കൊച്ചി കാന്‍സര്‍ സെന്റര്‍ ആരോഗ്യ വകുപ്പിന് മനുഷ്യാവകാശ കമ്മീഷന്റെ രൂക്ഷ വിമര്‍ശനം

Monday 16 November 2015 10:30 pm IST

കൊച്ചി: നിര്‍ദ്ദിഷ്ട കൊച്ചി കാന്‍സര്‍ സെന്റര്‍ അനിശ്ചിതത്വത്തിലാക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ വീണ്ടും മനുഷ്യാവകാശ കമ്മീഷന്റെ രൂക്ഷ വിമര്‍ശനം. കാന്‍സര്‍ സെന്റര്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ആരോഗ്യ വകുപ്പിന് താത്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയ കമ്മീഷന്‍ ചെയര്‍മാന്‍ ജെ. ബി. കോശി ജനുവരി ഒന്‍പതിന് എറണാകുളത്ത് നടക്കുന്ന സിറ്റിംഗില്‍ ചീഫ് സെക്രട്ടറിയോ പ്രതിനിധിയോ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തമ്മിലടി കാന്‍സര്‍ സെന്റര്‍ യാഥാര്‍ത്ഥ്യമാക്കുന്നത് പ്രതിസന്ധിയിലാക്കിയെന്നാരോപിച്ച് ജസ്റ്റിസ് കൃഷ്ണയ്യര്‍ മൂവ്‌മെന്റ് പ്രവര്‍ത്തകരാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. സ്‌പെഷ്യല്‍ ഓഫീസറും ആരോഗ്യ വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള ശീതസമരമാണ് പ്രതിസന്ധിക്ക് കാരണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ ചുമതലകള്‍ എന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് സ്‌പെഷ്യല്‍ ഓഫീസറായി നിയമിതയായ ആശ തോമസ് കമ്മീഷന് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. ഇതേ തുടര്‍ന്ന് സ്‌പെഷ്യല്‍ ഓഫീസറുടെ ഉത്തരവാദിത്വങ്ങളും ചുമതലകളും വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് നോട്ടീസ് അയയ്ക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. സ്‌പെഷ്യല്‍ ഓഫീസര്‍ തസ്തികയുടെ പൊതു, സാങ്കേതിക അധികാരങ്ങള്‍ വ്യക്തമാക്കണം. ഇതു കൂടാതെ എക്‌സൈസ് വകുപ്പ് പത്തുകോടി രൂപ കാന്‍സര്‍ സെന്ററിന് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അത് ഏത് അക്കൗണ്ടില്‍പ്പെടുത്തണമെന്നും വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തിലും വ്യക്തത സമര്‍പ്പിക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. നേരത്തെയും സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥക്കെതിരെ കമ്മീഷന്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ആവശ്യമായ സൗകര്യമൊരുക്കി ഒ.പി. പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടിരുന്നെങ്കിലും സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. 28 കേസുകളാണു ഇന്നലെ പരിഗണിച്ചത്. 16 കേസുകള്‍ പുതിയതായി ലഭിച്ചു. 18 കേസുകള്‍ തീര്‍പ്പാക്കി. വൈപ്പിന്‍ മുനമ്പം റോഡിന്റെ അറ്റകുറ്റപ്പണിക്കായി രണ്ടരക്കോടി രൂപ എല്‍എന്‍ജി അനുവദിച്ചിട്ടുണ്ടെങ്കിലും റോഡ് പണി ആരംഭിക്കാത്ത നടപടിക്കെതിരേ സമര്‍പ്പിക്കപ്പെട്ട പരാതിയില്‍ പഞ്ചായത്തിനു നോട്ടീസ് അയയ്ക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.