പഞ്ചായത്ത് പ്രസിഡണ്ടിനെച്ചൊല്ലി കൂടാളിയിലെ സിപിഎമ്മില്‍ ഭിന്നത പൊട്ടിത്തെറിയിലേക്ക്

Tuesday 17 November 2015 12:11 pm IST

ചാലോട്: പഞ്ചായത്ത് പ്രസിഡണ്ടിനെച്ചൊല്ലി കൂടാളിയിലെ സിപിഎമ്മില്‍ ഭിന്നത പൊട്ടിത്തെറിയിലേക്ക്. പട്ടാന്നൂര്‍ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ നൂറുകണക്കിന് അംഗങ്ങള്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു. തെരഞ്ഞെടുപ്പില്‍ പട്ടാന്നൂര്‍ പ്രദേശത്തു നിന്നും ജയിച്ച സിപിഎം ഏരിയാ കമ്മിറ്റിയംഗം കെ.കെ.കുഞ്ഞിക്കണ്ണനെ പഞ്ചായത്ത് പ്രസിഡണ്ടാക്കാതെ കോളോളത്തു നിന്നും ജയിച്ച ഡിവൈഎഫ്‌ഐ നേതാവായ നൗഫലിനെ പ്രസിഡണ്ടാക്കാനുളള ഏരിയാ-ജില്ലാ കമ്മിറ്റികളുടെ തീരുമാനത്തിനെതിരേയാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും പാര്‍ട്ടിയുടെ പട്ടാന്നൂര്‍ നോര്‍ത്ത്, സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കിടയില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന ഘട്ടത്തില്‍ ആരംഭിച്ച തര്‍ക്കങ്ങളാണ് പാര്‍ട്ടിക്കുളളില്‍ ശക്തമായ വിഭാഗീയതയിലേക്ക് കാര്യങ്ങളെത്തിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ പട്ടാന്നൂര്‍ മേഖലയിലെ അറിയപ്പെടുന്ന നേതാവും ജീവിതം തന്നെ പാര്‍ട്ടിക്കുവേണ്ടി ഉഴിഞ്ഞുവെച്ച, പാര്‍ട്ടിക്കാര്‍ക്കിടയില്‍ എകെജിയെന്നറിയപ്പെടുന്ന കുഞ്ഞിക്കണ്ണന് പാര്‍ട്ടി നേതൃത്വം ആദ്യഘട്ടത്തില്‍ സീറ്റ് പോലും നിഷേധിച്ചിരുന്നു. ഒടുവില്‍ ഒരു വിഭാഗം പാര്‍ട്ടി അംഗങ്ങളുടേയും പ്രവര്‍ത്തകരുടേയും സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് സ്ഥാനാര്‍ത്ഥിത്വം നല്‍കുകയായിരുന്നു. ഇത്തരത്തില്‍ പാര്‍ട്ടിക്കുവേണ്ടി ത്യാഗങ്ങള്‍ സഹിച്ച നേതാവിനെ പ്രസിഡണ്ടാക്കിയില്ലെങ്കില്‍ പഞ്ചായത്തില്‍ പാര്‍ട്ടിയുണ്ടാകില്ലെന്നും ഭീഷണി മുഴക്കി യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നേതൃത്വത്തിനെതിരെ ഉറച്ച നിലപാടിലാണ്. വിഎസ് വിഭാഗത്തിന്റെ പ്രമുഖ വക്താവായി പാര്‍ട്ടിക്കുളളില്‍ അറിയപ്പെടുന്ന കുഞ്ഞിക്കണ്ണന്‍ ലോക്കല്‍ സെക്രട്ടറിയായിരിക്കെ കൊളപ്പയില്‍ നിര്‍മ്മിച്ച ഏകെജി സ്മാരക മന്ദിരം ഔദ്യോഗിക വിഭാഗത്തിന്റെ ഭാഗമായ ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം പോലും അവഗണിച്ച് അച്യുതാനന്ദനെ കൊണ്ടുവന്ന് ഉദ്ഘാടനം ചെയ്യിച്ചത് പാര്‍ട്ടിക്കുളളില്‍ ഏറെ വിവാദമായിരുന്നു. ഇതാണ് കുഞ്ഞിക്കണ്ണന് സീറ്റ് നിഷേധിക്കാന്‍ കാരണമായതെന്ന് ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഔദ്യോഗിക വിഭാഗത്തിന്റെ അനുഗ്രഹാശിസ്സുകളോടെ പ്രമുഖ മലയാള ദിനപത്രത്തില്‍ നൗഫലാണ് കൂടാളി പഞ്ചായത്തിലെ സിപിഎം പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെച്ചൊല്ലി പാര്‍ട്ടി സഖാക്കളുടെ പേരില്‍ ലഘുലേഖ പുറത്തിറങ്ങുകയും ഇത് പാര്‍ട്ടിക്കുളളില്‍ സജീവ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിനു ശേഷം നൗഫലിനെ പ്രസിഡണ്ടാക്കാന്‍ തീരുമാനിക്കുകയും ഇക്കാര്യം പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പരിധിയിലെ മൂന്ന് ലോക്കല്‍ കമ്മിറ്റികളുടെ സംയുക്തയോഗം കഴിഞ്ഞ ദിവസം ചേരുകയും ചെയ്തു. എന്നാല്‍ നൗഫലിനെ പ്രസിഡണ്ടാക്കാനുളള തീരുമാനത്തിനെതിരെ പട്ടാന്നൂര്‍ മേഖലയിലെ പാര്‍ട്ടി അംഗങ്ങള്‍ ബഹളം വെയ്ക്കുകയും ഒരു വിഭാഗം യോഗത്തില്‍ നിന്നിറങ്ങിപ്പോവുകയും യോഗം പിരിച്ചു വിടുകയുമായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച രാത്രി മണിക്കൂറുകളോളം പാര്‍ട്ടിയുടെ പട്ടാന്നൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ ഉപരോധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്നലെ വിളിച്ചുചേര്‍ത്ത പട്ടാന്നൂര്‍ ലോക്കലിലെ മുഴുവന്‍ പാര്‍ട്ടി മെമ്പര്‍മാരുടേയും യോഗത്തില്‍ പങ്കെടുക്കാനെത്തിയ ജില്ലാ സെക്രട്ടറി പി.ജയരാജന് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം കാരണം കൊളപ്പയില്‍ സ്ഥിതി ചെയ്യുന്ന പാര്‍ട്ടിയുടെ ലോക്കല്‍ കമ്മറ്റി ഓഫീസില്‍ പ്രവേശിക്കാന്‍ കഴിയാത്ത സാഹചര്യം പോലുമുണ്ടായി. ഏറെനേരം നായാട്ടുപാറയിലെ ബ്രാഞ്ച് കമ്മറ്റി ഓഫീസില്‍ ചെലവഴിച്ച ശേഷം പാര്‍ട്ടി അണികളുടെ അമര്‍ഷം നേതാക്കള്‍ ഇടപെട്ട് അല്‍പ്പം ഒതുക്കിയ ശേഷം ശക്തമായ സുരക്ഷയിലാണ് ജയരാജന്‍ കൊളപ്പയിലെത്തിയത്. അതേ സമയം സംഭവത്തില്‍ നൗഫലിന്റെ പക്ഷം ചേര്‍ന്നതിന്റെ പേരില്‍ ഡിവൈഎഫ്‌ഐ നേതാവും കൊളപ്പ സ്വദേശിയുമായ പാര്‍ട്ടി അംഗത്തിന് പ്രദേശത്തെ അണികള്‍ ഊരുവിലക്ക് കല്‍പ്പിച്ചിരിക്കുകയാണ്. കുഞ്ഞിക്കണ്ണനെ പ്രസിഡണ്ടാക്കാന്‍ തയ്യാറായില്ലെങ്കില്‍ പാര്‍ട്ടി അംഗത്വം രാജിവെയ്ക്കാനുളള ഒരുക്കത്തിലാണ് പട്ടാന്നൂര്‍ കൊളപ്പ മേഖലയിലെ നൂറുകണക്കിന് പാര്‍ട്ടി അംഗങ്ങള്‍. പ്രശ്‌നപരിഹാരം ജില്ലാ നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്. ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുളളവര്‍ പങ്കെടുത്ത യോഗം പോലും തടസ്സപ്പെടുകയും ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തെ വെല്ലുവിളിക്കുകയും ചെയ്തിട്ടും ഒരു നടപടിയുമെടുക്കാനാവാതെ ഉഴലുകയാണ് പാര്‍ട്ടി നേതൃത്വം. ഒഞ്ചിയം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പാര്‍ട്ടിക്കുണ്ടായ അവസ്ഥ കൂടാളി പഞ്ചായത്തിലും സംഭവിക്കുമെന്ന ആശങ്കയിലാണ് പ്രശ്‌നം പരിഹരിക്കാനാവാതെ ഉഴറുന്ന പാര്‍ട്ടി നേതൃത്വം,

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.