കാഞ്ചനമാലയുടെ സ്വപ്നം സഫലമാവുന്നു ബി പി മൊയ്തീന്‍ സേവാമന്ദിര്‍ ശിലാസ്ഥാപനം നാളെ

Tuesday 17 November 2015 1:06 pm IST

കോഴിക്കോട്: മൊയ്തീന്റെയും തന്റെയും ജീവിതം പ്രമേയമാക്കിയെടുത്ത 'എന്ന് നിന്റെ മൊയ്തീന്‍' എന്ന സിനിമയോട് എതിര്‍പ്പില്ലെന്നും, സിനിമയുടെ അണിയറപ്രവര്‍ത്തകരുമായി അഭിപ്രായവ്യത്യാസമില്ലെന്നും കാഞ്ചനമാല എന്ന കാഞ്ചന കൊറ്റങ്ങല്‍. മുക്കം ബി പി മൊയ്തീന്‍ സേവാമന്ദിറിന്റെ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ രാവിലെ ഒമ്പതരയ്ക്ക് നടന്‍ ദിലീപ് നിര്‍വ്വഹിക്കുമെന്ന് കാഞ്ചന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 'എന്ന് നിന്റെ മൊയ്തീന്‍' എന്ന സിനിമ താനിത് വരെ കണ്ടിട്ടില്ല. സിനിമയ്ക്ക് വേണ്ടി പണം വാങ്ങിയിട്ടില്ല. ബി പി മൊയ്തീന്‍ സേവാമന്ദിറിന്റെ കെട്ടിടനിര്‍മ്മാണത്തിനായുള്ള സംഭാവനയെന്ന നിലയിലാണ് അഞ്ച് ലക്ഷം രൂപ സ്വീകരിച്ചത്. രമേശ് നാരായണന്‍ നല്‍കിയ ചെക്ക് സേവാമന്ദിറിന്റെ അക്കൗണ്ടിലേക്ക് ചേര്‍ത്ത് അവര്‍ക്ക് രശീതിയും നല്‍കിയിട്ടുണ്ട്. സിനിമയില്‍ കുടുംബത്തിനെതിരായ പരാമര്‍ശം ഒഴിവാക്കണമെന്ന് പറഞ്ഞാണ് നേരത്തെ കോടതിയില്‍ കേസ് നല്‍കിയിരുന്നത്. എന്നാല്‍ സിനിമ കണ്ട ബന്ധുക്കള്‍ ചിത്രത്തില്‍ അത്തരം ആരോപണങ്ങളില്ലെന്നറിയച്ചതോടെ കേസുമായി മുന്നോട്ട് പോയില്ല. സിനിമ പുറത്തിറങ്ങിയതിന് ശേഷം നായികയായി അഭിനയിച്ച നടി പാര്‍വതി മേനോന്‍ അല്ലാതെ മറ്റ് അണിയറശില്പികളാരും വിളിച്ചിട്ടില്ല. സിനിമ പുറത്തിറങ്ങിയതിന് ശേഷം സേവാമന്ദിറിലേക്കും വീട്ടിലേക്കും ആളുകളുടെ ഒഴുക്കാണ്. മൂന്ന് നിലകളുള്ള സേവാമന്ദിര്‍ കെട്ടിടത്തിന്റെ ആദ്യനില പൂര്‍ണ്ണമായും നിര്‍മിച്ച് നല്കാമെന്ന് നടന്‍ ദിലീപ് അറിയിക്കുകയായിരുന്നെന്നും കാഞ്ചന കൂട്ടിച്ചേര്‍ത്തു. സേവാമന്ദിറിന്റെ ശിലാസ്ഥാപനചടങ്ങില്‍ എം ഐ ഷാനവാസ് എം പി മുഖ്യപ്രഭാഷണം നടത്തും. 'ഓര്‍മ്മയിലെ മൊയ്തീന്‍' എന്ന സൊവനീറിന്റെ പ്രകാശനം സി മോയിന്‍കുട്ടി എം എല്‍ എ നിര്‍വഹിക്കും. സേവാമന്ദിര്‍ വെബ്‌സൈറ്റ് ലോഞ്ചിംഗ് കെ ടി ജലീല്‍ എം എല്‍ എയും ലോഗോ പ്രകാശനം മുന്‍ എം എല്‍ എ ജോര്‍ജ്ജ് എം തോമസും നിര്‍വഹിക്കും. സേവാമന്ദിര്‍ നടപ്പിലാക്കുന്ന അബലകള്‍ക്കുള്ള ഭവന നിര്‍മാണ പദ്ധതി ചേളാരി തണല്‍ ചെയര്‍മാന്‍ പി എം മുഹമ്മദലി ബാപ്പു ഉദ്ഘാടനം ചെയ്യും. ഡോ എം എന്‍ കാരശ്ശേരി, ഹമീദ് ചേന്ദമംഗല്ലൂര്‍, കെ അജിത, അഡ്വ. ആനന്ദകനകം തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെട്ടിടനിര്‍മ്മാണകമ്മിറ്റി ചെയര്‍മാന്‍ എന്‍ സുരേന്ദ്രനാഥ്, ജനറല്‍ കണ്‍വീനര്‍ കെ രവീന്ദ്രന്‍, എ സി നിസാര്‍ബാബു, സജി കള്ളിക്കാട്, രവീന്ദ്രന്‍ പനങ്കൂറ എന്നിവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.