കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കുടുംബശ്രീ അംഗങ്ങളെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചെന്ന്

Monday 16 November 2015 11:22 pm IST

കിളിമാനൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകരായ എഡിഎസ് ചെയര്‍പേഴ്‌സണ്‍ അടക്കമുള്ള മൂന്ന് കുടുംബശ്രീ പ്രവര്‍ത്തകരെ പ്രദേശത്തെ സിപിഎം പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി. പുളിമാത്ത് പഞ്ചായത്തിലെ കാട്ടുമ്പുറം വാര്‍ഡിലെ എഡിഎസ് ചെയര്‍പേഴ്‌സണ്‍ ലീലാമണി, സിഡിഎസ് അംഗം എം. ബേബി, എഡിഎസ് അംഗം വത്സല എന്നിവരാണ് മര്‍ദ്ദനത്തിരയായത്. ശനിയാഴ്ച വൈകുന്നേരം 5.30 ഓടെ മുണ്ടോണിക്കരയില്‍ സുബൈദാ ബീവിയുടെ വീട്ടില്‍ നടന്ന കുടുംബശ്രീ യോഗം കഴിഞ്ഞ് മൂവരും ഓട്ടോറിക്ഷയില്‍ വീടുകളിലേക്ക് മുടങ്ങവേ, ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. ഓട്ടോ തടഞ്ഞുനിര്‍ത്തിയശേഷം തങ്ങളെ തെറി വിളിക്കുകയും അകാരണമായി മര്‍ദ്ദിക്കുകയുമായിരുന്നെന്ന് കിളിമാനൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വത്സലയുടെ കൈവശമുണ്ടായിരുന്ന കുടുംബശ്രീ പാസ്ബുക്ക്, കൈവശമുണ്ടായിരുന്ന 1000 രൂപ എന്നിവ തട്ടിപ്പറിക്കുകയും ചെയ്തുവത്രേ. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗങ്ങളായ മൂവരും പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ 12 വോട്ടുകള്‍ക്ക് സിപിഎം സ്ഥാനാര്‍ത്ഥി ഇവിടെ വിജയിച്ചിരുന്നു. സ്ത്രീകളായ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങളെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം കാട്ടുമ്പുറം ജംഗ്ഷനില്‍ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. പ്രവര്‍ത്തകര്‍ പരാതിയില്‍ നല്‍കിയിരുന്ന സിപിഎം പ്രവര്‍ത്തകരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗം ബ്ലോക്ക് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എ. ഷിഹാബുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പുളിമാത്ത് മണ്ഡലം പ്രസിഡന്റ് എ. അഹമ്മദ് കബീര്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ബ്ലോക് മെമ്പര്‍ ജി. ഹരികൃഷ്ണന്‍ നായര്‍, എന്‍. അപ്പുകുട്ടന്‍നായര്‍, സി. രുഗ്മിണി അമ്മ, എസ്. സുസ്മിത, ഷൈജു, വിപിന്‍, ബാലചന്ദ്രന്‍, രവീന്ദ്ര ഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.