മണ്ഡല-മകരവിളക്കിന് ശബരിമല നട തുറന്നു

Monday 16 November 2015 11:27 pm IST

ശബരിമല: തീര്‍ത്ഥാടനപാതകളില്‍ ശരണമന്ത്രമലരുകള്‍ വിരിയിച്ച്  ഒരു  തീര്‍ത്ഥാടനക്കാലംകൂടി ആരംഭിച്ചു. ഇനിയുള്ള 60 ദിനങ്ങള്‍ എല്ലാവഴികളും സന്നിധാനത്തേക്ക്. മണ്ഡല മകരവിളക്ക് ഉത്സവക്കാലത്തിനായി ശബരിമല നട ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ തുറന്നു. വൃശ്ചിക പുലരിയില്‍ ശബരിഗിരിനാഥനെ ദര്‍ശിക്കുവാനായി ദിവസങ്ങള്‍ക്ക് മുമ്പുതന്നെ അയ്യപ്പഭക്തര്‍ പമ്പയില്‍ വിരിവെച്ച് വിശ്രമിച്ചിരുന്നു. ഇന്നലെ വൈകിട്ട് നടതുറന്നതോടെ സന്നിധാനത്തേക്ക് ഭക്തസഹസ്രങ്ങളുടെ പ്രവാഹമായിരുന്നു. ഇന്നലെ വൈകിട്ട് 5 ന് മേല്‍ശാന്തി ഇ.എന്‍. കൃഷ്ണദാസ് നമ്പൂതിരി നടതുറന്ന് ശ്രീകോവിലില്‍ ദീപങ്ങള്‍ തെളിയിച്ചു. പതിനെട്ടാംപടിയിറങ്ങി ആഴി തെളിയിച്ച ശേഷം പുതിയ മേല്‍ശാന്തിമാരും സംഘവും പടിചവിട്ടി. ശേഷം ഭക്തജനങ്ങള്‍ക്ക് ദര്‍ശനം അനുവദിച്ചു. ആറുമണിയോടെ പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ ആരംഭിച്ചു. സന്നിധാനം മേല്‍ശാന്തിയായ  കോട്ടയം തിരുവഞ്ചൂര്‍ സൂര്യഗായത്രം കാരയ്ക്കാട്ടില്ലത്ത് എസ്.ഇ. ശങ്കരന്‍ നമ്പൂതിരിയെ സോപാനത്തെ പ്രത്യേക പീഠത്തിലിരുത്തി തന്ത്രി മഹേഷ് മോഹനര് കലശാഭിഷേകം നടത്തി. തുടര്‍ന്ന് ശ്രീകോവിലിലേക്ക് കൂട്ടിക്കൊണ്ടുപോയി പുതിയ മേല്‍ശാന്തിയ്ക്ക് അയ്യപ്പമൂലമന്ത്രം പകര്‍ന്നുനല്‍കി. മാളികപ്പുറം മേല്‍ശാന്തി തൃശൂര്‍ തലപള്ളി തെക്കുംക്കര ഇടയ്ക്കാനം ഇല്ലത്ത് ഇ.എസ്. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ സ്ഥാനാരോഹണം മാളികപ്പുറത്ത് നടന്നു. വൃശ്ചികപ്പുലരിയായ ഇന്ന് പുതിയമേല്‍ശാന്തിമാരാണ് നടതുറക്കുക. ഇന്ന് പുലര്‍ച്ചെ 4.10ന് തന്ത്രിയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന മഹാഗണപതിഹോമത്തോടെ തീര്‍ത്ഥാടനക്കാലത്തെ പൂജകള്‍ക്ക് തുടക്കമാകും. എല്ലാദിവസവും രാവിലെ 4.20 മുതല്‍ ഉച്ചയ്ക്ക് 11.30 വരെയാണ് നെയ്യഭിഷേകം നടക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.