍ പുറത്തുവിടുന്ന ഹരിതവാതകങ്ങള്‍ ലോകജനതയുടെ നിലനില്‍പ്പിനെ ബാധിക്കുമെന്നത് വെറും സങ്കല്‍പ്പമല്ല യാഥാര്‍ത്ഥ്യമാണെന്ന തിരിച്ചറിവ് രാജ്യങ്ങല്‍ കാണിക്കണം. കാര്‍ബണ്‍ പുറത്തുതള്ളല്‍ നിഷ്പ്രഭമാക്കാന്‍ ഉതകുന്ന വനമേഖല അപ്പാടെ നശിപ്പിച്ച് ജൈവവൈവിധ്യവും ഇക്കോസിസ്റ്റങ്ങളും അപ്രത്യക്ഷമാക്കുന്ന നടപടികള്‍ക്ക് കടിഞ്ഞാണിടുന്നതിന് കാലാവസ്ഥാ ഉച്ചകോടിക്കാകണം. വാഹനപ്പെരുപ്പം മൂലം ഉടലെടുക്കുന്ന ഗതാഗതക്കുരുക്ക് വാഹനങ്ങളില്‍നിന്നും ഹരിതവാതക ബഹിര്‍ഗമനത്തിന് വഴിയൊരുക്കുകയാണ്. അതുകൊണ്ടുതന്നെ ഫോസില്‍ ഇന്ധനം ഉപയോഗിക്കുന്ന കാര്‍ കമ്പനികളെയും മറ്റ് സ്വകാര്യ വാഹന നിര്‍മാണത്തെയും പ്രോത്സാഹിപ്പിക്കുന്ന നയങ്ങളില്‍ മാറ്റം വരുത്തുവാന്‍ രാജ്യങ്ങള്‍ തയ്യാറാകണം. ഉച്ചകോടികളിലെ ചര്‍ച്ചകളില്‍ സജീവമാകുകയും കരാറുകളിലും ഉടമ്പടികളിലും ഒപ്പുവയ്ക്കുകയും ചെയ്ത് സ്വന്തം നാടുകളില്‍ തിരിച്ചെത്തി കരാര്‍ലംഘനം നടത്തുന്ന രാഷ്ട്രങ്ങളെയും രാഷ്ട്രീയ നേതാക്കളെയും തിരിച്ചറിയണം. നിലപാടുകള്‍ സത്യസന്ധമായിരിക്കണം. പാരീസിലെ ഉച്ചകോടിയില്‍ ഒപ്പിടാനിരിക്കുന്ന ഉടമ്പടിയുടെ ഫലപ്രാപ്തി 2020 നുള്ളില്‍ നടപ്പാക്കാന്‍ പറ്റുന്നതായിരിക്കണം. കൃത്യമായ റിസല്‍ട്ട് ഉണ്ടാകുന്ന നടപടികളാണ് നമുക്ക് വേണ്ടത്. രണ്ട് ഡിഗ്രി താപനില കുറയ്ക്കുവാന്‍ നടത്തുന്ന നടപടികള്‍ സുതാര്യമായിരിക്കണം. കാര്‍ബണ്‍ പുറംതള്ളല്‍ നിയന്ത്രിക്കുന്നതിനോടൊപ്പം തന്നെ ഹരിതവാതകം അന്തരീക്ഷത്തില്‍നിന്നും നിര്‍മാര്‍ജനം ചെയ്യുന്നതിനും നടപടി വേണം. മികവുറ്റ ഊര്‍ജ സ്രോതസ്സുകളുടെ സാധ്യതകളാണ് ഹരിതവാതക പുറന്തള്ളല്‍ കുറയ്ക്കുന്നതിനുള്ള ഒരു പോംവഴി. ആയതിനാല്‍ പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകളുടെ ഉപയോഗം കൂടുതല്‍ രംഗങ്ങളിലേക്ക് വ്യാപിപ്പിക്കുവാന്‍ രാജ്യങ്ങള്‍ ശ്രമം നടത്തണം. ഇതിനുള്ള ടെക്‌നോളജി പങ്കുവയ്ക്കുവാനും സഹകരണം ഉറപ്പുവരുത്തുവാനും യുഎന്‍ മുന്‍കയ്യെടുക്കണം. ഊര്‍ജക്ഷമത, പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകള്‍, വനസംരക്ഷണം എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കേ കാലാവസ്ഥാ വ്യതിയാന ദുരിതങ്ങള്‍ക്ക് പരിഹാരം കൊണ്ടുവരാനാകൂ. ആയതിനാല്‍ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ ഉടലെടുക്കുന്ന കരാറില്‍ ഈ പരിഹാര നിര്‍ദ്ദേശങ്ങള്‍ക്ക് ലോകരാജ്യങ്ങള്‍ പ്രാമുഖ്യം നല്‍കുകയും കരാര്‍ലംഘനം നടത്തുന്ന രാജ്യങ്ങള്‍ക്കെതിരെ നിയമപരമായ നടപടിയിലേക്ക് നയിക്കുന്ന നിബന്ധനകള്‍ ഉണ്ടായിരിക്കുകയും വേണം. ഇതിനായി അംഗരാജ്യങ്ങളുടെ ഭരണഘടനയില്‍ മാറ്റം വരുത്തണം. സ്വീകരിച്ച നടപടികളെക്കുറിച്ച് സമയാസമയങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുവാനുള്ള ബാധ്യതയും കടമയും രാജ്യങ്ങള്‍ക്കുണ്ടെന്ന് ഈ നിയമവ്യവസ്ഥകളില്‍ എഴുതിച്ചേര്‍ക്കുകയും ആഗോള ഉടമ്പടി കര്‍ശനമായി പാലിക്കുകയും വേണം. ലോകം കാലാവസ്ഥാ വ്യതിയാനം മൂലം പ്രതിസന്ധിയിലാണ്. ഓര്‍ക്കാപ്പുറത്തുണ്ടാകുന്ന പേമാരിയും കൊടുങ്കാറ്റുകളും വരള്‍ച്ചയും ഭൂമികുലുക്കവും ലോകജനതയെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കിയിരിക്കയാണ്. ഈ തലമുറയില്‍ തന്നെ പ്രശ്‌നങ്ങള്‍ ഇത്രയേറെ ഗുരുതരമാണെങ്കില്‍ അടുത്ത തലമുറയുടെ കാര്യം എന്താകും? അതിനാല്‍ ലോകരാജ്യങ്ങള്‍ പ്രശ്‌നത്തെ ലാഘവത്തോടെ കാണുന്നത് മാനവരാശിയോടുള്ള തികഞ്ഞ അവഗണനയാണ്. പാരീസില്‍ നടക്കുന്ന ഉച്ചകോടി പ്രതികരിക്കുവാനും പ്രവര്‍ത്തിക്കുവാനും നടപടികള്‍ ഊര്‍ജസ്വലമാക്കുന്നതിനുള്ള അവസരമാണ്, ലോകരാജ്യങ്ങള്‍ ഈ അവസരം ഫലപ്രദമായി ഉപയോഗിക്കണം. ഹരിതസമ്പദ്ഘടന, മാലിന്യരഹിതമായ ഊര്‍ജം എന്നതായിരിക്കട്ടെ രാജ്യങ്ങളുടെ നയങ്ങള്‍. കാലാവസ്ഥ വ്യതിയാന പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനുള്ള ലോകരാഷ്ട്രങ്ങളുടെ ഹരിതകാലാവസ്ഥാ ഫണ്ടിലേക്കുള്ള വിഹിതം തീരുമാനിക്കുമ്പോള്‍ ദരിദ്രരാജ്യങ്ങള്‍ക്ക് പരിഗണന നല്‍കണം. എന്നാല്‍ കൂടുതല്‍ വ്യവസായങ്ങളുള്ള രാജ്യക്കാരും വനനശീകരണം നടത്തിയ രാജ്യങ്ങളും, വാഹനങ്ങളുടെ എണ്ണം കണക്കിലെടുത്തും സുഖസൗകര്യങ്ങളുടെ തോതനുസരിച്ചും വിഹിതം നല്‍കണം. മറ്റു രാജ്യങ്ങള്‍ ദുരിതം വിതച്ച് സുഖജീവിതം നയിക്കുന്ന രാജ്യങ്ങളെ കൂടുതല്‍ ടാക്‌സ് ചെയ്യണം. സുസ്ഥിരമായ ഹരിതവികസനമാണ് കരാര്‍ വ്യവസ്ഥകളില്‍ ഒപ്പുവയ്ക്കുന്ന 196 രാജ്യങ്ങളും സ്വീകരിക്കേണ്ടത്. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുവാന്‍ രാജ്യങ്ങള്‍ തങ്ങളുടെ രാജ്യത്തെ നിയമവ്യവസ്ഥയില്‍ കാതലായ മാറ്റം വരുത്തണം. ഇക്കാര്യത്തില്‍ രാജ്യങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണ്. വികസനകാഴ്ചപ്പാടിലാണ് മാറ്റം വരുത്തേണ്ടത്. അതല്ലാതെ വികസനം തടയുകയല്ല വേണ്ടത്. ശാസ്ത്രീയ തത്വങ്ങള്‍ വികസനവിഷയങ്ങളില്‍ ഉള്‍ക്കൊള്ളിക്കണം. എല്ലാത്തരം വികസന കാര്യത്തിലും ശാസ്ത്രീയ സമീപനം വേണം. പ്രകൃതിയേയും ഫോസില്‍ ഇന്ധനങ്ങളെയും കൈകാര്യം ചെയ്യുമ്പോള്‍ സുസ്ഥിര വികസന കാഴ്ചപ്പാട് കൂടിയേ തീരൂ. കൂടുതല്‍ കാലം, കൂടുതല്‍ പേര്‍ക്ക് എന്നതാകട്ടെ ഹരിതവികസനത്തിന്റെ അടിസ്ഥാനം. ലോകരാഷ്ട്രങ്ങളുടെ ഉദാരമായ സമീപനം ഉണ്ടെങ്കില്‍ മാത്രമേ കാലാവസ്ഥാ വ്യതിയാന ഉച്ചകോടി വിജയിക്കുകയുള്ളൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.